Sorry, you need to enable JavaScript to visit this website.
Monday , August   08, 2022
Monday , August   08, 2022

മാഫിയാ സംഘങ്ങൾ അരങ്ങു വാഴുമ്പോൾ

പതിറ്റാണ്ടുകളായി പ്രവാസികളെ കള്ളക്കടത്തിന് ഉപയോഗിക്കുന്നത് സ്വർണക്കടത്തു സംഘങ്ങളുടെയും കുഴൽപണ സംഘങ്ങളുടെയും രീതിയാണ്. അതിന് പ്രതിഫലമായി പ്രവാസികൾക്ക് ലഭിക്കുന്നത് പണമോ നാട്ടിലേക്കുള്ള ടിക്കറ്റോ ഒക്കെയാകാം. കരിയറാകാൻ എല്ലാമറിഞ്ഞ് മുന്നോട്ടു വരുന്ന പ്രവാസികളുണ്ട്. ഇവർ ക്രിമിനൽ പശ്ചാത്തലമുള്ളവരായിരിക്കണമെന്നില്ല. പെട്ടെന്ന് പണം ലഭിക്കാനുള്ള എളുപ്പ വഴിയെന്ന നിലയിലാണ് നിയമവിരുദ്ധമായ ഈ ജോലി അവർ ഏറ്റെടുക്കുന്നത്. മാഫിയാ സംഘങ്ങളിൽ ഒരിക്കൽ കണ്ണികളായവർക്ക് പിന്നീട് അവരുടെ വലയിൽ നിന്ന് ഊരിപ്പോരാനാകില്ല.

സാധാരണക്കാരായ ജനങ്ങൾ നിയമത്തെയും പോലീസിനെയും ഭയന്ന് ജീവിക്കുന്ന നാട്ടിൽ തന്നെയാണ് കൊലപാതകങ്ങൾ വരെ നടത്താൻ പേടിയില്ലാത്ത മാഫിയാ സംഘങ്ങൾ സൈ്വരവിഹാരം നടത്തുന്നത് എന്നത് സമൂഹത്തിലെ വൈരുധ്യമാകാം. ഹെൽമറ്റ് ഇല്ലാത്തതിന്റെ പേരിൽ പോലീസ് പിടികൂടുമെന്നാകുമ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ഓടുന്നതിനിടയിൽ കിണറ്റിൽ വീണ് മരിക്കുകയും ചെയ്യുന്നത് നിയമം ഏതോ ഭീകര ജീവിയാണെന്ന ചിന്ത സാധാരണക്കാരും നിരപരാധികളുമായ ജനങ്ങളുടെ മനസ്സിൽ വേരുപിടിക്കുന്നതു കൊണ്ടാണ്. ഇതേ നിയമത്തെയും പോലീസിനെയും കാലങ്ങളോളം ബന്ധനത്തിലാക്കിയാണ് മാഫിയാ സംഘങ്ങൾ മാരകായുധങ്ങളുമായി നടക്കുന്നത്. ജിദ്ദയിലെ പ്രവാസിയെ നാട്ടിലെത്തുമ്പോൾ പിടികൂടി തടവിൽ പാർപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തുന്നതും മൈസൂരിലെ നാട്ടുവൈദ്യനെ പിടിച്ചു കൊണ്ടുവന്ന് നിലമ്പൂരിലെ വീട്ടിൽ ഒന്നര വർഷത്തോളം പൂട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിയുന്നതും നിയമത്തെ ലവലേശം ഭയമില്ലാത്ത സംഘങ്ങളാണ്. ഇവർക്ക് നിയമവും പോലീസുമെല്ലാം പുല്ലുവിലയാണ്.
പാലക്കാട് ജില്ലയിലെ അഗളി സ്വദേശിയായ പ്രവാസി യുവാവ് അബ്്ദുൽ ജലീൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കിടന്ന് മരിച്ച സംഭവം സമൂഹത്തെ ഞെട്ടിക്കുന്നതാണ്. ജിദ്ദയിൽ നിന്ന് നാട്ടിലെത്തി അഗളിയിലെ വീട്ടിലേക്ക് തിരിച്ച ജലീലിനെ ദിവസങ്ങളോളം കാണാനില്ലായിരുന്നു. തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് വരേണ്ടെന്നും ഒരു സുഹൃത്തിനൊപ്പം എത്തിക്കോളാമെന്നും ജലീൽ ഗൾഫിൽ നിന്ന് അറിയിച്ചപ്പോൾ വീട്ടുകാർക്ക് അസ്വാഭാവികതയൊന്നും തോന്നിയിട്ടില്ല. അവർ അഗളിയിൽ നിന്ന് പെരിന്തൽമണ്ണയിലെത്തി ജലീലിനെ കാത്തു നിന്നു. എന്നാൽ ജലീൽ എത്തിയില്ല. പകരം ഇന്റർനെറ്റിൽ നിന്നുള്ള ഏതാനും കാളുകളാണ് ഫോണിൽ ലഭിച്ചത്. അതാകട്ടെ, ദുരൂഹതകൾ നിറഞ്ഞതുമായിരുന്നു. നാലു ദിവസത്തിന് ശേഷം, ജലീലിന്റെ മരണ വാർത്തയാണ് വീട്ടുകാർക്ക് ലഭിച്ചത്. വഴിയരികിൽ അവശനിലയിൽ കണ്ട ജലീലിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജലീൽ മരിച്ചു കഴിഞ്ഞിരുന്നു.
നാട്ടിൽ വിമാനമിറങ്ങി, ആശുപത്രിയിൽ മരിക്കുന്നതു വരെയുള്ള നാലു ദിവസം ജലീൽ എവിടെയായിരുന്നെന്ന കാര്യം പുറത്തറിയുമ്പോഴാണ് സ്വർണക്കടത്ത് മാഫിയാ സംഘത്തിന്റെ ക്രൂരത മറനീക്കി പുറത്തു വരുന്നത്. സ്വർണക്കടത്തു സംഘത്തിൽ കരിയറായി പ്രവർത്തിച്ച ജലീലിനെ സംഘങ്ങൾ തമ്മിലുള്ള സംശയത്തിന്റെ പേരിൽ തട്ടിക്കൊണ്ടു പോയി മർദിച്ച് അവശനാക്കുകയായിരുന്നു. പെരിന്തൽമണ്ണയിലും പരിസരങ്ങളിലുമുള്ള വീടുകളിൽ രഹസ്യമായി താമസിപ്പിച്ച് കത്തിയും ഇരുമ്പു വടികളും കൊണ്ട് നിരന്തരം അടിക്കുകയും കുത്തുകയും ചെയ്ത ശേഷം മൃതപ്രായമായപ്പോൾ ആശുപത്രിയിൽ എത്തിച്ച് പ്രതി കടന്നു കളഞ്ഞു. വഴിയരികിൽ അവശ നിലയിൽ കിടക്കുകയായിരുന്നെന്ന് നുണയും പ്രചരിപ്പിച്ചു. ജലീലിന്റെ മരണ ശേഷമാണ് കൊടുംക്രൂരത പോലീസും നാട്ടുകാരും അറിയിരുന്നത്. കേസിൽ പ്രതികളായ എട്ടുപേരെ ഇതുവരെ പിടികൂടിയിട്ടുണ്ട്. അവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജലീലിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. 
ക്രൂരത മനസ്സിലൊളിപ്പിച്ചു നടക്കുന്ന സംഘമാണ് ജലീലിന്റെ കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞു കഴിഞ്ഞു. ദിവസങ്ങളോളം ഒരു മനുഷ്യനെ ക്രൂരമായ മർദനങ്ങൾക്ക് ഇരയാക്കുകയും ചോരയൊലിക്കുന്ന ശരീരം കണ്ട് സഹതാപം തോന്നാതിരിക്കുകയും ചെയ്യുന്ന മനോവൈകല്യമുള്ളവരാണ് ഇത്തരം സംഘങ്ങളിലുള്ളവർ. ജലീലിന്റെ ശരീരത്തിലെ മുറിവുകളിൽ മരുന്ന് പുരട്ടാൻ നഴ്‌സുമാരെ വരെ ഒളിത്താവളത്തിൽ ഇവർ എത്തിച്ചിരുന്നുവെന്ന വിവരവും പോലീസിൽ നിന്ന് പുറത്തു വന്നിരുന്നു. ജലീലിനെ തടവിലാക്കിയ വിവരം ഇത്തരത്തിൽ പലർക്കും അറിയാമായിരുന്നെങ്കിലും അക്കാര്യം പോലീസിൽ അറിയിക്കാൻ അവർ തയാറായില്ലെന്നോ, അതിനുള്ള ധൈര്യം അവർക്കുണ്ടായില്ല എന്നോ വേണം കരുതാൻ.
പ്രവാസിയായ ജലീൽ സ്വർണക്കടത്ത് സംഘത്തിന്റെ കരിയറായിരുന്നവെന്ന പോലീസിന്റെ വെളിപ്പെടുത്തൽ ഈ സംഭവത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. പ്രവാസികൾ കരിയർമാരാകുന്നുവെന്ന വിവരം പുതിയതല്ല. പതിറ്റാണ്ടുകളായി പ്രവാസികളെ കള്ളക്കടത്തിന് ഉപയോഗിക്കുന്നത് സ്വർണക്കടത്തു സംഘങ്ങളുടെയും കുഴൽപണ സംഘങ്ങളുടെയും രീതിയാണ്. അതിന് പ്രതിഫലമായി പ്രവാസികൾക്ക് ലഭിക്കുന്നത് പണമോ നാട്ടിലേക്കുള്ള ടിക്കറ്റോ ഒക്കെയാകാം. എന്നാൽ ഇത്തരം ചതികളിൽ സ്വയം അറിഞ്ഞ് ചാടരുതെന്ന് പ്രവാസികളെ സർക്കാർ ഏജൻസികളും മാധ്യമങ്ങളും പ്രവാസി സംഘടനകളും ബോധവൽക്കരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നാട്ടിലേക്ക് പോരുന്നവരുടെ കൈയിൽ, അവരെ തെറ്റിദ്ധരിപ്പിച്ച് സാധനങ്ങൾ കവറുകളിലാക്കി കൊടുത്തു വിടുന്ന രീതി ഏറെക്കാലമായി നില നിൽക്കുന്നുണ്ട്. അജ്ഞാതരിൽ നിന്ന് സാധനങ്ങൾ വാങ്ങി യാത്ര ചെയ്യരുതെന്ന് പ്രവാസികൾക്കിടയിൽ തന്നെയുള്ള സംഘടനകൾ നിരന്തരം പ്രചാരണം നടത്താറുണ്ട്. ഇതിന്റെ ഭാഗമായി സാധാരണക്കാരായ പ്രവാസികൾക്കിടയിൽ അവബോധം വർധിച്ചിരുന്നു. എന്നാൽ സ്വർണക്കടത്തു സംഘങ്ങൾക്ക് വേണ്ടി കരിയറാകാൻ എല്ലാമറിഞ്ഞ് മുന്നോട്ടു വരുന്ന പ്രവാസികളുണ്ട്. ഇവർ ക്രിമിനൽ പശ്ചാത്തലമുള്ളവരായിരിക്കണമെന്നില്ല. പെട്ടെന്ന് പണം ലഭിക്കാനുള്ള എളുപ്പ വഴിയെന്ന നിലയിലാണ് നിയമവിരുദ്ധമായ ഈ ജോലി അവർ ഏറ്റെടുക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാകാം ഇവരിലേറെ പേരും. എന്നാൽ പോലീസിന്റെ കൈകളിൽ അകപ്പെട്ടാൽ സ്വർണക്കടത്ത് സംഘങ്ങൾ രക്ഷക്കെത്തില്ലെന്നും താനും കുടുംബവും ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നുമുള്ള യാഥാർഥ്യം ഇവർ മുൻകൂട്ടി കാണാറില്ല. മാഫിയാ സംഘങ്ങളിൽ ഒരിക്കൽ കണ്ണികളായവർക്ക് പിന്നീട് അവരുടെ വലയിൽ നിന്ന് ഊരിപ്പോരാനാകില്ല. പുതിയ വാഗ്ദാനങ്ങൾ നൽകി സംഘങ്ങൾ അവരെ വീണ്ടും ഈ ജോലിക്ക് നിയോഗിച്ചു കൊണ്ടിരിക്കും. ശത്രു സംഘങ്ങളുടെ നിരീക്ഷണത്തിനും വഴിയെ അവർ ഇരകളാകും. താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി ജീവിതം തന്നെ ഹോമിക്കേണ്ടി വരുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് പ്രവാസികൾ വഴിതെറ്റിയെത്തരുതെന്ന വലിയ സന്ദേശം അബ്്ദുൽ ജലീലിന്റെ മരണം ഒരിക്കൽ കൂടി കാണിച്ചു തരുന്നുണ്ട്. 
മൂലക്കുരുവിനുള്ള മരുന്നിന്റെ രഹസ്യം തട്ടിയെടുക്കാൻ നാട്ടുവൈദ്യനെ മൈസൂരിൽ നിന്ന് തട്ടിക്കൊണ്ടു വന്ന് നിലമ്പൂരിൽ തടവിലാക്കി ഒടുവിൽ കൊലപ്പെടുത്തിയ പ്രവാസി വ്യവസായിയുടെ ക്രൂരത സമൂഹത്തെ ഞെട്ടിക്കുന്നതാണ്. മൈസൂരിൽ നാടൻ ചികിൽസ നടത്തിയിരുന്ന ഷാബ ഷെരീഫ് എന്ന അറുപതുകാരനെ തട്ടിക്കൊണ്ടു വന്നത് കേസിലെ മുഖ്യ പ്രതിയും പ്രവാസി വ്യവസായിയുമായ ഷെബിൻ അഷ്‌റഫ് ആണ്. ധനത്തോടുള്ള ആർത്തി മൂലം ഇയാൾ കൊലപ്പെടുത്തിയത് നിരുപദ്രവകാരിയായ ഒരു നാട്ടുവൈദ്യനെയാണ്. വയനാട് സ്വദേശിയായ ഷെബിൻ നിലമ്പൂർ മുക്കട്ടയിലെ തന്റെ വീട്ടിലേക്ക് ഷാബ ഷരീഫിനെ തട്ടിക്കൊണ്ടുവന്നത് ഒന്നര വർഷം മുമ്പാണ്. ഇക്കാലമത്രയും മരുന്നിന്റെ രഹസ്യം കിട്ടാൻ ഷെബിൻ ഇയാളെ ക്രൂരമായി മർദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെ, ഷാബ ഷെരീഫിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മൈസൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇയാളെ ഷെബിൻ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം തുണ്ടം തുണ്ടമാക്കി ചാലിയാർ പുഴയിൽ എറിഞ്ഞെന്നാണ് പിന്നീട് പുറത്തു വന്ന വിവരം. ഇക്കാര്യം പുറത്തു വന്നതാകാട്ടെ ഷെബിന്റെ കൂട്ടാളിയായ നവാസിൽ നിന്നായിരുന്നു. നവാസിനെതിരെ ഷെബിൻ പോലീസിൽ നൽകിയ പരാതിയാണ് ഇയാളുടെ തന്നെ കൊടുംക്രൂരതയുടെ വിവരങ്ങൾ പുറത്തു കൊണ്ടു വന്നത്. നവാസും കൂട്ടുകാരും ചേർന്ന് തന്റെ വീട്ടിൽ മോഷണം നടത്തിയെന്നായിരുന്നു ഷെബിന്റെ പരാതി. ഇതിനെ കുറിച്ചറിയാൻ നവാസിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷെബിൻ നടത്തിയ കൊലപാതകം പുറത്തു വന്നത്.
യു.എ.ഇയിൽ പല വിധത്തിലുള്ള ബിസിനസുകളുള്ള ഷെബിൻ തന്റെ പണത്തോടുള്ള ആർത്തി മൂലമാണ് സാധാരണക്കാരനായ നാട്ടുവൈദ്യനെ തുണ്ടം തുണ്ടമാക്കി പുഴയിലെറിഞ്ഞത്. കോടികളുടെ ആസ്തിയാണ് ഇയാൾക്കുള്ളതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഷാബ ഷെരീഫിൽ നിന്ന് മൂലക്കുരു മരുന്നിന്റെ രഹസ്യം മനസ്സിലാക്കി ആ മരുന്ന് വ്യാപാരം നടത്തി തന്റെ സമ്പത്ത് ഇനിയും വർധിപ്പിക്കാനായിരുന്നു ഇയാളുടെ ലക്ഷ്യം. നാട്ടുവൈദ്യനെ ബന്ദിയാക്കിയ വിവരം ഷെബിന്റെ വീട്ടുകാർക്കും അനുയായികൾക്കും അറിയാമായിരുന്നിട്ടും അവർ പോലീസിനെയോ നാട്ടുകാരെയോ വിവരമറിയിച്ചില്ല. ഒന്നര വർഷത്തോളം ഒരു മനുഷ്യനെ പുറംലോകമറിയാതെ വീട്ടിൽ പൂട്ടിയിട്ട് കൊലപ്പെടുത്താനുള്ള സൗകര്യം അവർ ഒരുക്കിക്കൊടുത്തു.
മനഃസാക്ഷി തടവിലാക്കപ്പെട്ട സമൂഹം ഇവിടെ അതിവേഗം വളരുന്നുവെന്നാണ് അബ്ദുൽ ജലീലിന്റെയും ഷാബ ഷെരീഫിന്റെയും മരണങ്ങൾ വ്യക്തമാക്കുന്നത്. ജനങ്ങൾ ഇടതിങ്ങിപ്പാർക്കുന്ന കേരളത്തിൽ അക്രമി സംഘങ്ങൾക്ക് രഹസ്യമായി അവരുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്നുണ്ടെന്ന് എന്നത് അമ്പരപ്പുണ്ടാക്കുന്നതാണ്. നാട്ടുകാരിൽ നിന്ന് പോലീസിന് വിവരങ്ങൾ ലഭിക്കുന്നില്ല എന്നത് പോലീസും നാട്ടുകാരും തമ്മിലുള്ള അകലത്തെയാണ് സൂചിപ്പിക്കുന്നത്. പോലീസിന്റെ രഹസ്യാന്വേഷണത്തിന്റെ പാളിച്ച കൂടിയാണിത്. ഒരു വശത്ത് പോലീസിനെയും മറുവശത്ത് അക്രമി സംഘങ്ങളെയും ഭയന്ന് ജീവിക്കുന്ന സാധാരണക്കാരുടെ ലോകവും വലുതാകുകയാണ്. 

Latest News