Sorry, you need to enable JavaScript to visit this website.

പെൺമക്കളെ ആത്മഹത്യ ചെയ്യാൻ വിടുമ്പോൾ

പെൺമക്കളുടെ നിരന്തര മരണങ്ങൾ നിങ്ങളെ പിടിച്ചു കുലുക്കുന്നില്ല എന്നുണ്ടോ? ദിവസവും വന്നുകൊണ്ടിരിക്കുന്ന ഈ വാർത്തകൾ എങ്ങനെയാണ് വായിക്കുന്നത്?
പലപ്പോഴും കുഞ്ഞുങ്ങളെ കൊന്ന ശേഷമാണ് സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നത്. എങ്ങനെയാണ് തങ്ങൾ പ്രസവിച്ചു പാലൂട്ടി ഓമനിച്ചു വളർത്തുന്ന കുഞ്ഞുങ്ങളെ കൈവിറക്കാതെ കൊന്നുകളയുന്നത്? അവർക്ക് ശേഷം അവർ അനാഥരായിപ്പോകുമെന്ന ഭീതിയാണ്. മുന്നിൽ ഒരു വഴിയും കാണാതാകുന്ന ദുർബല നിമിഷത്തിൽ അവർ തന്നെ അവരുടെ കുഞ്ഞുങ്ങളുടെ ഘാതകരാവുന്നു. എന്തൊരു വിപരീത അവസ്ഥയാണ്. കുഞ്ഞുങ്ങളെ പ്രസവിക്കാൻ ആഗ്രഹിക്കുന്നവർ തന്നെ അവരുടെ കൊലയാളികളാവുന്നു. അപ്പോഴും അവരുടെ കാലശേഷം ആരാവും ഈ കുഞ്ഞുങ്ങൾക്കുണ്ടാവുക എന്ന വിചാരത്തിന്റെ ആധിയാണ് അവരെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. 
ആത്മഹത്യ പെട്ടെന്ന് എടുക്കുന്ന തീരുമാനം ആയിരിക്കാമെങ്കിലും എത്രയോ തവണ അത് സംബന്ധിച്ച സൂചന അത് ചെയ്യും മുൻപ് അവരുമായി ബന്ധപ്പെട്ടവർക്ക് നൽകാറുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പക്ഷേ അപ്പോഴൊക്കെയും അത് അവഗണിക്കുകയോ അല്ലെങ്കിൽ അതിൽ ഒന്നും ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ഈയാളുകൾ തന്നെ മരണത്തിനു ശേഷം ഉപചാരം ചെയ്യാൻ കൂട്ടിനുണ്ടാകും. മരണ സൂചന നൽകിയ ഒരാളെ അതിൽ നിന്ന് പിൻതിരിക്കാൻ ശ്രമിച്ചില്ലല്ലോ എന്ന് തോന്നുന്നുണ്ടാവുമോ? അറിയില്ല. എന്നാൽ മരണ സൂചന തരുന്നത് നിങ്ങളെങ്കിലും എന്നെ ജീവിതം തുടരാൻ സഹായിക്കൂ എന്നത് കൂടിയാണ്. ഈ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റാൻ ഇനിയും തയാറെടുപ്പുകൾ ആവശ്യമാണ്. ഇക്കൂട്ടത്തിൽ രക്ഷിതാക്കളും സുഹൃത്തുക്കളും ഉണ്ടാവാറുണ്ട്. പലപ്പോഴും പെൺകുട്ടികൾ വീട്ടിൽ നിന്ന് പോകുമോ എന്ന ഭയമാണ്. എങ്ങനെയെങ്കിലും അവിടെത്തന്നെ നിന്ന് കൊള്ളുക എന്നാണ് പെൺകുട്ടികളോട് പറയുന്നത്. അവർക്ക് അപ്പോൾ അനുഭവപ്പെടുക രക്ഷിതാക്കളും ഒപ്പമില്ല എന്നതാണ.് അത് അവരെ ആത്മഹത്യയിലേക്ക് ഒന്നുകൂടി അടുപ്പിക്കുന്നു. ഈയടുത്ത ദിവസം പുറത്തു വന്ന, ആത്മഹത്യ ചെയ്ത വിസ്മയ എന്ന പെൺകുട്ടിയുടെ ഓഡിയോ ക്ലിപ് അതിന് ഉദാഹരണമാണ്. ഭർത്താവിന്റെ വീട്ടിൽ നിൽക്കാനേ കഴിയില്ല എന്നാണ് പെൺകുട്ടി കരഞ്ഞു പറയുന്നത്. വീട്ടിലേക്ക് വരാൻ അച്ഛൻ പറയുന്നുണ്ട് എങ്കിലും ശക്തമായ പിന്തുണ നമുക്ക് അനുഭവപ്പെടുന്നില്ല. വിവാഹം കഴിഞ്ഞ പെൺകുട്ടി സ്വന്തം വീട്ടിൽ നിൽക്കുന്നത് അഭിമാനം കുറഞ്ഞ ഏർപ്പാടാണല്ലോ. 
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമ വിരുദ്ധമായിരിക്കേ അത് നിർബാധം തുടരുന്നു. കൊടുക്കുന്നത് നിയമ വിരുദ്ധമായിട്ടും കൊടുക്കുന്നു എന്നതുകൊണ്ട് കൊടുക്കുന്നവർക്ക് പരാതി കൊടുക്കാൻ കഴിയുന്നില്ല. പിന്നീട് ആത്മഹത്യയോ കൊലപാതകമോ നടക്കുമ്പോൾ മാത്രമാണ് ഇത് കൂടി ഒരു കാരണമായി പറയുന്നത്. നിയമം മൂലം ഇത് തടയുക എന്നതിലുപരി ഇന്ന് നിലവിലുള്ള വിവാഹ സങ്കൽപങ്ങളെ ഉടച്ചു വാർക്കുകയാണ് ചെയ്യേണ്ടത്. വിവാഹം രണ്ടു വ്യക്തികൾ തമ്മിലുള്ള ചേർച്ചയാണ്, അതിനായിരിക്കണം പ്രാമുഖ്യം നൽകേണ്ടതും. എന്നാൽ അത് ഇപ്പോൾ നടക്കുന്ന വിവാഹങ്ങളിൽ നിന്നു വളരെ ദൂരെയാണ്. അപൂർവം പ്രണയ വിവാഹങ്ങളിൽ ഉണ്ടാകാറുണ്ടെങ്കിലും വ്യാപകമായി ഉണ്ട് എന്ന് പറയാൻ കഴിയില്ല. പ്രണയ വിവാഹങ്ങളിലും വിവാഹം എന്ന സ്ഥാപനം കൊണ്ടുനടക്കുന്ന ഹിംസാത്മകമായ  സ്ത്രീ വിരുദ്ധത കടന്നുവരുന്നത് കുറവല്ല.
വിവാഹത്തിനകത്ത് കുടുംബത്തിൽ ഇത്തരം പീഡനങ്ങൾ ഉണ്ടായതുകൊണ്ടാണ് ഇന്ത്യയിൽ ഗാർഹികാതിക്രമ നിരോധന നിയമം ഉണ്ടാകുന്നത്. 
അതുവരെ നിലനിന്ന ഐ.പി.സി 498 എ പ്രകാരമുള്ള നടപടികൾ സങ്കീർണമാണെന്ന ധാരണയാലാണ് താരതമ്യേന ലളിതമായ ഈ നിയമം വരുന്നത്. ഈ നിയമം നേരിട്ടു കോടതി ഇടപെടുന്ന ഒരു സ്ത്രീ ഉദ്യോഗസ്ഥ കൈകാര്യം ചെയ്യുന്ന നിയമമാണ്. എന്നാൽ അത് നടപ്പിലാക്കുന്നതിൽ വലിയ കാര്യക്ഷമത ഇല്ല. വക്കീൽമാരുടെ സഹായമാവശ്യമില്ലാത്ത നിയമമായതുകൊണ്ട് വക്കീൽമാർ തന്നെ അതിനെ ഗൗരവത്തിൽ കണ്ടില്ല. ഒരു സ്ത്രീപക്ഷ നിയമമായതുകൊണ്ടും പോലീസിനു അമിത പ്രാധാന്യം ഇല്ലാത്തതുകൊണ്ടു പോലീസും അത് കാര്യമാക്കിയിട്ടില്ല. അങ്ങനെ ആ നിയമം ഇപ്പോൾ പൊടിപിടിച്ചു കിടക്കുകയാണ്. ഇത് നടപ്പിലാക്കാൻ വനിതാ ശിശുക്ഷേമ വകുപ്പാണ് ശക്തമാകേണ്ടത്. അത് ആര് ശ്രദ്ധിക്കുന്നു? ഇത്രയും യുവതികൾ ആത്മഹത്യ ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോഴും വനിതാ ശിശുക്ഷേമ വകുപ്പ് ദൃശ്യത്തിൽ വരുന്നേ ഇല്ല. പോലീസ് തന്നെയാണ് ഹെൽപ് ലൈനും ബോധവൽക്കരണവും ഒക്കെ കൈകാര്യം ചെയ്യുന്നത്. ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുറ്റക്കാരൻ എന്ന് കണ്ടെത്തിക്കഴിഞ്ഞു.
വിസ്മയ കേസിൽ വലിയ കാലതാമസം ഇല്ലാതെ അന്വേഷണം പൂർത്തിയായി എന്നത് ഒരു നല്ല കാര്യം തന്നെയാണ്. അതുപോലെ കിരണിനെ  സാധാരണമല്ലാത്ത തരത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്നതും. എന്നാൽ മറ്റു പല സമാന  കേസുകളിലും അന്വേഷണത്തിന്റെ കാര്യക്ഷമത ഒരു ചോദ്യചിഹ്നമാണ്. അതുപോലെ ഇരയാക്കപ്പെട്ട കുടുംബങ്ങളുടെ വേദന കാണാൻ ആരുമില്ല എന്ന അവസ്ഥയും ഉണ്ട്. 
ഇതിലെല്ലാം തന്നെ 498  എ ചുമത്തി തെളിവ് കണ്ടെത്തി അന്വേഷണം പൂർത്തിയാക്കാൻ വിഷമകരമാവുന്ന അവസ്ഥയുണ്ട്. ഇതിനെല്ലാം പിറകെ പോകാൻ മകൾ നഷ്ടപ്പെട്ട പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് കഴിയണമെന്നുമില്ല. വിസ്മയ കേസ് എല്ലാവർക്കും മുന്നിൽ ആശ്വാസമുണ്ടാക്കുന്നുണ്ട്. 
പക്ഷേ വിസ്മയമാർ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകേണ്ടതില്ലാത്ത കിരൺ കുമാർമാരെ ജയിലിലേക്ക് അയക്കേണ്ടതില്ലാത്ത തലത്തിലേക്ക് നമ്മുടെ സമൂഹം മാറിയോ? ഇല്ലെന്ന ഉത്തരം മാത്രമേ ഉണ്ടാകൂ.

Latest News