Sorry, you need to enable JavaScript to visit this website.

വയനാട് കലക്ടറേറ്റ് പടിക്കല്‍ കഞ്ഞിവെപ്പ് സമരം

വയനാട് കലക്ടറേറ്റ് പടിക്കല്‍ ആദിവാസികള്‍ നടത്തിയ കഞ്ഞിവെപ്പുസമരം.

കല്‍പറ്റ-വാസത്തിനും കൃഷിക്കും ഭൂമി തേടി വയനാട് കലക്ടറേറ്റ് പടിക്കല്‍ ആദിവാസികളുടെ കഞ്ഞിവെപ്പു സമരം. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍പ്പെട്ട അരണപ്പാറ മല്ലികപ്പാറ കോളനിയില്‍നിന്നു 2015ല്‍ കുടിയൊഴിഞ്ഞ കാട്ടുനായ്ക്ക കുടുംബങ്ങളാണ് ജില്ലാ ആസ്ഥാനത്തു സമരത്തിനെത്തിയത്.

പ്രാക്തന ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടതാണ് കാട്ടുനായ്ക്കര്‍. അതിരൂക്ഷമായ വന്യജീവി ശല്യത്തിന്റെ പശ്ചാത്തലത്തിലാണ് മല്ലികപ്പാറയിലെ കുടുംബങ്ങള്‍ കുടിയൊഴിഞ്ഞത്. തോല്‍പ്പെട്ടി വനാതിര്‍ത്തിയില്‍ കര്‍ണാടകയിലെ നാഗര്‍ഹോള വനത്തോടു ചേര്‍ന്നാണ് മല്ലികപ്പാറ. അരണപ്പാറയില്‍നിന്നു ഏകദേശം രണ്ടു കിലോമീറ്റര്‍ മാറി കുന്നിന്‍മുകളിലാണ് ഈ പ്രദേശം.

50 സെന്റ് ഭൂമി വീതം നല്‍കി ഒമ്പത് കാട്ടുനായ്ക്ക കുടുംബങ്ങളെയാണ് മല്ലികപ്പാറയില്‍ കുടിയിരുത്തിയിരുന്നത്. വന്യജീവികള്‍ കോളനി പരിസരം വിഹാരഭൂമിയാക്കിയ സാഹചര്യത്തിലാണ്  മല്ലികപ്പാറയിലെ കുടുംബങ്ങള്‍ ജീവിതത്തിനു മറ്റിടങ്ങള്‍ തേടിയത്. വീടിനടുത്ത് മേയുന്ന ആടിനെ കടുവ പിടിക്കുന്നതിനു വരെ ആദിവാസികള്‍ സാക്ഷികളായി. സ്വത്തിനു പുറമേ ജീവനും അപകടത്തിലായപ്പോഴായിരുന്നു മല്ലികപ്പാറയിലെ കാപ്പിയും കുരുമുളകും ഉള്‍പ്പടെ വിളയുന്ന ഭൂമി വിട്ടൊഴിയാനുള്ള തീരുമാനം. കുടിയൊഴിഞ്ഞതില്‍ നാലു കുടുംബങ്ങള്‍ക്കു കാട്ടിക്കുളത്തിനടുത്ത് ഭൂമിയും വീടും ലഭിച്ചു. മറ്റു കുടുംബങ്ങള്‍ വാടക വീടുകളിലും ബന്ധുഗൃഹങ്ങളിലുമായി ജീവിതം തുടരുകയാണ്.

മല്ലികപ്പാറയില്‍ ഉണ്ടായിരുന്നതിനു തുല്യ അളവില്‍ വാസ-കൃഷി യോഗ്യമായ ഭൂമിക്കായി നടത്തിയ പരിശ്രമങ്ങള്‍ വൃഥാവിലായപ്പോഴാണ് ആദിവാസികള്‍ വിവിധ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ കലക്ടറേറ്റ് പടിക്കല്‍ സമരത്തിനെത്തിയത്. നിലവില്‍ മാനന്തവാടി പയ്യമ്പള്ളിയില്‍ വാടകയ്ക്കു താമസിക്കുന്ന, പരേതരായ മറി-സീത ദമ്പതികളുടെ മകള്‍ ഗൗരിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഭൂമിക്കായി പഞ്ചായത്ത്, വില്ലേജ്, വനം, ട്രൈബല്‍ ഓഫീസുകളില്‍ നല്‍കിയ അപേക്ഷകളില്‍ നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരത്തിനു നിര്‍ബന്ധിതമായതെന്നു ഗൗരി പറഞ്ഞു. ഭൂമി പ്രശ്‌നം നേരില്‍ പറയുന്നതിനു മൂന്നു തവണ ജില്ലാ കലക്ടറെ കാണാനെത്തിയെങ്കിലും സന്ദര്‍ശനാനുമതി ലഭിച്ചില്ലെന്നും  രണ്ടു കുട്ടികളുടെ അമ്മയുമായ ഗൗരി പറയുന്നു.

കഞ്ഞിവെപ്പുസമരം മാനന്തവാടി  കുറുക്കന്‍മൂല കളപ്പുര കോളനിയിലെ, ദുരൂഹ സാഹചര്യത്തില്‍ മരിച്ച ശോഭയുടെ മാതാവ്  അമ്മിണി ഉദ്ഘാടനം ചെയ്തു. ഇതോടുബന്ധിച്ചു ചേര്‍ന്ന യോഗം 'മക്ത്ബ്' പത്രാധിപര്‍ കെ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗൗരി മല്ലികപ്പാറ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ടീയ-സാസ്‌കാരിക, മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്ത് സെയ്തു കുടുവ, കെ.പി.സുബൈര്‍, സി.കെ.ഗോപാലന്‍, പി.പി.ഷാന്റോലാല്‍, ഡോ.പി.ജി.ഹരി, മുജീബ് റഹ്‌മാന്‍ അഞ്ചുകുന്ന്, അജയന്‍ മണ്ണൂര്‍, മല്ലികപ്പാറയില്‍നിന്നു കുടിയൊഴിഞ്ഞ കുടുംബങ്ങളിലെ അംഗങ്ങളായ അഭിരാം, പാര്‍വതി എന്നിവര്‍ പ്രസംഗിച്ചു.

Latest News