മോഡി സർക്കാരിന്റെ പടിയിറക്ക സൂചന  കണ്ടു തുടങ്ങി -പി.കെ കുഞ്ഞാലിക്കുട്ടി 

തലശ്ശേരി- ഇന്ത്യയിൽ മോഡി സർക്കാറിന്റെ പടിയിറക്കം ആരംഭിച്ചതായും അതിന്റെ ഒടുവിലത്തെ നിദർശനമാണ് സമീപ കാലത്ത് ഉത്തർപ്രദേശ് ഉൾപ്പടെയുളള സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്നും പി കെ കുഞ്ഞാലികുട്ടി എം പി അഭിപ്രായപ്പെട്ടു. ഭാരതത്തിൽ ഇന്നലകളിൽ ഭരണം നടത്തിയ മുസ്ലിം ലീഗ് ഉൾപെടുന്ന കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു പി എ മുന്നണി ഉണ്ടാക്കിയ നന്മയും സമാധാനവും തകർത്തു കൊണ്ടാണ് ബി ജെ പി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പെരിങ്ങത്തൂർ ടൗൺ മുസ്ലിം ലീഗ് ഓഫിസായ ബാഫഖി തങ്ങൾ സൗധത്തിന്റെയും, എം പി കെ മുഹമ്മദ് - ഫഹദ് കുന്നോത്ത് സ്മാരക ട്രസ്റ്റും ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

മറ്റ് രാഷ്ട്രീയ പാർട്ടികൾ കൊലപാതകത്തെ കുറിച്ചും അക്രമ രാഷ്ട്രീയത്തെ കുറിച്ചും തങ്ങളുടെ ഓഫിസുകളിൽ ചർച്ച നടത്തുമ്പോൾ നാട്ടിൽ നടപ്പിലാക്കേണ്ട കാരുണ്യ പ്രവർത്തനത്തെ കുറിച്ചാണ് ലീഗ് പ്രവർത്തകർ തങ്ങളുടെ ഓഫിസുകൾ ഉപയോഗപെടുത്തുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. കണ്ണൂരിലെ റോഡുകൾക്ക് ബംഗാളിന്റെ അവസ്ഥയാണെന്നും റോഡ് റോഡായി കാണണമെങ്കിൽ മലപ്പുറത്ത് വരണമെന്നും സി പി എമ്മിനും പിണറായി സർക്കാറിനും രക്തസാക്ഷികളെ വളർത്താനാണ് സമയമെന്നും വികസനങ്ങൾക്ക് സമയമെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
ചെറു പുല്ലൂക്കരയിൽ നിന്ന് ബാന്റ് വാദ്യങ്ങളുടെയും, മാപ്പിള കലകളുടെയും ഗ്രീൻഗാർഡ് വളണ്ടിയർമാരുടെയും അകമ്പടിയോടെ നടന്ന ബഹുജന റാലി സമ്മേളന നഗരിയിൽ സമാപിച്ചു.
    


 

Latest News