അമരാവതി- മുന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും ആന്ധ്ര എം.എല്‍.സിയുമായ അനന്ത സത്യ ഉദയ ഭാസ്‌കറിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ രഹസ്യങ്ങളും മറ്റും വെളിപ്പെടുത്തുമെന്ന ഭയം കാരണമാണ് അനന്ത ഭാസ്‌കര്‍ ഡ്രൈവര്‍ സുബ്രഹ്മണ്യത്തെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ സുബ്രഹ്മണ്യം അനന്ത ഭാസ്‌കറിനെ കാണാനെത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അപകടത്തില്‍ മരിച്ചതാണെന്ന് പറഞ്ഞ് മൃതദേഹം കൈമാറുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അടുത്ത ദിവസം സുബ്രഹ്മണ്യത്തിന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് ഗോദാവരി ജില്ലയിലെ സര്‍പ്പവരം പോലീസ് ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കൊലപാതകമാക്കി മാറ്റി.
ഡ്രൈവറുടെ സ്വകാര്യ ഭാഗങ്ങളില്‍ അടിയേറ്റിരുന്നുവെന്നും കാലിനും കൈയ്ക്കും തലയ്ക്കും സാരമായ പരിക്കുണ്ടെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലക്കേസില്‍ അനന്ത ഉദയ ഭാസ്‌കര്‍ (47) മുഖ്യപ്രതിയാണന്ന് പോലീസ് പറഞ്ഞു.
മെയ് 19 ന് രാത്രി തന്നെ കാണാന്‍ സുബ്രഹ്മണ്യത്തോട് എം.എല്‍.സി ആവശ്യപ്പെട്ടിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് രവീന്ദ്രനാഥ് ബാബു പറഞ്ഞു.ശങ്കര്‍ നഗര്‍ സെല്‍ ടവര്‍ പരിസരത്ത് വെച്ചാണ് സുബ്രഹ്മണ്യത്തെ ആക്രമിച്ചതെന്നും തുടര്‍ന്ന് കൊലപാതകം അപകടമാക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപകടമാണ് മരണകാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ കാറില്‍ നിന്ന് തള്ളിയിട്ട ശേഷം അനന്തഭാസ്‌കര്‍ സുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എം.എല്‍.സിയുടെ മുന്‍ ഡ്രൈവറായ സുബ്രഹ്മണ്യത്തിന് തന്റെ മുന്‍ മേധാവിയുടെ രഹസ്യങ്ങളും കമ്പനികളും മറ്റ് പ്രവര്‍ത്തനങ്ങളും അറിയാമായിരുന്നുവെന്ന് പറയുന്നു. രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയം കാരണമാണ് എം.എല്‍.സി ഡ്രൈവറെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.






