വണ്ടി തള്ളി ഭാര്യക്ക് മടത്തു; യാചകന്‍ 90,000 രൂപ സ്വരൂപിച്ച് മോപ്പഡ് വാങ്ങി

ഭോപ്പാല്‍-ഉപജീവനത്തിനായി യാചിക്കുന്ന ഭിന്നശേഷിക്കാരന്‍ നാല് വര്‍ഷം പണം സ്വരൂപിച്ച് ഭാര്യക്കുവേണ്ടി മോപ്പഡ് വാങ്ങി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം.

സന്തോഷ് സാഹുവെന്ന യാചകനാണ് ഭാര്യ മുന്നിയുടെ ആഗ്രഹം സഫലീകരിച്ചത്.  ചിന്ദ്വാര ജില്ലയിലെ അമര്‍വാര സ്വദേശികളാണ് ഇരുവരും. ഇരുകാലുകള്‍ക്കും വൈകല്യമുള്ള സന്തോഷ്  മച്ചുക്ര സൈക്കിളിലാണ് യാചന നടത്തിയിരുന്നത്. ചിന്ദ്വാര ബസ് സ്‌റ്റോപ്പിലും പരിസരത്തും ഭിക്ഷാടനത്തിന് പോകുമ്പോള്‍ ഭാര്യ മുന്നിയാണ് വണ്ടി തള്ളിയിരുന്നത്.


വണ്ടി തള്ളുമ്പോള്‍ ഭാര്യ  മോപ്പഡ് വാങ്ങുന്ന കാര്യം പറഞ്ഞ് എപ്പോഴും പ്രേരിപ്പിക്കാറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പണം സ്വരൂപിച്ചു തുടങ്ങിയതെന്നും സന്തോഷ് പറഞ്ഞു. പ്രധാനമായും കയറ്റമുള്ള റോഡുകളിലാണ്  ഭാര്യക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നത്. 90,000 രൂപയാകാന്‍ നാല് വര്‍ഷമെടുത്തുവെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. ദമ്പതികള്‍ ശനിയാഴ്ചയാണ് പരിഷ്‌കരിച്ച മോപ്പഡ് വാങ്ങിയത്.  ഇപ്പോള്‍ അതിലാണ് യാത്ര.

ഒരു ചായക്കടയോ പെട്ടിക്കടയോ തുടങ്ങി ദമ്പതികൾക്ക് യാചന അവസാനിപ്പിക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

 

Latest News