Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നത് രാഷ്ട്രീയ തീരുമാനം

കൊച്ചി - നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പുതിയ തെളിവുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണം ഇടക്ക് വെച്ച് അവസാനിപ്പിക്കുന്നതിന് പിന്നിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ എടുത്ത രാഷ്ട്രീയ തീരുമാനം. തുടരന്വേഷണം ഇപ്പോഴത്തെ നിലയിൽ മുന്നോട്ടു പോയാൽ പോലീസും കോടതിയും അഭിഭാഷകരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് അത് ചെന്നെത്തുമെന്നും ആത്യന്തികമായി അത് മുഖ്യമന്ത്രി കൈയാളുന്ന ആഭ്യന്തര വകുപ്പിനെയായിരിക്കും പ്രതികൂലമായി ബാധിക്കുകയെന്നുമാണ് സർക്കാരിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയ നിയമോപദേശം. കോടതിയിൽ തെളിവ് ഹാജരാക്കാതെ മാധ്യമ വിചാരണക്ക് വഴിയൊരുക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രോസിക്യൂഷനുമെതിരെ നിരന്തര വിമർശനങ്ങൾ ഉയർന്നിരുന്നു. ഹൈക്കോടതിയിൽ നിന്നും പോലീസിനെതിരെ ഗുരുതരമായ വിമർശനങ്ങൾ ഉണ്ടാകാനുള്ള സാധ്യത സംബന്ധിച്ച് ഡി ജി പി സർക്കാരിന് മുന്നറിയിപ്പ് നൽകിയതായാണ് അറിവ്.
കഴിഞ്ഞ തവണ അന്വേഷണത്തിന് സമയം നീട്ടി നൽകിയപ്പോൾ ഇനി ഈ ആവശ്യവുമായി വരരുതെന്ന് കോടതി കടുത്ത ഭാഷയിൽ പറഞ്ഞിരുന്നു. വീണ്ടും സമയം നീട്ടി നൽകണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പുതുതായി എന്ത് തെളിവാണ് കിട്ടിയതെന്ന് ബോധ്യപ്പെടുത്തേണ്ടി വരും. നിലവിൽ അത്തരം തെളിവുകളൊന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിചാരണ കോടതിയിൽ വ്യക്തമായിട്ടുള്ളത്. സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖകൾ, ദിലീപിന്റെയും സഹോദരന്റെയും ബന്ധുവിന്റെയും ഫോണുകളിൽ നിന്ന് വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ, തെളിവ് നശിപ്പിക്കൽ സംബന്ധിച്ച സാക്ഷിമൊഴികൾ എന്നിവയാണ് തുടരന്വേഷണത്തിൽ ക്രൈംബ്രാഞ്ചിന് ശേഖരക്കാനായിട്ടുള്ളത്. എന്നാൽ ഇവക്കൊന്നും നടിയെ ആക്രമിച്ച കേസുമായി ബന്ധമില്ലെന്ന് വിചാരണ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കേസിൽ ശക്തമായ തെളിവുകൾ കണ്ടെത്തുന്നതിന് പകരം ദിലീപിന്റെ അഭിഭാഷകനായ ബി രാമൻപിള്ളയെയും വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ തന്നെയും പോലീസും പ്രോസിക്യൂഷനും ആരോപണങ്ങളുടെ മുൾമുനയിൽ നിർത്താൻ ശ്രമിച്ചതും അന്വേഷണ സംഘത്തിന് തിരിച്ചടിയായി. ബി രാമൻപിള്ള സി പി എം നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന വളരെ സീനിയറായ അഭിഭാഷകനാണ്. അദ്ദേഹത്തെ ചോദ്യം ചെയ്യാനും പ്രതിയാക്കാനുമുള്ള നീക്കത്തിനെതിരെ അഭിഭാഷക സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഹൈക്കോടതി ജഡ്ജിമാരും അന്വേഷണ സംഘത്തിന്റെ ഈ പോക്കിനെ വിമർശനത്തോടെയാണ് കണ്ടത്.  വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസും പ്രോസിക്യൂഷനും തമ്മിലുള്ള അഭിപ്രായ ഭിന്നത കേസിന്റെ വിചാരണ തുടങ്ങിയതു മുതലുള്ളതാണ്. ഹണി എം വർഗീസിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ പരാതി പോയെങ്കിലും മേൽകോടതികൾ അവരിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷൻ ഇരയുടെ മാലാഖ ചമയണ്ട എന്നാണ് ഹൈക്കോടതി ഇതുസംബന്ധിച്ച വിധിന്യായത്തിൽ അഭിപ്രായപ്പെട്ടത്.
ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കുന്ന സാക്ഷി മൊഴികൾ വിശ്വാസ യോഗ്യമല്ലെന്നും തെളിവുകൾ ദുർബലമാണെന്നും വിചാരണ ജഡ്ജി ആവർത്തിച്ച് നിലപാട് സ്വീകരിച്ചതാണ്  ഭിന്നത രൂക്ഷമാകാൻ കാരണമായത്. ഹണി എം വർഗീസിന്റെ കുടുംബ- രാഷ്ട്രീയ പശ്ചാത്തലം പൊതുചർച്ചയിലേക്ക് കൊണ്ടുവന്ന് അവരെ തേജോവധം ചെയ്യാൻ ശ്രമിച്ചതും സ്ഥിതി വഷളാക്കി. സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ മകളാണ് ഹണി എം വർഗീസ്. അഭിഭാഷകയായിരിക്കുമ്പോഴും കടുത്ത സി പി എം അനുഭാവിയായിരുന്നു ഹണി എം വർഗീസ്. എക്സൈസ് ഉദ്യോഗസ്ഥനായ അവരുടെ ഭർത്താവ് ഒരു കസ്റ്റഡി മരണ കേസിൽ ആരോപണ വിധേയനായതും ജഡ്ജിയുടെ ആത്മാർഥത ചോദ്യം ചെയ്യാനായി പോലീസ് എടുത്തുപയോഗിച്ചു. പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഈ നിലപാട് സർക്കാരിനെയും പ്രകോപിപ്പിച്ചുവെന്നാണ് അറിയുന്നത്.  
കേസിൽ 15-ാം പ്രതിയായി ശരത്തിനെ ഉൾപ്പെടുത്തി കോടതിയിൽ 30ന് അധിക റിപ്പോർട്ട് നൽകുന്നതോടെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസന്വേഷണത്തിന് അന്ത്യമായേക്കും. എന്നാൽ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ അതിജീവിത ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൻമേലുള്ള തീരുമാനവും നിർണായകമാകും.

Latest News