Sorry, you need to enable JavaScript to visit this website.

വിജയ് ബാബു വീണ്ടും ദുബായിൽ; നാട്ടിൽ എത്തിക്കാൻ പോലീസ് നീക്കം

കൊച്ചി- നടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ തിരിച്ചെത്തിക്കാൻ പോലീസ് നീക്കം ശക്തമാക്കി. ഒളിവിൽ പോയ വിജയ്ബാബു ജോർജിയയിൽ നിന്ന് ദുബായിൽ തിരിച്ചെത്തിയതായാണ് സൂചന. ഇദ്ദേഹത്തെ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരും. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണിത്. ഇതിനുളള നടപടികൾ കൊച്ചി സിറ്റി പോലീസ് തുടങ്ങിയിട്ടുണ്ട്. ഇന്ന് ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനായിരുന്നു പോലീസിന്റെ തീരുമാനം. വിജയ് ബാബു ഒളിവിൽ പോയ വിദേശ രാജ്യമായ ജോർജിയയുമായി എംബസി വഴി പോലീസ് നേരത്തെ ബന്ധപ്പെട്ടിരുന്നു. ആവശ്യമെങ്കിൽ ജോർജിയയിലേക്ക് പോകുന്ന കാര്യത്തെക്കുറിച്ചും പോലീസ് ആലോചിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോർജിയ. ജോർജിയയിൽ ഇന്ത്യൻ എംബസിയില്ല. സമീപ രാജ്യമായ അർമേനിയയിലാണ് എംബസിയുള്ളത്. അവിടുത്തെ സ്ഥാനപതിക്കാണ് ജോർജിയയുടെയും ചുമതല. അർമേനിയൻ എംബസിയുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനായിരുന്നു പോലീസിന്റെ ആലോചന. ഇന്റർ പോൾ വഴി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് നേരത്തെ ദുബൈയിൽ നിന്നും ജോർജിയയിലേക്ക് വിജയ് ബാബു കടന്നത്. മെയ് 19ന് പാസ്പോർട്ട് ഓഫീസർ മുമ്പാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു. താൻ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നുമായിരുന്നു വിജയ് ബാബു പാസ്പോർട്ട് ഓഫീസറെ അറിയിച്ചിരുന്നത്.
 

Latest News