മറവുചെയ്ത് ഒരു മണിക്കൂറിന് ശേഷം കുഴിമാടം തുറന്നപ്പോൾ കുഞ്ഞിന് ജീവൻ; അത്ഭുത രക്ഷപ്പെടൽ

ശ്രീനഗർ- ആശുപത്രി അധികൃതർ മരിച്ചുവെന്ന് അറിയിച്ചതിനെ തുടർന്ന് മറവുചെയ്ത കുഞ്ഞിനെ പുറത്തെടുത്തപ്പോൾ ജീവനുള്ളതായി കണ്ടെത്തി. ജമ്മു കശ്മീരിലെ ബനിഹാലിലെ ആശുപത്രിയിലാണ് മരിച്ചുവെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് മറവു ചെയ്ത പെൺകുട്ടിയെ പുറത്തെടുത്തപ്പോൾ ജീവനുള്ളതായി കണ്ടെത്തിയത്. മറവുചെയ്ത് ഒരു മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആദ്യം അടക്കം ചെയ്ത ശ്മശാനത്തിൽനിന്ന് മാറ്റി കുഞ്ഞിന്റെ പൂർവീകരുടെ ശ്മശാനനത്തിൽ മറവുചെയ്യുന്നതിന് വേ്ണ്ടിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. സംഭവം വിവാദമായതോടെ ആശുപത്രിയിലെ രണ്ടു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. 

തിങ്കളാഴ്ച രാവിലെ ഉപജില്ലാ ആശുപത്രിയിലാണ് സംഭവം.  ബഷാരത്ത് അഹമ്മദ് ഗുജ്ജാറിന്റെയും ഷമീമ ബീഗത്തിന്റെയും കുഞ്ഞാണ് അത്ഭുതബാലികയെന്ന് പ്രാദേശിക സർപഞ്ച് മൻസൂർ അലിയാസ് വാനി പറഞ്ഞു.
റംബാൻ ജില്ലയിലെ ബനിഹാൽ പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള ബങ്കൂട്ട് ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇവർ.
കുഞ്ഞ് മരിച്ചതായി അറിയിച്ച ശേഷം,  ഹോളൻ ഗ്രാമത്തിൽ സംസ്‌കരിക്കാൻ കുടുംബം തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് മണിക്കൂറിലധികം ആശുപത്രിയിൽ വൈദ്യസഹായം നൽകിയില്ലെന്നും വാനി ആരോപിച്ചു. ഈ ശ്മശാനത്തിൽ കുഞ്ഞിനെ അടക്കിയപ്പോൾ ഗ്രാമവാസികളിൽ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് മറ്റൊരു ശ്മശാനത്തിൽ മറവുചെയ്യാനായി കുഴിമാടം മാന്തിയത്. കുഞ്ഞിനെ കുഴിമാടത്തില്‍നിന്ന് പുറത്തെടുത്തപ്പോൾ ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിൽസയ്ക്കുശേഷം ഡോക്ടർമാർ വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. 

Latest News