Sorry, you need to enable JavaScript to visit this website.

വാഹനത്തിന്റെ ഇഷ്ട നമ്പർ നേടാൻ 7.8 ലക്ഷം

പുതിയ കാറിന് സമീപം അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ, ജനറൽ മാനേജർ ഷെനിൽ എന്നിവർ

കോട്ടയം - വാഹനത്തിന്റെ ഇഷ്ട നമ്പർ നേടാൻ ലക്ഷങ്ങൾ. കോട്ടയത്തെ ജുവലറി ഉടമയാണ് തന്റെ പുതിയ കാറിനായി 8.80 ലക്ഷം രൂപ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയത്. കോട്ടയം അച്ചായൻസ് ഗോൾഡ് ഉടമ അയർക്കുന്നം കുടകശേരിൽ ടോണി വർക്കിച്ചനാണ് കെ.എൽ 05 എവൈ 7777 എന്ന നമ്പർ നേടിയത്. ഇതേ നമ്പറിനായി ലേലത്തിൽ മത്സരിച്ച ആൾ 7.80 ലക്ഷത്തിലെത്തിയപ്പോൾ വിട്ടുകൊടുത്തു. ഇതോടെയാണ് അച്ചായന് ഇഷ്ട നമ്പർ തന്നെ കിട്ടിയത്.
പുതുതായി വാങ്ങുന്ന  കിയ മോട്ടോഴ്‌സിന്റെ പുതിയ മോഡലായ കാർണിവൽ ലിമിസിൻ പ്ലസിനാണ് ഇഷ്ട നമ്പർ. തെള്ളകത്തെ കിയാ ഷോറൂമിൽ നിന്നാണ് ഇദ്ദേഹം കിയയുടെ ഏറ്റവും പുതിയ മോഡലായ കിയ മോട്ടോഴ്‌സിന്റെ കാർണിവൽ ലിമിസിൻ പ്ലസ് ബുക്ക് ചെയ്തത്. തന്റെ മുൻ വാഹനങ്ങളായ ജാഗ്വാറിനും കിയോയുടെ സെൽടോസിനുമെല്ലാം ഉള്ള അതേ നമ്പറായ 7777 എന്ന നമ്പർ തന്നെ പുതിയ വാഹനത്തിനും വേണമെന്നാണ് ആഗ്രഹിച്ചത്. ഇതേ തുടർന്നാണ് ഇദ്ദേഹം ഓൺലൈനായി കെഎൽ 05 എവൈ 7777 എന്ന നമ്പറിനു വേണ്ടി ബുക്ക് ചെയ്തത്. എന്നാൽ ഈ നമ്പറിനായി മറ്റൊരാളും കൂടി  രംഗത്ത് വന്നു. തുടർന്ന് ഓൺലൈൻ മുഖേന വാശിയേറിയ ലേലം നടന്നു. ഇദ്ദേഹത്തിനൊപ്പം ഇതേ നമ്പറിനായി മത്സരിച്ചയാൾ 7.80 ലക്ഷം വരെ ലേലം വിളിച്ചിരുന്നു. എന്നാൽ  ലേല തുക കുതിച്ചതോടെ  ഇദ്ദേഹം പിന്മാറി.  അങ്ങനെ വാശിയേറിയ മത്സരത്തിൽ അച്ചായൻസ് ഗോൾഡ് ജയിച്ചു. ഇഷ്ട നമ്പർ സ്വന്തമായി.  45.40 ലക്ഷം രൂപ മുടക്കിയാണ്  വാഹനം വാങ്ങിയത്. 
മുമ്പ് കൊച്ചിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കുന്നതിനായി പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. ഈ റെക്കോർഡാണ്  ടോണി വർക്കിച്ചൻ മറികടന്നത്. കോട്ടയം ജില്ലയിലെ റെക്കോർഡ് തുകയ്ക്കാണ് ഇദ്ദേഹം വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ സ്വന്തമാക്കിയത്. 

Latest News