വിജയ് ബാബു നാട്ടിലേക്ക് വരുമെങ്കൽ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി

കൊച്ചി- വിജയ് ബാബു വിദേശത്തുനിന്ന് മടങ്ങിയെത്തുമെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി. ടിക്കറ്റ് ബുക്ക് ചെയ്ത ഉടനെ കേസ് പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.  വിജയ് ബാബുവിന്റെ മടക്കയാത്രയുടെ ടിക്കറ്റ് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.
 കോടതി പറയുന്ന ദിവസം ഹാജരാകാന്‍ തയാറാണെന്ന് വിജയ് ബാബു കോടതി മുമ്പാകെ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാവാന്‍  തയാറാണെന്നായിരുന്നു വിജയ് ബാബു കോടതിയെ അറിയിച്ചത്. എന്നാല്‍ ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെ എന്ന് ഹൈക്കോടതി വ്യക്തമാക്കി.

തന്റെ പാസ്പോര്‍ട്ട് പോലീസ് റദ്ദാക്കിയതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. പരാതിക്കാരിയായ നടിക്ക് സിനിമയില്‍ അവസരം നല്‍കാത്തതിന്റെ വൈരാഗ്യമാണെന്നും പീഡനം നടത്തിയിട്ടില്ലെന്നും നടന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. നടന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
 

 

Latest News