ഗ്യാൻവാപി മസ്ജിദ്: ആദ്യം പരിഗണിക്കേണ്ട കേസ് കോടതി നാളെ തീരുമാനിക്കും

ലഖ്നൌ- ഗ്യാൻ വാപി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഏത് ഹരജിയില്‍ ആദ്യം വാദം കേള്‍ക്കണമെന്നതില്‍ വാരണാസി ജില്ലാ കോടതി നാളെ തീരുമാനമെടുക്കും. സര്‍വേ റിപ്പോര്‍ട്ടിന്മേല്‍ ആദ്യം വാദം കേള്‍ക്കണമെന്നും തര്‍ക്ക പ്രദേശത്ത് പൂജയും പ്രാര്‍ത്ഥനയും അനുവദിക്കണമെന്നുമാണ് ഹരജി നല്‍കിയ അഞ്ച് സ്ത്രീകള്‍ ആവശ്യപ്പെടുന്നത് എന്നാല്‍, ഈ ഹരജി നിലനില്‍ക്കില്ലെന്ന തങ്ങളുടെ അപേക്ഷയില്‍ ആദ്യം വാദം കേള്‍ക്കണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം.

സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വാരണാസിയിലെ മുതിര്‍ന്ന ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശ ആണ് മസ്ജിദ് വിഷയം ഇന്ന് പരിഗണിച്ചത്. തര്‍ക്ക പ്രദേശത്ത് പൂജയും പ്രാര്‍ത്ഥനയും അനുവദിക്കണമെന്ന ഹരജികള്‍ തുടങ്ങി സര്‍വേയ്‌ക്കെതിരായ അപേക്ഷകള്‍ വരെ കോടതിക്ക് മുന്നിലുണ്ട്. മുക്കാല്‍ മണിക്കൂറോളം വാദം കേട്ട ശേഷം ഇന്ന് ഉത്തരവ് പറയാമെന്ന് വാരണാസി ജില്ലാ കോടതി വ്യക്തമാക്കുകയായിരുന്നു.

അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും മാത്രമായിരുന്നു ജില്ലാ കോടതിക്കുള്ളിലേക്ക്  പ്രവേശനം അനുവദിച്ചത്. മാധ്യമങ്ങളെയും വിലക്കിയിരുന്നു. മാത്രമല്ല കോടതി പരിസരത്ത് വന്‍ സുരക്ഷ സംവിധാനവും ഒരുക്കിയിരുന്നു.
അതിനിടെ, കുത്തബ് മിനാറില്‍ ഖനനം നടത്തണമെന്ന ഹരജി ദല്‍ഹി സാകേത് കോടതി നാളെ പരിഗണിക്കും. ഹിന്ദു-ജൈന ക്ഷേത്രങ്ങളുടെ മുകളിലാണ് കുത്തബ് മിനാര്‍ സ്ഥിതി ചെയ്യുന്നതെന്നാണ് ആരോപണം.

 

Latest News