Sorry, you need to enable JavaScript to visit this website.

പ്രവാസിയുടെ മകളുടെ മോർഫ് ചെയ്ത അശ്ലീല ഫോട്ടോകൾ ബന്ധുക്കൾക്ക്; പരാതി നൽകാൻ മുന്നിൽനിന്ന യുവാവ് അറസ്റ്റിൽ

കണ്ണൂര്‍-പതിനാലുകാരിയായ വിദ്യാര്‍ഥിനിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ഫോട്ടോയാക്കി അമ്മയ്ക്കും അടുത്ത ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പരിയാരം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട ചെറുതാഴം  ശ്രീസ്ഥയിലെ ഇട്ടമ്മല്‍ ഹൗസില്‍ സച്ചിനെ (28) യാണ് പരിയാരം  സി.ഐ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇരുപതിലേറെ മോര്‍ഫുചെയ്ത  ഫോട്ടോകളാണ് ഇത്തരത്തില്‍ അയച്ചത്. കുടുംബം തകര്‍ക്കുമെന്ന അടിക്കുറിപ്പ് നല്‍കി ഫോട്ടോകള്‍ വാട്‌സാപ്പ് വഴി അമ്മക്കും അടുത്ത ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു.  ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്പര്‍ വ്യക്തമാകാത്ത വിധത്തിലാക്കിയാണ് ഇയാള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നത്. പെണ്‍കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. പിതാവിന്റെ ഫോണ്‍ നമ്പറിലേക്കും ഫോട്ടോയും അശ്ലീലസന്ദേശ കുറിപ്പുകളും അയച്ചിരുന്നു. ഓട്ടോ െ്രെഡവറാണ് പ്രതി. നിരവധി ബന്ധുക്കളുടെതടക്കം  ഫോണുകളിലേക്ക് അശ്ലീല ഫോട്ടോകള്‍ എത്തിയതോടെയാണ്  പരാതിയുമായി ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.
പരാതി നല്‍കാന്‍ പ്രതി തന്നെയാണ് ബന്ധുക്കള്‍ക്കൊപ്പം സ്‌റ്റേഷനില്‍ പോയിരുന്നത്. ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇത്.
പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. തുടര്‍ന്ന്  പയ്യന്നൂര്‍ ഡിവൈ.എസ്.പി പ്രേമചന്ദ്രന്‍ ഇടപെട്ട് സൈബര്‍ ഡോമിനെ സമീപിച്ചു. സൈബര്‍ ഡോം നടത്തിയ പരിശോധനകളിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസിന് വ്യക്തമായെങ്കിലും പ്രതി സച്ചിന്‍ ഇവരുമായി വളരെയടുത്ത് ബന്ധപ്പെടുന്നയാളായതിനാല്‍ സംശയിച്ചിരുന്നില്ല. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നും സച്ചിന്‍ ഭീഷണിമുഴക്കിയിരുന്നു.
മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍ കൂടിയായ പ്രതി ഇതിന്റെ സാങ്കേതിക വിദ്യകളില്‍ വിദഗ്ധനായിരുന്നു. മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിന് പലരും ഇയാളെ സമീപിക്കാറുണ്ടായിരുന്നു. നെറ്റ് ജനറേറ്റഡ് നമ്പര്‍ ഉപയോഗിച്ചാണ് ഇയാള്‍ ഫോട്ടോകളും മറ്റും അയച്ചിരുന്നത്. നെറ്റ് ജനറേറ്റഡ് നമ്പര്‍ ഇയാള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സൈബര്‍ ഡോം അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ പരാതി ലഭിച്ച ഉടന്‍ തന്നെ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. എസ്.ഐ രൂപ മധുസൂദനന്‍, അഡീഷണല്‍ എസ്.ഐ പുരുഷോത്തമന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. സച്ചിന്‍ നേരത്തെ മറ്റ് ചില കേസുകളിലും പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

 

Latest News