കോലിയക്കോട് കൃഷ്ണൻ നായർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പാർട്ടി അംഗമായ പിരപ്പൻ കോടിനെതിരെ പരാതി ബോധിപ്പിച്ചു കഴിഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഭാവി കാര്യങ്ങൾ. ആത്മകഥയുടെ അടുത്ത ലക്കങ്ങളിൽ പിരപ്പൻകോട് പാർട്ടിയുടെ എന്തെല്ലാം ഇരുമ്പുമറ രഹസ്യങ്ങളായിരിക്കും പുറത്ത് പറയുക എന്നത് സി.പി.എം അഭിമുഖീകരിക്കുന്ന അത്ര ചെറുതല്ലാത്ത ഭീഷണിയാണ്.
സി.പി.എം അടുത്ത കാലത്തായി കേരള ജനതക്ക് മേൽ കൈവരിച്ചുകൊണ്ടിരിക്കുന്ന വിജയത്തിന് പ്രധാന കാരണം ആ സംഘടനയിലെ ഉൾപാർട്ടി ഗ്രൂപ്പിസം അടിച്ചൊതുക്കിയതാണെന്ന് കടുത്ത പാർട്ടിക്കാരും സമ്മതിക്കും. ഭിന്ന ശബ്ദം കമ്യൂണിസ്റ്റ് രീതിയിൽ ഇല്ലാതാക്കിയപ്പോൾ ഉണ്ടായ സംഘടനാ ശക്തിക്ക് മുന്നിൽ എല്ലാവരും അടിയറ പറഞ്ഞു.
പിണറായിയാണ് നയിക്കുന്നത്, നിങ്ങളുടെ കളിയൊന്നും ഇനി നടക്കില്ല എന്ന് എല്ലാവരും മുട്ടുമടക്കി നിന്നു. കമ്യൂണിസ്റ്റ് പരിവാറിന്റെ മനസ്സറിഞ്ഞ പിന്തുണയും സ്വാഭാവികമായും കഴിഞ്ഞ കുറച്ചു കാലമായി സി.പി.എമ്മിന് ലഭിച്ചു. ടി.പി ചന്ദ്രശേഖരൻ വധമൊക്കെ ആരെങ്കിലും എടുത്തിടുമ്പോൾ എത്ര കാലമെന്ന് വെച്ചാ ഇതും പറഞ്ഞ് നടക്കുകയെന്ന് സി .പി .എം വിജയത്തിന്റെ ആവേശത്തിൽ പരിവാറുകാർ ആവേശം കൊണ്ട് ക്രൂരരായി. അവർക്കേറ്റ ആദ്യ ചെറു പ്രഹരമായിരുന്നു വടകരയിലെ കെ .കെ രമയുടെ വിജയം. മറക്കാൻ ശ്രമിച്ചെതെല്ലാം ഓർമയിലെത്തിക്കാൻ ഈ വിജയം വഴിവെച്ചിരുന്നു. ഇപ്പോഴിതാ സി .പി .എം ഗ്രൂപ്പിസത്തിന്റെ കാൽ നൂറ്റാണ്ട് മുമ്പുള്ളതെല്ലാം ഓർക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
വി .എസ് അച്യുതാനന്ദന്റെ പ്രിയസഖാവായിരുന്ന പിരപ്പൻകോട് മുരളിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകളാണ് പാർട്ടിയിലെ പോരിന്റെ സുഖകരമല്ലാത്ത ഓർമകളിലേക്ക് കേരള രാഷ്ട്രീയത്തെ എത്തിച്ചിരിക്കുന്നത് . പിരപ്പൻകോട് മുരളി ഒരു സാധാരണ പാർട്ടിക്കാരൻ മാത്രമല്ല. പ്രശസ്്തനായ നാടകകൃത്ത്, ഗാനരചയിതാവ്, ബുദ്ധി ജീവി എന്നീ നിലകളിലെല്ലാം കേരളത്തിന്റെ പരിചയ വൃത്തത്തിലുണ്ട്. പ്രത്യയശാസ്ത്ര അറിവും സംസ്‌കാരിക പ്രവർത്തകൻ എന്ന പ്രതിഛായയും ശാന്തസ്വഭാവിയാക്കിയ വ്യക്തി. വാമനപുരം മണ്ഡലത്തിൽ നിന്ന് അദ്ദേഹം രണ്ട് തവണ എം.എൽ.എ ആയി. 1996 ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ കോലിയക്കോട് കൃഷ്ണൻ നായരും സംഘവും ഗൂഢാലോചന നടത്തി തോൽപ്പിക്കാൻ ശ്രമിച്ചു. സി .പി .എമ്മിലെ ഉൾപാർട്ടി പ്രശ്‌നങ്ങളുടെ പേരിലായിരുന്നു ഈ ചതിക്കുഴി ഒരുക്കൽ. ചതിക്കുഴി ഒരുക്കിയതിനെതിരെ പിരപ്പൻ കോട് ആത്മകഥയിൽ എഴുതിയത് കോലിയക്കോടിനെ വല്ലാതെ പ്രകോപിപ്പിച്ചു.
വാമനപുരം മണ്ഡലത്തിൽ മത്സരിച്ച പിരപ്പൻകോട് മുരളിയെ തോൽപിച്ച് വീട്ടിലിരുത്താൻ കൃഷ്ണൻ നായർ നടത്തിയ നീക്കങ്ങളെ കുറിച്ച് ആന്മകഥയിൽ വന്ന പരാമർശം ഇപ്പോൾ വലിയ വിവാദമായിക്കഴിഞ്ഞു. വിവാദം കത്തിത്തുടങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലായിരുന്നു. പ്രായപരിധി കാരണം പിരപ്പൻകോടും കോലിയക്കോടും ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്റിയിലില്ല .
പാർട്ടി അംഗങ്ങളാണ്. കോലിയക്കോട് കൃഷ്ണൻ നായർ കഴിഞ്ഞ ദിവസം മുഖ്യമന്തയെ നേരിൽ കണ്ട് പാർട്ടി അംഗമായ പിരപ്പൻകോടിനെതിരെ പരാതി ബോധിപ്പിച്ചു കഴിഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഭാവി കാര്യങ്ങൾ. ആത്മകഥയുടെ അടുത്ത ലക്കങ്ങളിൽ പിരപ്പൻകോട് പാർട്ടിയുടെ എന്തെല്ലാം ഇരുമ്പുമറ രഹസ്യങ്ങളായിരിക്കും പുറത്ത് പറയുക എന്നത് സി .പി .എം അഭിമുഖീകരിക്കുന്ന അത്ര ചെറുതല്ലാത്ത ഭീഷണിയാണ്.
'പിണറായിക്ക് ഉറക്കത്തിലും എന്നെ കണ്ടുകൂടാ' എന്നാണ് കഴിഞ്ഞ ദിവസം മുരളി മാധ്യമ അഭിമുഖത്തിൽ പറഞ്ഞത്. പി.ബി അംഗം കൂടിയായ മുഖ്യമന്ത്രിക്കെതിരെയാണ് ഈ വാക്കുകൾ എന്നത് പാർട്ടിക്കാരെ ഞെട്ടിച്ചിട്ടുണ്ടാകും- ഞെട്ടിയിട്ടൊന്നും ഒരു കാര്യവുമില്ലെന്ന് അവർക്കറിയാമെങ്കിലും വെറുതെ ഒരു ഞെട്ടൽ.
കോലിയക്കോട് നൽകിയ പരാതിയിൽ എന്ത് നടപടിയായിരിക്കും ഉണ്ടാവുക എന്നറിയില്ല. സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്നു പിരപ്പൻകോട്. അതെ, ഇന്ന് സാധാരണക്കാരനായ ആനാവൂർ നാഗപ്പൻ വഹിക്കുന്ന പദവി. ഇപ്പോൾ പാർട്ടി അംഗം മാത്രമാണ് മുരളി. ഒഴിവാക്കാൻ മറ്റു പദവികളൊന്നുമില്ല.
കോലിയക്കോടും പിരപ്പൻകോടും തിരുവനന്തപുരം ജില്ലയിലെ സ്ഥലങ്ങളാണ്. കോടിയേരിയെപോലെ, പിണറായിയെ പോലെ മറ്റു പലരെയും പോലെ ഇവരും നാടിന്റെ പേരിൽ അറിയപ്പെട്ടു. കോലിയക്കോട് കൃഷ്ണൻ നായർ വേറിട്ട മട്ടുകാരനാണ്. സഹോദരൻ നാരായണൻ നായർ (ലോ- അക്കാദമി ലോ-കോളേജിന്റെ സ്ഥാപകൻ) സി.പി.ഐ പക്ഷത്ത് ഉറച്ചു നിന്നപ്പോൾ മറുപക്ഷം പ്രവർത്തിച്ച വ്യക്തി.
നാരായണൻ നായർ ഇന്നില്ല. അദ്ദേഹവുമായി ആളുകൾക്ക് അത്ര അടുപ്പമൊന്നുമുണ്ടായിരുന്നില്ല. ബഹുമാനം കലർന്ന അകലം എല്ലാവരും കാത്തു സൂക്ഷിച്ചു. കൃഷണൻ നായർ അങ്ങനെയല്ല. മുന്നിൽ കാണുന്നവരോടൊക്കെ ചിരപരിചിതനെപ്പോലെ പെരുമാറുന്നയാൾ. ബുദ്ധിജീവികളെക്കൊണ്ട് എന്ത് കാര്യം എന്ന് കോലിയക്കോട് - പിരപ്പൻകോട് തർക്കത്തിൽ പുതുകാല പാർട്ടിയും ചിന്തിച്ചിരിക്കുമോ?