സൗദിയിൽ പച്ചക്കറി കടയിൽ ജോലി  ചെയ്ത യുവാവിന് പിഴ 

തുറൈഫ്- പച്ചക്കറി മാർക്കറ്റിൽ സ്വദേശിവൽക്കരണം പാലിച്ചില്ല എന്നതിനാൽ യുവാവിന് 5,000 റിയാൽ പിഴ. സാപ്റ്റ്‌കോ ബസ്സ്റ്റാന്റിനു സമീപം പച്ചക്കറി മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഒരു കടയിലെ ജീവനക്കാരനായ ബംഗ്ലാദേശ് സ്വദേശി ഇംദാദുദ്ദീനെയാണ് പോലീസ് പിടികൂടിയത്. ഇദ്ദേഹത്തിന്റെ സ്‌പോൺസർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടർന്ന് സ്‌പോൺസറുടെ വക്കീൽ പോലീസ് സ്റ്റേഷനിൽ ചെന്ന് ഇറക്കി കൊണ്ട് വരികയായിരുന്നു. ഒട്ടേറെ പ്രവാസികൾ ജോലി ചെയ്തിരുന്ന പഴം, പച്ചക്കറി കടകളിൽ അധികൃതർ പരിശോധന കർശനമാക്കിയിരിക്കുകയാണ്. സ്വദേശികളുടെ  പൂർണ നിയന്ത്രണത്തിലാണ് ഇപ്പോൾ കടകൾ പ്രവർത്തിക്കുന്നത്. എന്നാൽ ക്ലീനിംഗ് ചെയ്യുവാൻ ഒരു ഷോപ്പിൽ ഒരാളെ അനുവദിച്ചിട്ടുണ്ടെന്ന് വർക്‌ഷോപ്പ് ജീവനക്കാരനായ അബ്ദുൽ റഷീദ് പറയുന്നു. 
തുറൈഫിൽ പച്ചക്കറി മേഖല സ്വദേശിവത്കരിച്ചതോടെ പച്ചക്കറി കച്ചവടം നന്നേ കുറഞ്ഞതായാണ് റിപ്പോർട്ട്. ആവശ്യത്തിന് പോലും പച്ചക്കറി ലഭിക്കാത്ത സാഹചര്യമുണ്ടെന്നും പറയുന്നു. ഒറ്റ റൂമുകളിൽ നടന്നു വന്നിരുന്ന അനേകം പച്ചക്കറി ഷോപ്പുകൾ അടച്ചിരിക്കുകയാണ്. വലിയ ബുദ്ധിമുട്ടാണ് ഇത് മൂലം ആളുകൾ അനുഭവിക്കുന്നത്. തുറൈഫിലെ ഗർബിയ്യ ഭാഗത്ത് താമസിക്കുന്ന തനിക്ക് പഴം വാങ്ങണമെങ്കിൽ ഒന്നര കിലോമീറ്റർ അകലെ മുറൈസിഖ് പള്ളിയുടെ സമീപമുള്ള കടയിൽ വരേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ദൽഹി സ്വദേശി സയ്യിദ് അഹമ്മദ് നഖ്‌വി പറയുന്നു. സമാന രൂപത്തിലുള്ള പ്രയാസം തുറൈഫിൽ നിരവധി പേർ അനുഭവിക്കുന്നുണ്ട്. 

Latest News