Sorry, you need to enable JavaScript to visit this website.

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂദല്‍ഹി- മലപ്പുറം റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ തുടര്‍ന്നും മലപ്പുറത്ത് തന്നെ ലഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി അറിയിച്ചു. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തി വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയതായി കുഞ്ഞാലിക്കുട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ആറും മാസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ അടച്ചു പൂട്ടിയ മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ് പ്രതിഷേധങ്ങളും സമ്മര്‍ദ്ദങ്ങളും ശക്തമായതോടെ മാര്‍ച്ച് 31 വരെ പ്രവര്‍ത്തനം നിലനിര്‍ത്തി വിദേശകാര്യ മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. എങ്കിലും ഇവിടെ പരിമിതമായ സേവനങ്ങളെ ലഭിച്ചിരുന്നുള്ളൂ. മാര്‍ച്ച് 31-ന് ശേഷം ഈ ഓഫീസിന്റെ സ്ഥിതി എന്താകുമെന്നതു സംബന്ധിച്ച് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല. 

നിലവില്‍ മലപ്പുറം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസര്‍ തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ സേവനം ഇവിടെ ലഭ്യമാണ്. ഇതു നിലനിര്‍ത്തും. പാസ്‌പോര്‍്ട്ട് സംബന്ധമായ പരാതി പരിഹാരം മാത്രമാണ് ഇവിടുത്തെ സേവനം. ബാക്കി എല്ലാ ജോലികളും കോഴിക്കോട് ഓഫീസിലാണ്.  പാസ്‌പോര്‍ട്ട് സംബന്ധമായ പരാതികള്‍ക്ക് മലപ്പുറത്തെ ജനങ്ങള്‍ക്ക് കോഴിക്കോട് ഓഫിസിനെ ആശ്രയിക്കാതെ തന്നെ ഇതിലൂടെ പരിഹാരം കാണാനാകുമെന്ന് എം പി പറഞ്ഞു.

Latest News