ഗുവാഹത്തി- അസമിലെ നാഗോണ്‍ ജില്ലയില്‍ ജില്ലാ ഭരണകൂടം വീടുകള്‍ തകര്‍ത്തുവെന്ന ആരോപണങ്ങള്‍ക്കിടെ പുതിയ വിശദീകരണവുമായി പോലീസ്.
പോലീസ് സ്‌റ്റേഷന്‍ കത്തിച്ചതായി സംശയിക്കുന്നവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ അക്രമത്തിന് തയാറെടുക്കുന്നവരെ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.
നാഗോണില്‍ പോലീസ് സ്‌റ്റേഷന് തീയിട്ട സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ വീടുകളിലാണ് ജില്ലാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
സലോനബോറി ഗ്രാമത്തിലെ മത്സ്യവ്യാപാരി സഫീഖുല്‍ ഇസ്‌ലാമിന്റെ കസ്റ്റഡി മരണമാണ് പോലീസ് സ്‌റ്റേഷനു തീയിടാന്‍ കാരണമായത്. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ ബട്ടദ്രാവ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നതെന്ന് പോലീസ് പറയുന്നു.
നാഗോണ്‍ ജില്ലയില്‍ തീയിട്ട സംഭവത്തില്‍ സംശയിക്കുന്നവരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയെന്നും സംശയാസ്പദ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയെന്നും ഡി.ജി.പി ഭാസ്‌കര്‍ ജ്യോതി മഹന്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചില വീടുകളില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ തീയിട്ട കേസിലെ പ്രതികള്‍ ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തി. തുടക്കത്തില്‍ ഞങ്ങള്‍ക്ക് ശരിയായി പരിശോധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ രാത്രി വീണ്ടും അക്രമം നടത്തിയേക്കുമെന്ന വിവരം ലഭിച്ചപ്പോള്‍ വീണ്ടും പരിശോധിക്കുകയായിരുന്നു- മഹന്ത പറഞ്ഞു.
പോലീസ് സ്‌റ്റേ,ന്‍ തീവെപ്പ് കേസില്‍ 21 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 18 പേരെ കസ്റ്റഡിയിലെടുത്തുവെന്നും ഡി.ജി.പി പറഞ്ഞു. സഫീഖുല്‍ ഇസ്ലാം കസ്റ്റഡിയില്‍ മരിച്ചെന്ന ആരോപണം പോലീസ് നിഷേധിക്കുന്നു. പൊതുവഴിയില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്ന് ഡി.ജി.പി മഹന്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.