എന്താണ് ചെങ്ങന്നൂരിൽ നടക്കുന്നത്? ഒരു നിശ്ചയമില്ലയൊന്നിനും എന്നു കവി പാടിയതു പോലെയാണോ? അല്ല, ചിലർ ചിലതൊക്കെ കണ്ടുപിടിക്കും. അതിനായി അവർ ഊണും ഉറക്കവും ഉപേക്ഷിച്ചെന്നുവരും. ഇതാ, ഇവിടെ മാർക്‌സിസ്റ്റുകാർ കോൺഗ്രസ് സ്ഥാനാർഥി വിജയകുമാറിനെ സ്‌പോൺസർ ചെയ്യുന്നുവെന്ന അതീവ ഗുപ്തമായ കാര്യം എം.ടി. രമേശ് കണ്ടുപിടിച്ചിരിക്കുന്നു! അതിൽ അദ്ഭുതം തോന്നിയിട്ടു കാര്യമില്ല. ഗോ മൂത്രം, ചാണകം, പശുവിന്റെ ഉഛ്വാസവായു, ദീർഘ നിശ്വാസം എന്നിവയിലെ അദ്ഭുത മാഹാത്മ്യങ്ങൾ കണ്ടുപിടിച്ച ഉത്തരേന്ത്യൻ മഹാത്മാക്കളുടെ വംശജനാണ് ബുദ്ധിജീവിയായ അദ്ദേഹം. കോൺഗ്രസിലെ രമേശുമായി താരതമ്യം ചെയ്യണ്ട. തൊട്ടടുത്തു നിൽക്കാൻ പറ്റിയ വമ്പൻ എന്നു മാത്രം പറയാം. പക്ഷേ, നൂറുനൂറു പ്രസ്താവനകളിൽ ഒന്നും ഏശുന്നില്ല. അതു ഒന്നാം രമേശന്റെ കാര്യം പോലെ തന്നെ. കാലം മാറും. നമ്മുടെ 'ബുജി എവിടെ മത്സരിച്ചാലും പരാജയം ഉറപ്പാക്കുന്നതിൽ ഒന്നാമൻ. ബ്രൂസ് രാജാവിനെ ചിലന്തി പഠിപ്പിച്ച പാഠം ഏഴാം ക്ലാസിൽ പഠിച്ചിട്ടുള്ളവർക്കറിയാം, എം.ടി. രമേശിനും ഒരു ഭാവിയുണ്ടെന്ന്. മെഡിക്കൽ കോഴ പോലെ ഒരു വിവാദത്തിൽ ചെന്നു വീണ് ദേഹമാസകലം ചെളിയിൽ പുതഞ്ഞുവെങ്കിലും ഒരു തരി മണ്ണുപോലും പുരളാതെ ഉയർത്തെനീറ്റു വരാൻ കഴിഞ്ഞ ദേഹമാണത്. ചെങ്ങന്നൂരിൽ എന്തു നടക്കുന്നുവെന്നു പറഞ്ഞിടത്ത് ലേശം ഒരു പാളിച്ചയുണ്ട്- ഏറ്റവും ഒടുക്കത്തെ (!) രാജ്യസഭാ തെരഞ്ഞെടുപ്പായാലും, ഉപതെരഞ്ഞെടുപ്പുകളായാലും, സി.പി.എം പെട്ടിയും തൂക്കി ബാംഗാളിലും ത്രിപുരയിലും പലായനം ചെയ്യുന്നത് ഇന്ത്യാക്കാർ മുഴുവനും കണ്ടതാണ്. അന്യസംസ്ഥാന തൊഴിലാളികളെ പോലെ കഴിയാൻ തൽക്കാലം കേരളമാണ് സുരക്ഷിതം. പണിയൊന്നും അറിയാത്തതിനാലും 1964 മുതൽ ഉരുവിട്ടിരുന്നതല്ലാതെ മറ്റൊരു തന്ത്രവും കൈവശമില്ലാത്തതിനാലും ചെങ്ങന്നൂരിൽ അവർ 'ബി' ടീമാകാനും റെഡി. കോൺഗ്രസ്- ബി സ്ഥാനത്തേക്ക് മാറിയാൽ അവർ 'എ' ഉറപ്പാക്കും. കർണാടകയിൽ കോൺഗ്രസിനും വോട്ടു ചെയ്യുമെന്നു യെച്ചൂരി പറഞ്ഞതു കേട്ട് ചെങ്ങന്നൂരാണെന്നു തെറ്റിദ്ധരിച്ചതാണെങ്കിൽ എം.ടി. രമേശ് ഇരു ചെവികളും നന്നായി പരിശോധിപ്പിക്കുന്നത് ഉചിതമാകും.

കോൺഗ്രസ് നന്നായി കാണുവാൻ വേണ്ടിയാണ് കർണാകടയിൽ വോട്ടു ചെയ്യുന്നതെന്ന് ആരും കരുതുകയില്ല എന്നുറപ്പാണല്ലോ. മാത്രമല്ല, സി.പി.എം ആരെയും നന്നാക്കിയ ചരിത്രവുമില്ല. സംശയമുള്ളവർക്ക് ഘടക കക്ഷികളോട് ചോദിച്ചു നോക്കാം. രമേശിന്റെ ചെങ്ങന്നൂർ കണ്ടുപിടിത്തത്തിനു ബദൽ സൈദ്ധാന്തികനും ശാസ്ത്രജ്ഞനുമായ കോടിയേരി തന്നെ രംഗ പ്രവേശം ചെയ്യുമോ എന്ന് ഉടനെ അറിയാം. തെരഞ്ഞെടുപ്പു കാലമായതിനാൽ മണിക്കൂർ കണക്കിനു പ്രസ്താവനകൾ പുറത്തിറക്കിയല്ലേ കഴിയൂ! 'സൂകര പ്രസവം' എന്ന പ്രയോഗം പോലും പിറവിയെടുത്തത് ആദിയിൽ എവിടെയോ ഒരു തെരഞ്ഞെടുപ്പ് വേളയിലാണെന്ന് ഈയിടെ ഒരു സരസൻ പ്രസംഗിക്കുന്നതു കേട്ടു.
**** **** ****
പാലക്കാട്ടു പെരുവെമ്പിൽ വൃദ്ധന്മാർക്കായി ലോറിയിൽ കൊണ്ടുവന്ന 40 കട്ടിലുകൾ ഇറക്കുന്നതിന് കട്ടിലൊന്നിന് 100 രൂപ കൂലി ചോദിച്ചതു വാർത്തയായി. 'കീചകന്യായ' മനുസരിച്ച് ഏതു യൂനിയനാണ് വില്ലൻ എന്ന കാര്യം വേനൽക്കാലത്തെ ചൂടുപോലെ വ്യക്തമാണെങ്കിലും, മാധ്യമങ്ങൾ ദയവു കാട്ടിയില്ല. അവർ സി.ഐ.ടി.യു എന്നു തന്നെ അനൗൺസ് ചെയ്തു. വാക്കുകളിൽ മിതത്വം വേണം.
നോക്കുകൂലി പിണറായി മുഖ്യൻ തന്നെ ഇടപെട്ട് അവസാനിപ്പിച്ച നിലക്ക് കൈത്തരിപ്പ് തീർക്കാൻ ഇറക്കും കയറ്റുമല്ലാതെ മറ്റ് തർക്ക പ്രദേശങ്ങളില്ല. 'രുചികരമായ ഇറച്ചിക്കറി' എന്നു പറയുമ്പോൾ 'മസാല ചേർത്ത'തെന്നു പറയേണ്ടതുണ്ടോ? കൂലിത്തർക്കം എന്നു പറഞ്ഞാൽ മതിയായിരുന്നു. സി.ഐ.ടി.യു എന്ന് മനസ്സിലാക്കാൻ കഴിയാത്ത ഒരു കുഞ്ഞു പോലും നമ്മുടെ നാട്ടിലില്ല. പാലക്കാട്ടു തർക്കം തുടങ്ങിയത് അംഗീകൃത കൂലിയുടെ നാലിരട്ടിയിൽ നിന്നാണെങ്കിലും കോംപ്രമൈസാ'യപ്പോൾ അതു വെറും ഇരട്ടിയിൽ ചെന്നവസാനിച്ചുവത്രേ! അല്ലെങ്കിൽ പിന്നെന്തു യൂനിയൻ! എന്തൊരു കാരുണ്യം!
**** **** *****

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിൻസിപ്പൽ പുഷ്പജ പെൻഷൻ പറ്റുംവരെ എന്തിനാണ് എസ്.എഫ്.ഐക്കാർ കാത്തിരുന്നതെന്നു മനസ്സിലാകുന്നില്ല. 'സ്‌നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും' എന്നു പറയുന്ന മഹാമനസ്‌കരുടെ തറവാട്ടിൽ പിറന്നതൊന്നുമല്ല ആ സംഘടന. മാത്രമല്ല, ഒരു പ്രശ്‌നം പൊട്ടിപ്പുറപ്പെടുന്ന വേളയിൽ വിദ്യാർഥികൾ മാത്രമല്ല ആ സംഘടനയിൽ തല പൊക്കുന്നത് എന്ന കാര്യവും ലോക പ്രസിദ്ധം! പ്രിൻസിപ്പലിനെ പുഷ്പം പോലെ ചവിട്ടിയരയ്ക്കാവുന്നതായിട്ടും അവർ അതു ചെയ്തില്ല.
കോളേജിന് നെഹ്‌റുവിന്റെ പേരാണല്ലോ. സമയത്ത് നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയുമൊക്കെ ഓർമ്മ പൊന്തിവന്നിരിക്കാം. അതുകൊണ്ട് പ്രിൻസിപ്പലിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ബോർഡ് പ്രദർശിപ്പിച്ചു. 'ഇനി നെഹ്‌റുവിനു ശാപമോക്ഷം' എന്നും എഴുതിവെച്ചു. കോൺഗ്രസ് പാർട്ടിയുമായി നമ്മുടെ വല്യേട്ടന്മാർ സൗഹൃദ മത്സരത്തിനും സ്‌പോൺസർ ഷിപ്പിനും തയാറെടുക്കുന്ന കാലമല്ലേ? അതുമതി. പക്ഷേ, നെഹ്‌റുവിനും ശാപമോക്ഷം എന്നെഴുതിയത് സത്യമാണമെങ്കിൽ കോളേജ് പോരാ, കോൺഗ്രസ് കൂടി ശുദ്ധമാകണം. അതിന് ഇനി ഒരു ആയിരം കൊല്ലങ്ങൾ കൂടി കഴിയണം.
**** **** ****
നോട്ടു നിരോധനം പ്രഖ്യാപിച്ച കാലത്ത് പഴയ നോട്ടുകൾ കാറിന്റെ ഡിക്കിയിൽനിന്നും, മച്ചിൻപുറത്തുനിന്നും, ചാണകക്കുഴിയിൽനിന്നും വരെ കണ്ടെടുക്കുകയുണ്ടായി. രണ്ടായിരത്തിന്റെ പുത്തൻ നോട്ടുകളുടെ കാര്യവും മസാലപ്പടങ്ങളുടെ കഥ പോലെ ഉദ്വേഗഭരിതമായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഒരു കേസ് മുംബൈയിലെങ്കിൽ, മറ്റൊന്നു ദില്ലിയിൽ എന്നതാണ് ഇന്നത്തെ നാട്ടുനടപ്പ്. ഒടുവിൽ സി.ബി.എസ്.ഇ ചോദ്യംക്കടലാസും പുറത്തായി. ഓൺലൈൻ വ്യാപാരം ഉയർന്നുയർന്ന് ചന്ദ്രനിലും ചൊവ്വയിലും വരെ എത്തി. നിഫ്ടിയുടെയും സെൻസെക്‌സിന്റെയും കഥയും തഥൈവ! അനന്തമജ്ഞാതമവർണനീയം എന്ന മട്ടിൽ! ഇനി ഓൺലൈനിൽ തന്നെ ഐ.എ.എസ്, ഐ.പി.എസ് മെഡിക്കൽ, എൻജിനീയറിംഗ് ചോദ്യങ്ങളും രണ്ടാഴ്ച മുമ്പേ ലഭിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമായിരിക്കും. പുറത്തായതിന് മുപ്പത്തിഅയ്യായിരമായിരുന്നു നിരക്കെങ്കിൽ, ഇനി അളവിലുള്ളത് പുറത്തെത്തിക്കാൻ മൂന്നു ലക്ഷമെങ്കിലുമാകും. രാജ്യം കുതിക്കുമ്പോൾ ഇടയ്‌ക്കൊരു 'ലീക്കേജ്' ഒക്കെ ഉണ്ടായെന്നു വരും. ക്ഷമിക്കുക. അഗണ്യകോടിയിലുള്ള പാവപ്പെട്ട പൗരന്മാർക്ക് അഥവാ ഒരെണ്ണം ചോർന്നു കിട്ടിയാൽ തന്നെ, വെയിലും മഴയുമേൽക്കാതെ ഒരു തവണ തലയ്ക്കു മീതെ പിടിക്കാനല്ലേ കഴിയൂ! വിറ്റു കാശാകക്കാൻ അറിയില്ലല്ലോ. അറിഞ്ഞിരുന്നുവെങ്കിൽ അവർ പാവപ്പെട്ടവരായി അറിയപ്പെടുമായിരുന്നില്ലല്ലോ! ശേഷിയുടെ ഒന്നര ഇരട്ടി തടവുകാരെ കുത്തിനിറച്ചിട്ടുള്ള 1300 ജയിലുകൾ രാജ്യത്തുണ്ടത്രേ! ~ഒരു ജയിലിൽ ആറിരട്ടിയിലധികമുണ്ട്. അവർക്കും മനുഷ്യാവകാശങ്ങളുണ്ട്. അവരെ മൃഗങ്ങളെപ്പോലെ കുത്തിനിറയ്ക്കാനാവില്ല- പറയുന്നത് നക്‌സലൈറ്റ് നേതാവല്ല, പൗരാവകാശ പ്രവർത്തകനുമല്ല, സാക്ഷാൽ സുപ്രീം കോടതി. കേന്ദ്ര ഭരണ പ്രദേശങ്ങളെയാണുദ്ദേശിച്ചതെങ്കിലും, നമ്മളും ഒട്ടും മോശക്കാരല്ലല്ലോ.
കെ.കെ. രമയും കൂട്ടരും ഇതൊക്കെ അറിയണം. വല്ല രമേശനെയോ ദിനേശനെയോ അപ്പുക്കുട്ടനെയോ, ഒക്കെ പുറത്തുവിടാൻ ആലോചിക്കുന്നുണ്ടെങ്കിൽ, അത് ജയിൽ ഭാരം കുറയ്ക്കുവാൻ മാത്രമാണ്. കണ്ണൂരിലാണെങ്കിൽ തില്ലങ്കേരിയും കൂട്ടരും അകത്ത് തില്ലാനയും താണ്ഡവവും കളിച്ചു നടപ്പാണ്. ഇവർക്കൊക്കെ എത്ര അരിയുടെ ചോറാണ് വേണ്ടിവരുന്നതെന്ന് ഈ എതിർപ്പുകാർ അറിയുന്നുണ്ടോ. വയൽക്കിളികളെയും കഴുകന്മാരെയും പോലെ എല്ലാറ്റിനെയും കയറി എതിർക്കരുത്. ഖജനാവ് മുടിഞ്ഞ കാലമാണ്. ഇനിയും വെറുതെ ചോറു കൊടുക്കാൻ കഴിയില്ല.






