ഇന്ധന നികുതി, കേന്ദ്രത്തിന്റെ ഇരട്ടത്താപ്പെന്ന് തമിഴ്‌നാട് ധനമന്ത്രി

ചെന്നൈ-  സംസ്ഥാനങ്ങളോട് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിച്ച കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശവുമായി തമിഴ്‌നാട് ധനമന്ത്രി പി. ത്യാഗരാജന്‍. സംസ്ഥാനങ്ങളോട് ചോദിക്കാതെ കേന്ദ്രം നികുതി വര്‍ധിപ്പിച്ചശേഷം ഇപ്പോള്‍ അത് കുറയ്ക്കുമ്പോള്‍ സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിക്കുകയാണെന്നും ഇത് ഫെഡറലിസമാണോയെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

2014 മുതല്‍ ഒരു സംസ്ഥാനത്തിന്റെയും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിന് 23 രൂപയും ഡീസല്‍ ലിറ്ററിന് 29 രൂപയും കേന്ദ്രനികുതി വര്‍ധിപ്പിച്ചത്. ഇപ്പോള്‍ അവര്‍ വര്‍ധിപ്പിച്ചതിന്റെ 50 ശതമാനം കുറച്ചിരിക്കുന്നു. അവര്‍ സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇതാണോ ഫെഡറിലിസം എന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ ചോദ്യം.

കേന്ദ്രസര്‍ക്കാര്‍ 2021 നവംബറില്‍ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കുന്നതിന് മുമ്പേ 2021 ഓഗസ്റ്റില്‍ ഡി.എം.കെ സര്‍ക്കാര്‍ പെട്രോളിന്റെ വാറ്റ് കുറച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ നികുതി കുറച്ചതോടെ തമിഴ്‌നാട്ടില്‍ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കുറഞ്ഞെന്നും ഇത് ജനങ്ങള്‍ക്ക് ആശ്വാസകരമായെന്നും അന്ന് നികുതി കുറച്ചതോടെ വര്‍ഷം 1160 കോടി രൂപയാണ് സംസ്ഥാനത്തിന്റെ നഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 200611 കാലഘട്ടത്തിലും സാധാരണ ജനങ്ങള്‍ക്കുവേണ്ടി ഡി.എം.കെ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Latest News