ദിസ്പുര്‍- ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ അസമിലും ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുനീക്കി ഭരണകൂടം. കസ്റ്റഡി മരണം ആരോപിച്ച് ജനക്കൂട്ടം പോലീസ് സ്‌റ്റേഷന് തീയിട്ടതിന് പിന്നാലെയാണ് അഞ്ച് വീടുകള്‍ നഗോണ്‍ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. പോലീസ് സ്‌റ്റേഷന്‍ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം വീടുകളാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്.
അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചു നീക്കിയതെന്നാണ് ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം നല്‍കുന്ന വിശദീകരണം. കൂടുതല്‍ നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. എന്നാല്‍, ഇവയൊന്നും കൈയേറി നിര്‍മിച്ച വീടുകളല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പോലീസ് കസ്റ്റഡിയില്‍ ഒരാള്‍ മരിച്ചതിനെതുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം നഗോണില്‍ പോലീസ് സ്‌റ്റേഷന്‍ കത്തിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായവരുടെ വീടുകള്‍ ഉള്‍പ്പടെയാണ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. പോലീസ് സ്‌റ്റേഷന് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.