ചിലരുണ്ട്, ആരെയും ദുഷിക്കുകയും എന്തിനെയും സംശയിക്കുകയും ചെയ്യുന്നവരായി. ചില കക്ഷികളുണ്ട്, ഏതു പ്രവൃത്തിയുടെയും പദവിയുടെയും പവിത്രത മാനിക്കാത്തവരായി. പവിത്രത തച്ചുടക്കലത്രേ പുരോഗതി എന്നാകും ധാരണ. അപ്പപ്പോൾ എല്ലാവരും, ചിന്താശൂന്യതയുടെ ഒരു നിമിഷത്തിൽ, അലംഘനീയമെന്നു കരുതിവരുന്നതിനെയൊക്കെ പഴി പറയും, അപകീർത്തിപ്പെടുത്തും. അവരിൽ ഉൾപ്പെടുന്നവരാണ് പൊതുവെ കമ്യൂണിസ്റ്റുകാർ. പാർട്ടിക്കെതിരെ നിൽക്കുന്നവർ അപഹാസ്യരാവണം; പാർട്ടി വിട്ടുപോകുന്നവർ എങ്ങനെയെങ്കിലും പിഴച്ചുപോകരുത്. ബൂർഷ്വാ മര്യാദകൾ അനുവദിച്ചുകൂടാ.
കോടതികളെയും ന്യായാധിപന്മാരെയും ഒരു പരിധിക്കപ്പുറം ചോദ്യം ചെയ്യാതെ വിടുന്നതാണ് ജനാധിപത്യ ക്രമത്തിലെ മര്യാദയും ആചാരവും. എതിർപ്പിനും ആരോപണത്തിനും കാരണം ഉണ്ടെങ്കിലും, ഒരു ഘട്ടം കഴിഞ്ഞാൽ കൊലവിളി നടത്താതെ ബഹളം അവസാനിപ്പിക്കുന്നതാണ് ബൂർഷ്വാ സമൂഹത്തിൽ പതിവ്. കമ്യൂണിസ്റ്റുകാർ പലപ്പോഴും വഴി കാട്ടുന്ന നമ്മുടെ പ്രതിപക്ഷം കോടതിയുടെ എന്നല്ല ഒന്നിന്റെയും പവിത്രത അലംഘനീയമായി വിടാൻ ഇഷ്ടപ്പെടുന്നവരല്ല. അവസരം കിട്ടിയാൽ കുടൽ മാല വലിച്ചെടുത്തേ അവർ അങ്കം അവസാനിപ്പിക്കുകയുള്ളൂ. നന്നേ ചുരുങ്ങിയതാണ് അവർ പാലിക്കുന്ന അരുതായ്മകളുടെ പരിധി.
സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപനെ വിചാരണ ചെയ്ത് പുറത്താക്കാൻ ഒരുമ്പെട്ടിരിക്കയാണ് അവർ. ആവശ്യവും അവസരവും എന്തായാലും, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നാണം കെടുത്തി കുറ്റം ചാർത്തി പുറന്തള്ളണമെന്ന വാദം ആദ്യം ഉന്നയിച്ചയാൾ. സ്വന്തം പാർട്ടിയിൽ ഒരു അരുക്കാക്കപ്പെട്ട അദ്ദേഹത്തിന് ആളുകളെ ഒന്നിപ്പിക്കാൻ കിട്ടിയ അവസരം. വഴി പിഴച്ച ന്യായാധിപനെ പഴിക്കാൻ മടിക്കുന്നവർ പ്രതിപക്ഷത്തിന്റെ പ്രസക്തമായ വേഷം എങ്ങനെ ആടും എന്നാകും അദ്ദേഹത്തിന്റെ ചോദ്യം. കമ്യൂണിസത്തിന്റെ പഴയ കമ്മട്ടത്തിൽ പിറന്നുവളർന്ന ആളല്ല യെച്ചൂരി. എന്നാലും പാർട്ടിക്ക് ഹിതമല്ലാത്തവരെ അഴിമതിക്കാരും സദാചാര വിരുദ്ധരുമായി കരിയടിക്കുന്ന പഴയ അടവ് അദ്ദേഹവും പ്രയോഗിക്കുന്നു. കോടതിയുടെ പവിത്രതയുടെ പേരിൽ നിയമം പാലിക്കാൻ അദ്ദേഹത്തെ കിട്ടില്ല.
കാൽ നൂറ്റാണ്ടിലേറെ മുമ്പായിരുന്നു സുപ്രീം കോടതിയിലെ ജസ്റ്റിസ് വി രാമസ്വാമിക്കെതിരെ ഉണ്ടായ നീക്കം. ആ പ്രകരണം കമ്യൂണിസ്റ്റ് സംഭാവന ആയിരുന്നില്ലെങ്കിലും ഒടുവിൽ അതിന്റെ ആദ്യവസാനക്കാരായത് സോമനാഥ ചാറ്റർജിയും ജോർജ് ഫെർണാണ്ടസുമായിരുന്നു. ഒരു ന്യായാധിപനെ വിചാരണ നടത്താൻ പാർലമെന്റ് ആദ്യം ഇറങ്ങിത്തിരിച്ചപ്പോൾ അവരായിരുന്നു വേട്ടനായ്ക്കളെപ്പോലെ ഇരയുടെ മേൽ ചാടി വീണ ആക്രമണകാരികൾ. സൗമ്യനായ സോമനാഥും സ്വതവേ ആക്രമണങ്ങളിൽനിന്ന് ശക്തി വലിച്ചെടുക്കുന്ന ഫെർണാണ്ടസും അന്ന് ലോക്‌സഭയിൽ വെട്ടിത്തിളങ്ങി. വെട്ടിത്തിളങ്ങുന്നതാണല്ലോ പാർലമെന്റിലും പ്രസംഗവേദിയിലും വിജയം.
എൺപതുകളുടെ അവസാനത്തോളം പഴക്കമുള്ളതാണ് രാമസ്വാമിയുടെ കേസ്. പഞ്ചാബ്-ഹരിയാന മുഖ്യ ന്യായാധിപനായിരുന്നപ്പോൾ വീട് മോടി പിടിപ്പിക്കാൻ അദ്ദേഹം ചെലവാക്കിയ പണത്തെപ്പറ്റിയായിരുന്നു ആദ്യമാദ്യം പത്രത്തിൽ വന്ന പരാതി. ഇടതുപക്ഷം കേരളം ഭരിക്കുന്ന ഈ യുഗത്തിൽ കണ്ണട വാങ്ങാനും വീട് നന്നാക്കാനും മറ്റും മന്ത്രിമാരും സഭാധ്യക്ഷനും ചെലവാക്കിയ തുകയുടെ കണക്കുമായി പരിചയപ്പെട്ടവർ രാമസ്വാമിക്കു നേരിട്ട ദുർദതിയോർത്ത് പരിഹസിച്ചു രസിക്കുന്നുണ്ടവും.
രാമസ്വാമിക്കെതിരെ ഉണ്ടായ ആരോപണം എങ്ങനെ വന്നു എന്ന ചോദ്യത്തിൽ പ്രസക്തിയില്ല. അദ്ദേഹം അനുവദിച്ചതിലും കൂടുതൽ പണം പറ്റിയിട്ടുണ്ടെങ്കിൽ തെറ്റു തന്നെ. പക്ഷേ അതിന്റെ പേരിൽ ന്യായാധിപന്റെ നിഷ്‌കാസനം എന്ന പരമമായ ശിക്ഷ വരെ പോകണോ? ന്യായാധിപൻ മർക്കട മുഷ്ടിക്കാരനാണെങ്കിലും ന്യായാധിപന്റെ വിചാരണ വരെ നീളുന്ന പ്രക്രിയ ഒഴിവാക്കാൻ യമവും നിയമവും അനുസരിക്കുന്ന രാഷ്ട്ര തന്ത്രജ്ഞർക്കും പാർലമെന്റ് പ്രതിഭകൾക്കും കഴിയണ്ടേ? ഞാൻ പാർലമെന്റ് റിപ്പോർട്ട് ചെയ്യുന്ന കാലത്തായിരുന്നു കഥയുടെ തുടക്കം.
രാമസ്വാമിയുടെ ധാരാളിത്തത്തെപ്പറ്റിയും നിഷ്‌കാസനത്തിനുള്ള നീക്കത്തെപ്പറ്റിയും രാഷ്ട്രീയ വൃത്തങ്ങളിൽ അടക്കിപ്പിടിക്കാത്ത സംവാദം നടന്നുകൊണ്ടിരുന്നു. വീട് അലങ്കരിക്കാൻ മുഖ്യ ന്യായാധിപൻ ചെലവാക്കിയ തുക കൂടിപ്പോയി എന്ന ആരോപണം കൊമ്പനാന ജലദോഷം കൊണ്ട് കിടപ്പിലായി എന്നു പറയുന്നതു പോലെയായി. മുഖ്യ ന്യായാധിപൻ എങ്ങനെ ഈ വെട്ടിൽ വീണു? ആ അന്വേഷണവുമായി ഞാൻ അദ്ദേഹത്തെ കാണാൻ ശ്രമിച്ചു. അദ്ദേഹവുമായി അടുപ്പമുണ്ടെന്നു കേട്ടിരുന്ന ഒന്നു രണ്ടു വക്കീൽമാരുമായി സംസാരിച്ചു. ഒന്നാം പേജിൽ വെണ്ടക്ക നിരത്താവുന്ന വാർത്തയായിരുന്നു.
രാമസ്വാമിയുടെ ഉള്ളിലിരിപ്പ് വേറെ എന്തോ ആയിരുന്നു. തനിക്കെതിരെ വരുന്ന അരോപണം മുറക്കു നീങ്ങട്ടെ, താൻ ഒരു സെന്റിമീറ്റർ പോലും വിട്ടു കൊടുക്കില്ല, എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. രാജി വെച്ചൊഴിയുന്ന പ്രശ്‌നമില്ല, വിചാരണയെങ്കിൽ വിചാരണ തന്നെ എന്നുറച്ച് രാമസ്വാമി കോടതിയെയും പാർലമെന്റിനെയും നിയമ വൃത്തങ്ങളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തന്റെ ക്ഷോഭജനകമായ നിശ്ശബ്ദത തുടർന്നു. ഒടുവിൽ 1991 ഒക്‌ടോബറിൽ പാർലമെന്റ് സമ്മേളനം തീരുമ്പോൾ ന്യായാധിപന്റെ വിചാരണയെപ്പറ്റി എന്തെങ്കിലും തീരുമാനമെടുക്കേണ്ട അവസരം സ്പീക്കറുടെ മുന്നിൽ അവശേഷിച്ചു. അതുവരെ ഒരു സൂചനയും തരാതിരുന്ന സ്പീക്കർ രബി റായ് മറ്റൊരു ഒഡീഷക്കാരൻ സഭ പിരിയുമ്പോൾ രാമസ്വാമിയെ വിചാരണ ചെയ്യണമെന്ന പ്രമേയത്തിന് അനുമതി കൊടുത്തു. പി ബി സാവന്ത്, പി ഡി ദേശായി, ചന്നപ്പ റെഡ്ഡി എന്നീ നിയമജ്ഞരുടെ സമിതിക്ക് പ്രമേയത്തിലെ ആരോപണങ്ങൾ പരിശോധനക്കു വിടുകയും ചെയ്തു.
രാഷ്ട്രീയം ഇഴഞ്ഞു നീങ്ങി. നിറം മാറി. അതിനിടെ നിയമം അതിന്റെ വഴിക്ക് നീങ്ങിക്കൊണ്ടിരുന്നു. ജസ്റ്റിസ് സാവന്ത് അധ്യക്ഷനായുള്ള സമിതി രാമസ്വാമിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മിക്കതും ശരിയെന്നു കണ്ടു. വിചിത്രമെന്നു പറയട്ടെ, സാവന്ത് ഒരു ബെഞ്ചിൽ ഇരുന്ന് അതു ചെയ്യുമ്പോൾ രാമസ്വാമി മറ്റൊരു ബെഞ്ചിൽ ഇരുന്ന് കേസ് വിസ്താരം നടത്തുകയായിരുന്നു.
ആരോപണം നിലവിലുണ്ടെങ്കിൽ ജഡ്ജി മാറി നിൽക്കണമെന്നു നിയമമില്ല. എന്തായാലും മാറി നിന്ന് പ്രശ്‌നം തീർക്കാനുള്ള സൗമനസ്യം കാട്ടുന്ന ആളായിരുന്നില്ല രാമസ്വാമി. പോർ എങ്കിൽ പോർ തന്നെ!.
വിചാരണ പ്രമേയം ചർച്ചക്കെത്തിയപ്പോൾ തന്റെ ഭാഗം പറയാൻ രാമസ്വാമി ഒരു വക്കീലിനെ ചുമതലപ്പെടുത്തി. തിയേറ്ററിലും കോടതിയിലും രാഷ്ട്രീയത്തിലും സവ്യസാചിത്വം തെളിയിച്ച കപിൽ സിബൽ ആയിരുന്നു രാമസ്വാമിയുടെ ഭാഗം വാദിച്ച അഭിഭാഷകൻ. കണക്കും കഥയും ഉദ്ധരിച്ച്, അനുവദിച്ച തുകയേ തന്റെ കക്ഷി ചെലവാക്കിയിട്ടുള്ളൂ എന്നു സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ട് കപിൽ സിബൽ നടത്തിയ വാദഘോഷം ഒരേ സമയം ഉദ്വേഗവും ഫലിതവും ഉണർത്തി. സങ്കീർണമായ അതിലെ യുക്തിയെ ഒരു ലേഖകൻ, ജൂലിയസ് സീസറുടെ വധത്തിനു ശേഷം ഉണ്ടായ മാർക് ആന്റണിയുടെ പ്രസംഗത്തോട് ഉപമിച്ചപ്പോൾ ജോർജ് ഫെർണാണ്ടസ് അക്ഷമനായി. ആ താരതമ്യം തനിക്കു വേണമെന്നായിരുന്നു ഫെർണാണ്ടസിന്റെ മോഹമെന്ന് മറ്റൊരു റിപ്പോർട്ടർ എഴുതി.
ഒടുവിൽ പ്രമേയം വോട്ടിനിട്ടു. അതു ജയിച്ചാൽ ജസ്റ്റിസ് രാമസ്വാമിയെ രാഷ്ട്രപതി പിടിച്ചു പുറത്താക്കും. ജയിച്ചില്ലെങ്കിൽ ആരോപണങ്ങളുമായി അരങ്ങു തകർത്തിരുന്നവർ ചമ്മിപ്പോകും. കോടതിയുടെ അന്തസ്സും രാഷ്ട്രീയത്തിന്റെ അഭിലഷണീയതകളും അവസാനിക്കാത്ത വാദപ്രതിവാദത്തിനു വിഷയമാകും. പ്രധാനമന്ത്രി നരസിംഹ റാവു പ്രതിസന്ധിയിലായിരുന്നു. ന്യായാധിപനെ കൂട്ടിൽ കേറ്റുന്ന പ്രമേയത്തെ അംഗീകരിക്കണോ, അതോ മാന്യതയുടെയും സംയമത്തിന്റെയും പേരിൽ അതിനെതിരെ നിൽക്കണോ? എന്നും ബുദ്ധന്റെ മധ്യമാർഗം വഴി രക്ഷപ്പെട്ടിട്ടുള്ള നരസിംഹ റാവു ഇത്തവണയും പഴയ വേല ഇറക്കി. ഭരണകക്ഷി നിഷ്പക്ഷത പാലിച്ചപ്പോൾ പ്രമേയം തള്ളപ്പെട്ടു. രാമസ്വാമി രക്ഷപ്പെട്ടു. സുപ്രീം കോടതിയിൽനിന്നു പിരിഞ്ഞ ശേഷം അദ്ദേഹം ശിവകാശിയിൽ എ ഐ ഡി എം കെ സ്ഥാനാർഥിയായി ലോക്‌സഭയിലേക്ക് മൽസരിച്ചു തോറ്റുവെന്നത് കഥയിലെ ശേഷപത്രം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വന്നിരിക്കുന്ന ആരോപണങ്ങളുടെ ഗൗരവമോ വിചാരണ പ്രമേയത്തിന്റെ ഗതിയോ ചർച്ച ചെയ്യേണ്ടതല്ല ഈ അവസരം. പ്രമേയം പാസാകുകയാണെങ്കിൽ തന്നെ, തുടർ നടപടികൾ മുന്നോട്ടു പോകും മുമ്പ് മിശ്ര പിരിഞ്ഞിരിക്കും. അങ്ങനെ പ്രതിയില്ലാത്ത കേസിലെ വിചാരണ പോലെയാകാം ഇപ്പോഴത്തെ നീക്കം. അതുകൊണ്ട് പ്രമേയമേ പാടില്ല എന്നൊരു നിലപാട് ആർക്കുമുണ്ടാവില്ല. പക്ഷേ ന്യായാധിപനെ നിഷ്‌കാസനം ചെയ്യാനുള്ള ശ്രമം ജനാധിപത്യ ക്രമത്തിനോ നിയമ സംവിധാനത്തിനോ കരുത്തേകുന്നതാവില്ല. ന്യായാധിപരും അതോർക്കണ്ടേ എന്ന ചോദ്യത്തിനു മറുപടിയില്ല.