ഗ്യാന്‍വാപിയില്‍ കണ്ടതിന്റെ വിശദാംശങ്ങളുമായി ഫോട്ടോഗ്രാഫര്‍

ലഖ്‌നൗ-ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെന്ന് പറയുന്ന ശിവലിംഗത്തിന് പര്‍വത രൂപമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത ഫോട്ടോഗ്രാഫര്‍ ഗണേഷ് ശര്‍മ്മ.
ശിവലിംഗം ഒരു പര്‍വതത്തിന്റെ ആകൃതിയിലായിരുന്നുവെന്ന്  ശര്‍മ്മ  ആജ് തക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.  
മാധ്യമങ്ങളില്‍ കാണിക്കുന്നത് ശിവലിംഗം പോലെയാണ്. താഴെ നിന്ന് മുകളിലേക്ക് ഒരുപോലെയാണ് കാണപ്പെടുന്നത്. എന്നാല്‍ താഴെ  വ്യത്യസ്തമായാണ് ഞങ്ങള്‍ കണ്ടത്. മുകളില്‍ നിന്ന് താഴേക്ക് ഒരേ ആകൃതിയാണെന്ന് തോന്നുന്നു, പക്ഷേ അടിയില്‍ അത് വിശാലമാണ്. ഏതാണ്ട്  പര്‍വതത്തിന്റെ ആകൃതിയാണ്- അദ്ദേഹം പറഞ്ഞു.
അളന്നപ്പോള്‍ 12 അടി വ്യാസമുണ്ടായിരുന്നു. എല്ലാ വിശദാംശങ്ങളും പകര്‍ത്തിയിട്ടുണ്ട്.  ശിവലിംഗത്തില്‍ തൊടുക, വണങ്ങുക തുടങ്ങിയ  മതവികാരത്തിന്റെ അന്തരീക്ഷമൊന്നും ഉണ്ടായിരുന്നില്ല. ഹര്‍ ഹര്‍ മഹാദേവ് വിളിക്കുന്നത് തടഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവിട്ട സര്‍വേയുടെ അവസാന ദിവസമാണ് ഗ്യാന്‍വാപി വിവാദ ശിവലിംഗം  കണ്ടെത്തിയത്. ശിവലിംഗമാണെന്ന് ഹിന്ദു പക്ഷം അവകാശപ്പെട്ടപ്പോള്‍ മസ്ജിദ് അധികൃതര്‍ ഇത് ജലധാരയാണെന്ന് പറയുന്നു.
കറുത്ത് തിളങ്ങുന്ന കല്ലാണെന്നും  വെള്ളത്തില്‍ മുങ്ങിക്കിടന്നിട്ടും തിളക്കം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News