തിരുവനന്തപുരം- സി.പി.എമ്മുകാര്‍ എന്തുകൊണ്ട് അന്തംകമ്മികളായെന്നതിനു തെളിവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
സി.പി.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേളയില്‍ നേതാക്കള്‍ വിളിച്ച മുദ്രാവാക്യത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പരിഹാസം.
സോഷ്യലിസത്തോടൊപ്പം സാമ്രാജ്യത്വം വാഴട്ടെയെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മുദ്രാവാക്യം വിളിച്ച നേതാക്കളും അണികളും ബുദ്ധിശൂന്യരായ ഒരു ഭക്തജനക്കൂട്ടമാണെന്നും ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ 'അന്തംകമ്മികള്‍' എന്ന് വിളിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'സോഷ്യലിസം വാഴട്ടെ, സാമ്രാജ്യത്വം തുലയട്ടെ' എന്ന മുദ്രാവാക്യം വിളിക്കുമ്പോള്‍ വന്ന പിശകിനെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
നേതാവ് എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും തിരുത്താനോ, വിയോജിക്കാനോ നില്‍ക്കാതെ 'ഓ തമ്പുരാനെ' എന്ന രീതിയില്‍ ഏറ്റുവിളിക്കുന്ന ബുദ്ധിശൂന്യരായ ഒരു ഭക്തജനക്കൂട്ടമാണ് സി.പി.ഐ.എം എന്നും, അതുകൊണ്ടാണ് 'ഗുളു ഗുളു എസ്.എഫ്.ഐ' എന്നും 'പെങ്ങള്‍ക്കു വേണ്ട ആസാദി' എന്നുമൊക്കെ മുദ്രാവാക്യം വിളിക്കുമ്പോള്‍ അണികള്‍ ഏറ്റു വിളിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മുദ്രാവാക്യം വിളിച്ചു കൊടുത്ത ഷംസീറിന്റെ മണ്ടത്തരങ്ങളില്‍ ഒന്നു കൂടി എക്‌സ്‌പോസ് ചെയ്യാനല്ല ഈ വീഡിയോ പങ്ക് വെക്കുന്നതെന്നും, മറിച്ച് ആ പാര്‍ട്ടിയുടെയും അണികളുടെയും ഗതികേട് പങ്ക്‌വെക്കുകയാണെന്നും രാഹുല്‍ കുറിച്ചു.






