തിരുവനന്തപുരം- തൃക്കാക്കരയില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ നിന്നുകൊടുക്കേണ്ട കാര്യം പി.സി. ജോര്‍ജിനില്ലെന്നും പിണറായിയുടെ പോലീസിന് പിടികൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മകനും കേരള ജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ്.
മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പോലീസ് പി.സി. ജോര്‍ജിന് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്താല്‍ കുറേ ആളുകളെ പ്രീണിപ്പിക്കാന്‍ കഴിയും. ഇടതുപക്ഷവും വലതുപക്ഷവും കുറേ കാലമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണിത്.
പി.സി. ജോര്‍ജ് നാളെ ഹൈകോടതിയെ സമീപിക്കുമെന്നും ഷോണ്‍ ജോര്‍ജ് അറിയിച്ചു.
പി.സി. ജോര്‍ജിനായുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ല സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെ പോലീസ് സംഘം ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ കണ്ട ശേഷം പ്രകോപനപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹരജിക്കാരന്റെ അഭിപ്രായപ്രകടനം മുസ്‌ലിംകള്‍ക്കും സംസ്ഥാനത്തെ മറ്റ് സമുദായങ്ങള്‍ക്കും ഇടയില്‍ വിദ്വേഷവും ദുരുദ്ദേശ്യവും വളര്‍ത്തുന്ന തരത്തിലുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി വിലയിരുത്തി.