അറസ്റ്റ് മണത്തു, ജോര്‍ജ് മുങ്ങി, പോലീസ്  ടോം ആന്റ് ജെറി കളിക്കുന്നുവെന്ന് പ്രതിപക്ഷം 

കോട്ടയം- മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയ വേളയില്‍ തന്നെ പിസി ജോര്‍ജ് അറസ്റ്റ് സാധ്യത മുന്‍കൂട്ടി കണ്ടുവെന്ന് വിവരം. ജോര്‍ജിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും എന്നാല്‍ തിടുക്കത്തില്‍ അറസ്റ്റുണ്ടാകില്ലെന്നും കൊച്ചി കമ്മീഷണര്‍ എസ്എച്ച് നാഗരാജു പറഞ്ഞത് പോലീസിന്റെ പതിവ് അടവാണ് എന്ന് ജോര്‍ജ് മനസിലാക്കിയിരുന്നു. കോടതി വിധി വന്ന പിന്നാലെ അദ്ദേഹം ബന്ധുവിന്റെ കാറില്‍ വീട്ടില്‍ നിന്ന് പുറത്തുപോയി. കാര്‍ അല്‍പ്പ നേരം കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും അതില്‍ ജോര്‍ജുണ്ടായിരുന്നില്ല. പിസി ജോര്‍ജ് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. അതേസമയം, ജോര്‍ജ് തിരുവനന്തപുരത്തുണ്ടെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറയുന്നു. പിസി ജോര്‍ജിനെ നാടെങ്ങും പോലീസ് തിരയുകയാണ്. ഇതൊരു നാടകമാണെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം കൊച്ചി വെണ്ണല ക്ഷേത്രത്തില്‍ വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് പിസി ജോര്‍ജിനെ പോലീസ് തെരയുന്നത്. അറസ്റ്റ് സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. എറണാകുളം കോടതി ഹര്‍ജി തള്ളിയതോടെ പിസി ജോര്‍ജ് അറസ്റ്റ് മണത്തു. ഉടന്‍ പോലീസ് വീട്ടിലെത്തുമെന്നും അദ്ദേഹം ഉറപ്പിച്ചു.


 

Latest News