പാചക വാതക സബ്‌സിഡി പുന:സ്ഥാപിച്ചു, ഇനി സംസ്ഥാനം കുറക്കണമെന്ന് കേന്ദ്രം

ന്യൂദല്‍ഹി- പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും എക്‌സൈസ് തീരുവ കുറച്ച കേന്ദ്രസര്‍ക്കാര്‍ ഗ്യാസ് സിലിണ്ടറിന്റെ സബ്‌സിഡി പുനഃസ്ഥാപിച്ചു. ഒരു സിലിണ്ടറിന് 200 രൂപ സബ്‌സിഡി നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഉജ്ജ്വല്‍ യോജനയില്‍ പെട്ടവര്‍ക്ക് 200 രൂപയാണ് സബ്‌സിഡി. ഒരു വര്‍ഷം 12 സിലിണ്ടറിന് സബ്‌സിഡി ലഭിക്കും. പെട്രോള്‍ ലിറ്ററിന് യഥാക്രമം 8 രൂപയും 6 രൂപയുമാണ് എക്‌സൈസ് തീരുവയില്‍ കുറവ് വരുത്തിയത്. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും.
പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ 9 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് ഈ വര്‍ഷം ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്‌സിഡി നല്‍കുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ അറിയച്ചു.
നികുതി കുറച്ചത് കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയോളം വരുമാന നഷ്ടമുണ്ടാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

മാര്‍ച്ച് 22 ന് രാജ്യത്ത് പ്രതിദിന വില വര്‍ധനവ് പുനരാരംഭിച്ച ശേഷം പെട്രോളിനും ഡീസലിനും 14 തവണ വില വര്‍ധിച്ചിട്ടുണ്ട്.
'സാധാരണക്കാര്‍ക്ക് ആശ്വാസമേകാന്‍ ഇനി സംസ്ഥാനങ്ങള്‍ ഇന്ധനങ്ങളുടെ വാറ്റ് കുറയ്ക്കുക എന്നതാണ് ചെയ്യേണ്ടത്. പ്രതിദിനം ഏകദേശം 60 ദശലക്ഷം ആളുകള്‍ പെട്രോളോ ഡീസലോ ഉപയോഗിക്കുന്നു. ഇതിന്റെ ഒരു ഭാഗം സംസ്ഥാനങ്ങള്‍ വഹിക്കേണ്ടിവരും- മന്ത്രി പറഞ്ഞു.

 

Latest News