ഇലക്ഷന്‍ പെരുമാറ്റച്ചട്ടം: ഹജ് ക്യാമ്പിന് ഔദ്യോഗിക ഉദ്ഘാടനമില്ല

നെടുമ്പാശ്ശേരി- കേരളത്തില്‍നിന്നു ഹജ് നിര്‍വഹിക്കുവാന്‍ പോകുന്ന തീര്‍ഥാടകര്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെയും ഹജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഘടിപ്പിക്കുന്ന  ഹജ് ക്യാമ്പിന് ഇത്തവണ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കും. മുന്‍ വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെത്തി വിപുലമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് ക്യാമ്പ് ആരംഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജൂണ്‍ അഞ്ച് വരെ എറണാകുളം ജില്ലയില്‍ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതാണ് ഹജ് ക്യാമ്പിന്റെ ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് വിലങ്ങുതടിയായത്. ജൂണ്‍ മൂന്നിനാണ് ക്യാമ്പ്് ആരംഭിക്കുന്നത്. നാലിനാണ് ആദ്യ വിമാനം പുറപ്പെടുന്നത്. ആദ്യ വിമാനം യാത്രയാകുമ്പോള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെയില്‍ നടക്കുന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിലും സര്‍ക്കാരിലെ മന്ത്രിമാര്‍ അടക്കമുള്ള ഉന്നതര്‍ക്ക് പങ്കെടുക്കാനാവില്ല. എന്നാല്‍ ജൂണ്‍ അഞ്ചിന് ശേഷം മന്ത്രിമാര്‍ അടക്കമുള്ളവര്‍ ക്യാമ്പ്  സന്ദര്‍ശിക്കാനെത്തും. തീര്‍ഥാടകര്‍ക്കു വേണ്ടിയുള്ള സൗകര്യങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള സിയാല്‍ അക്കാദമിയില്‍ ഒരുക്കി വരികയാണ് .ഹജ്ജ് ക്യാപ് താല്‍ക്കാലികമായി ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ് . ആദ്യ ഹജ്ജ് വിമാനം ജൂണ്‍ നാലിന് രാവിലെ 9 തിന് പുറപ്പെടും .ജിദ്ദയില്‍ നിന്നും രാവിലെ 7.30 തിന് എത്തുന്ന സൗദി എയര്‍ലൈന്‍സ് വിമാനമാണ് തീര്‍ത്ഥാടകര്‍ക്കായി ആദ്യ സര്‍വ്വീസ് നടത്തുന്നത് .  കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും മദീനയിലേയ്ക്കാണ് തീര്‍ത്ഥാടകരെ ആദ്യം എത്തിക്കുക .16 വരെ തീര്‍ത്ഥാടകരെ മദീനയില്‍ എത്തിക്കുന്നതിന് സൗദി എയര്‍ലൈന്‍സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തും ഇതിനായി സൗദി എയര്‍ലൈന്‍സ് 20 വിമാനങ്ങള്‍ തീര്‍ഥാടകര്‍ക്ക് മാത്രമായി സര്‍വീസ് നടത്തും. ഓരോ വിമാനത്തിലായി 377 യാത്രക്കാര്‍ വീതം യാത്രയാകും . ജൂണ്‍ 4 , 6 , 7 ,9 ,13 ,15 തീയ്യതികളില്‍ ഒരോ വിമാനവും 5 , 8 , 10 , 14 തീയ്യതികളില്‍ രണ്ട് വിമാനം വീതവും 12 , 16 തിയതികളില്‍ മൂന്ന് വിമാനങ്ങളുമാണ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പ്രത്യേക സര്‍വ്വീസുകള്‍ ചെയ്യുന്നതിനായി പ്രത്യേകമായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് . മദീനയില്‍ എത്തി ചേരുന്ന തീര്‍ത്ഥാടകര്‍ ഹജ് കര്‍മം നിര്‍വ്വഹിച്ചതിനു ശേഷം ജിദ്ദ വഴിയാണ് നാട്ടിലേക്ക് തിരിക്കുന്നത്. ആദ്യ ഘട്ടത്തിലാണ് ഈ തവണ കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Latest News