മലപ്പുറം-നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. അലിമോന്‍, അല്‍ത്താഫ്, റഫീഖ്, അനസ്ബാബു, മണികണ്ഠന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയെന്ന് കരുതുന്ന യഹിയ ഒളിവിലാണെന്നും സംഭവത്തില്‍ കൂടുതല്‍പേര്‍ പ്രതികളാകുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരിച്ച അബ്ദുള്‍ ജലീലിന് ക്രൂരമായ മര്‍ദനമേറ്റിരുന്നു. 15ാം തീയതി മുതല്‍ 18ാം തീയതി വരെ ഇയാള്‍ പ്രതികളുടെ കസ്റ്റഡിയിലായിരുന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മര്‍ദനമേറ്റിട്ടുണ്ട്. ദേഹം മുഴുവന്‍ മുറിവുകളാണ്. വടിയും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് പ്രതികള്‍ ജലീലിനെ ആക്രമിച്ചതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഒളിവിലുള്ള പ്രതി യഹിയക്ക് കുഴല്‍പ്പണം, സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ പങ്കുണ്ടെന്നാണ് വിവരം. പിടിയിലായ അല്‍ത്താഫ്, അലിമോന്‍, റഫീഖ് എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ രക്ഷപ്പെടാനും മറ്റും ഒട്ടേറെപേര്‍ സഹായിച്ചിട്ടുണ്ട്. ഇവരും കേസിലെ പ്രതികളാകുമെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
15 ാം തീയതി ജിദ്ദയില്‍നിന്ന് നാട്ടിലെത്തിയ അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലി(42)നെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് അബ്ദുള്‍ ജലീലിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.






