ഹൈദരാബാദ്- തെരുവില്‍ ഉപേക്ഷിക്കപ്പെട്ട വയോധികയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന സിറ്റി പോലീസ് ഹോം ഗാര്‍ഡിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. കുകട്പള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ബി.ഗോപാലാണ് മക്കള്‍ തെരുവില്‍ ഉപേക്ഷിച്ച അമ്മയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് നന്മയുള്ളവരുടെ മനസ്സുകളില്‍ ഇടംപിടിച്ചത്. ഗോപാലിന്റെ നല്ലമനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ ട്വീറ്റ് ചെയ്തു.
തെലങ്കാന ഡിജിപിയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹര്‍ഷ ഭാര്‍ഗവിയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
കുകട്പള്ളിയിലെ ജവഹര്‍ ലാല്‍ നെഹ്റു ടെക്നിക്കല്‍ സര്‍വകലാശാലയുടെ സമീപമാണ് ഗോപാല്‍ 80 വയസ്സായ സ്ത്രീയെ കണ്ടത്. മൂന്ന് ദിവസമായിട്ടും ചായക്കടക്ക് സമീപത്തുനിന്ന് പോകാതിരുന്ന വയോധികയെ മക്കള്‍ ഉപേക്ഷിച്ചതാണെന്ന് മനസ്സിലായതോടെ അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുകയായിരുന്നു.
ആദ്യം അവര്‍ക്ക് ഒരു ചായ വാങ്ങിക്കൊടുത്തു. പിന്നീട് ഉച്ചഭക്ഷണം വാങ്ങിനല്‍കി. എന്നാല്‍ സ്വന്തം കൈ ഉപയോഗിച്ച് ഭക്ഷണം വാരിക്കഴിക്കാന്‍ പോലും അവര്‍ക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഭക്ഷണം വാരിക്കൊടുത്തത്- ഗോപാല്‍ ദ ഹിന്ദുവിനോട് പറഞ്ഞു. പിന്നീട് ഈ വയോധികയെ വൃദ്ധസദനത്തിലേക്ക് മാറ്റി.