ഹൈദരാബാദ്- ഹൈദരാബാദില്‍ വീണ്ടും ദുരഭിമാനക്കൊല. ജാതി മാറിയുള്ള പ്രണയ വിവാഹത്തിന്റെ പേരില്‍ 24 കാരനെ പൊതുസ്ഥലത്ത് പിതാവിന്റെ കണ്‍മുന്നില്‍ വെച്ച് കൊലപ്പെടുത്തി.
ഷാഹിനായത്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബീഗം ബസാര്‍ ഏരിയയിലെ തിരക്കേറിയ മത്സ്യമാര്‍ക്കറ്റിന് സമീപമാണ് നീരജ് കുമാര്‍ പന്‍വാറിനെ ഭാര്യയുടെ ബന്ധുക്കളെന്ന് പറയപ്പെടുന്ന അഞ്ച് പേര്‍ കുത്തിക്കൊന്നത്.
കടയടച്ച് പിതാവ് രാജേന്ദര്‍ പന്‍വാറിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന്റെ തലയ്ക്ക് പിന്നില്‍ ഗ്രാനൈറ്റുകൊണ്ട് ഇടുച്ചി. താഴെ വീണപ്പോള്‍ അരിവാളുകൊണ്ട് വെട്ടി.
ബീഗം ബസാര്‍ മേഖലയിലെ കോല്‍സവാഡിയില്‍ ചില്ലറ കടല കച്ചവടം നടത്തുന്ന നീരജ് പന്‍വാറും ഇതേ പ്രദേശത്തെ താമസക്കാരിയായ സഞ്ജനയും (20) തമ്മില്‍ ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഒന്നര മാസം മുമ്പാണ് ഇവര്‍ക്ക് ഒരു കുട്ടി ജനിക്കുകയും ചെയ്തു.
വിവാഹത്തിന് സഞ്ജനയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. നീരജിനോടുള്ള ഇവരുടെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ആറ് മാസമായി ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കടയില്‍ നിന്ന് വീട്ടിലേക്കുള്ള നീരജിന്റെ നീക്കങ്ങള്‍ അറിയാന്‍ ഒരാഴ്ചയോളം അവര്‍ പിന്തുടര്‍ന്നു. വെള്ളിയാഴ്ച കാലാവസ്ഥ മേഘാവൃതമായതിനാലും റോഡില്‍ അധികം ആളുകളില്ലാത്തതിനാലുമാണ് കൃത്യം നടപ്പിലാക്കയത്.
രണ്ട് മോട്ടോര്‍ ബൈക്കുകളിലായി എത്തിയ അക്രമികള്‍ കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ടു. പോലീസ് നീരജിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പ്രതികളെ ഉടന്‍ പിടികൂടി കര്‍ശന ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ റോഡില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. ശനിയാഴ്ച ബീഗം ബസാറില്‍ ബന്ദിന് ആഹ്വാനം ചെയ്തു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഏതാനും പ്രതികളെ പിടികൂടിയിട്ടുണ്ട്. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ കര്‍ണാടകയിലെ ഗുരുമിത്കലില്‍നിന്നാണ് പോലീസ് നാല് പ്രതികളെ പിടികൂടിയത്.
ഭാര്യയുടെ വീട്ടുകാരില്‍ നിന്ന് ജീവന് ഭീഷണിയുള്ളതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട് ഒരു വര്‍ഷം മുമ്പ് ഇയാള്‍ പോലീസിനെ സമീപിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഒരു മാസത്തിനിടെ ഹൈദരാബാദില്‍ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലയാണിത്. മെയ് നാലിന് സരൂര്‍നഗറില്‍ മിശ്രവിവാഹത്തിന്റെ പേരില്‍ 25കാരന്‍ വെട്ടേറ്റു മരിച്ചിരുന്നു.
ബില്ലാപുരം നാഗരാജുവിനെ ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് പരസ്യമായി കൊലപ്പെടുത്തിയത് യുവതിയുടെ സഹോദരനും മറ്റൊരു ബന്ധുവുമായിരുന്നു.






