ഗ്യാന്‍വാപി മസ്ജിദ് കേസ് ഹൈക്കോടതി ജൂലൈ ആറിലേക്ക് മാറ്റി

പ്രയാഗ്‌രാജ്- ഗ്യാന്‍വാപി മസ്ജിദ് കേസില്‍ വാദം കേള്‍ക്കുന്നത് അലഹബാദ് ഹൈക്കോടതി ജൂലൈ ആറിലേക്ക് മാറ്റി. വാരാണസിയിലെ അഞ്ജുമന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി  സമര്‍പ്പിച്ച ദൈര്‍ഘ്യമേറിയ ഹരജിയും അനുബന്ധ വിഷയങ്ങളും പരിഗണിച്ച ജസ്റ്റിസ് പ്രകാശ് പാഡിയയാണ് കേസ് ജൂലൈ ആറിലേക്ക് മാറ്റിയത്.

ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുരാതന ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1991 ലാണ് വാരണാസി ജില്ലാ കോടതിയില്‍ ആദ്യമായി കേസ് ഫയല്‍ ചെയ്തത്. ഉത്തര്‍പ്രദേശ് നിയമസഭ പാസാക്കിയ 1983ലെ ഉത്തര്‍പ്രദേശ് കാശി വിശ്വനാഥ ക്ഷേത്ര നിയമം 1983 ജനുവരി 28ന് നിലവില്‍ വന്നതായി ക്ഷേത്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിജയ് ശങ്കര്‍ റസ്‌തോഗി വാദിച്ചു.

നിയമത്തില സെക്്ഷന്‍ നാലിലെ  ഉപവകുപ്പ് ഒമ്പതില്‍ പരാമര്‍ശിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍വചനം അദ്ദേഹം വിശദീകരിച്ചു. വാരണാസി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം എന്നറിയപ്പെടുന്ന ആദി വിശ്വേശ്വരന്റെ ക്ഷേത്രത്തെയാണ് വകുപ്പ് നിര്‍വചിക്കുന്നത്. ജോയ്തിര്‍ലിംഗ ആരാധനാലയമെന്ന നിലയില്‍ ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കുന്നു.
ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം കാശി വിശ്വനാഥന്റെ അഥവാ വിശ്വേശ്വരന്റെ  പ്രതിഷ്ഠയില്‍ നിക്ഷിപ്തമാണെന്നും റസ്‌തോഗി വാദിച്ചു, നിയമത്തിലെ സെക്ഷന്‍ അഞ്ചില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.   ഈ ക്ഷേത്രത്തിലുള്ള ലിംഗം സ്വയംഭൂവും ജ്യോതിര്‍ലിംഗവുമാണ്. ജ്യോതിര്‍ലിംഗത്തിന് നീണ്ട മതചരിത്രമുണ്ടെന്നും പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയില്‍വരെ ചോദ്യം ചെയ്യപ്പെട്ടെങ്കിലും നിയമത്തിന്റെ സാധുത സ്ഥിരീകരിച്ചുവെന്നും ഗംഗയുടെ തീരത്തുള്ള വാരണാസിയിലെ ശിവന്റെ വിഗ്രഹം ഇന്ത്യില്‍ സ്വയംഭൂവായ അഞ്ച് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സമയക്കുറവ് കാരണം വെള്ളിയാഴ്ച വാദം പൂര്‍ത്തിയാക്കാനായില്ല.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്യാന്‍വാപി പള്ളിയില്‍ സമഗ്രമായ സര്‍വേയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ വാരാണസി സിവില്‍ കോടതി രണ്ട് ഹിന്ദു, രണ്ട് മുസ്ലീം അംഗങ്ങളും ഒരു പുരാവസ്തു വിദഗ്ധനും അടങ്ങുന്ന അഞ്ചംഗ സമിതിയെ 2021 ഏപ്രില്‍ എട്ടിനാണ് നിയോഗിച്ചത്.  
വാരാണസി കോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധിയില്‍ വരുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

Latest News