ബിനീഷ് കോടിയേരിക്ക് കള്ളപ്പണം വെളുപ്പിക്കല്‍  കേസില്‍ സുപ്രീം കോടതി നോട്ടീസ്

ന്യൂദല്‍ഹി- കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ബംഗളുരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപച്ചത്. കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇഡി വാദിക്കുന്നത്. കേസില്‍ 2020 ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ഒരു വര്‍ഷത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അഞ്ച് മാസത്തിന് ശേഷമാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ മുകേഷ് കുമാര്‍ മാറോറിയാണ് ഇഡിക്ക് വേണ്ടി അപ്പീല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
 

Latest News