Sorry, you need to enable JavaScript to visit this website.

പ്രണയകാലത്തെ ലൈംഗിക ബന്ധം ബലാല്‍സംഗമല്ല: ഹൈക്കോടതി

പനജി- ആഴത്തിലുള്ള പ്രണയം ഉണ്ടായിരിക്കെ കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗമായി പരിഗണിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ പരാതിക്കാരിയായ യുവതി വസ്തുകളെ തെറ്റായി കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ നിര്‍ണായക വിധി. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയും യുവതിയും തമ്മില്‍ ആഴത്തിലുള്ള പ്രണയമുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നു കോടതി വ്യക്തമാക്കി. പ്രതിയെ ഏഴു വര്‍ഷത്തെ തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ച വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസിനോ ജോലിക്കരായ യുവാവും യുവതിയും തമ്മിലുള്ള പരിചയം പ്രണയമായി വളരുകയായിരുന്നു. പിന്നീട് കുടുംബത്തെ പരിചയപ്പെടുത്താനെന്നു പറഞ്ഞ് പ്രതിയായ യോഗേഷ് പാലേക്കര്‍ കാമുകിയെ വീട്ടിലേക്ക് കൊണ്ടു വുന്നു. എന്നാല്‍ വീട്ടില്‍ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. ആ രാത്രി കാമുകി യോഗേഷിന്റെ വീട്ടില്‍ തങ്ങുകയും ഇവരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാവിലെ യുവതിയെ യോഗേഷ് തിരികെ കൊണ്ടു വിടുകയും ചെയ്തു. പിന്നീട് മൂന്നോ നാലോ തവണ യോഗേഷിന്റെ വീട്ടില്‍ തന്നെ ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ യുവതി കീഴ്ജാതി ആണെന്ന കാരണത്താല്‍ വിവാഹം ചെയ്യാനാവില്ലെന്ന് യോഗേഷ് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യോഗേഷിനെതിരെ യുവതി കേസ് നല്‍കിയത്. 

വിവാഹം ചെയ്യാമെന്ന യോഗേഷ് വാഗ്ദാനം നല്‍കിയിരുന്നതിനാലാണ് ലൈംഗിക ബന്ധത്തിന് സമ്മതിച്ചതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. യോഗേഷിനെ പലപ്പോഴും സാമ്പത്തികമായി സഹായിച്ചിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ലൈംഗിക ബന്ധത്തിനു നല്‍കിയ സമ്മതം വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നില്ലെന്നും ഇരുവര്‍ക്കുമിടയിലെ പ്രണയ ബന്ധം കാരണമാണെന്നും കോടതി വിലയിരുത്തി. കേസിനാസ്പദമായ സംഭവത്തിനു ശേഷവും ഇവര്‍ പ്രണയം തുടര്‍ന്നതും യോഗേഷിനെ യുവതി സാമ്പത്തിക സഹായിച്ചിരുന്നതും ഇതിനു തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി.

യോഗേഷ് കടുത്ത മാനസംഘര്‍ഷത്തിന് അടിമയായി മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സ തേടിയ സമയത്ത് ബലാല്‍സംഗ കേസ് പിന്‍വലിക്കാനും യുവതി ശ്രമം നടത്തിയതും കോടതി പരാമര്‍ശിച്ചു. യോഗേഷിനെ സാമ്പത്തികമായി യുവതി സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ യുവതിയെ ചൂഷണം ചെയ്യാവുന്ന നിലയിലായിരുന്നില്ല പ്രതിയെന്നു വ്യക്തമായതായും കോടതി പറഞ്ഞു. 


 

Latest News