കൊടുങ്ങല്ലൂർ നഗരസഭയിൽ  അവിശ്വാസം പരാജയപ്പെട്ടു

തൃശൂർ- കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്‌സൺ എം.യു ഷിനിജക്കെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതെ പരാജയപ്പെട്ടു. ഭരണപക്ഷമായ ഇടതുപക്ഷവും ഏക കോൺഗ്രസ് അംഗവും വിട്ടു നിന്നതോടെ മതിയായ ക്വാറം തികയാതെ അവിശ്വാസം ചർച്ച ചെയ്യാനായില്ല. അവിശ്വാസം പരാജയപ്പെട്ടതായി റിട്ടേണിങ് ഓഫീസറായിരുന്ന നഗരകാര്യ വകുപ്പ് റീജ്യണൽ ജോ. ഡയറക്ടർ അരുൺ യോഗത്തിൽ പ്രഖ്യാപിച്ചു. 
ബൈപാസ് റോഡിൽ വഴിവിളക്ക് തെളിയിക്കാത്തതിൽ പ്രതിഷേധിച്ച് ഏക കോൺഗ്രസ് അംഗം ബി.ജെ.പിയുടെ അവിശ്വാസത്തെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നു. കോൺഗ്രസ് അംഗത്തിന്റെ പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം വിജയിക്കുമായിരുന്നുള്ളൂ. അവിശ്വാസത്തെ പിന്തുണക്കുമെന്ന കോൺഗ്രസ് കൗൺസിലറുടെ പ്രഖ്യാപനം ഇടതുപക്ഷം കോൺഗ്രസ്-ബി.ജെ.പി ബന്ധമായി ആയുധമാക്കിയതോടെ കോൺഗ്രസ് നേതൃത്വവും പ്രതിസന്ധിയിലായി. ഇടത് നേതാക്കളുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ബൈപാസ് സർവീസ് റോഡുകളിൽ നഗരസഭ വഴിവിളക്ക് തെളിയിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതിന് പിന്നാലെ ബി.ജെ.പിക്ക് പ്രഖ്യാപിച്ച പിന്തുണ കോൺഗ്രസ് അംഗം പിൻവലിച്ചു. നഗരസഭയിലെ പ്രധാന പ്രതിപക്ഷം ബി.ജെ.പിയാണ്. ഭരണപക്ഷം ഒളിച്ചോടിയെന്നും കോൺഗ്രസ് ഇടതുപക്ഷത്തെ വിലക്കെടുത്തുവെന്നും ബി.ജെ.പി ആരോപിച്ചു. 


 

Latest News