Sorry, you need to enable JavaScript to visit this website.

മന്ത്രിമാർ തൃക്കാക്കരയിൽ തങ്ങി വർഗീയ  പ്രചാരണം നടത്തുന്നു -ചെന്നിത്തല

  • നെഞ്ചിൽ കുറ്റിയടിക്കാൻ സർക്കാർ വീണ്ടുമിറങ്ങും

കൊച്ചി- തൃക്കാക്കരയിൽ തങ്ങി സോഷ്യൽ എൻജിനീയറിംഗ് എന്ന ഓമനപ്പേരിൽ മന്ത്രിമാർ വർഗീയ പ്രചാരണം നടത്തുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങ്ങളുടെ നെഞ്ചത്ത് കുറ്റിയടിക്കലുമായി സർക്കാർ വീണ്ടുമിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കലും നടക്കില്ലെന്ന് സി.പി.എമ്മിന് ബോധ്യമുള്ള കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത് വികസന വിരുദ്ധരെന്ന ചീത്തപ്പേര് മാറ്റിയെടുക്കാനാണ്. എല്ലാ കാലത്തും വികസന വിരുദ്ധ നയങ്ങളാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളത്. ഒന്നാം വർഷികം ആഘോഷിക്കുന്ന എൽ.ഡി.എഫ് സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. കൊച്ചിയിൽ കൊട്ടിഘോഷിച്ച് ആഗോള നിക്ഷേപക സംഗമം അസെൻഡ് സംഘടിപ്പിച്ചിരുന്നു. അത് വെറും പാഴ് വേലയായി മാറി. ഒരു രൂപയുടെ വികസനവും ഉണ്ടായില്ല. കഴിഞ്ഞ ആറു വർഷം കൊണ്ട് എന്ത് നിക്ഷേപമാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
കെ.പി.സി.സി പ്രസിഡന്റിനെതിരെ കേസെടുത്ത സംഭവം നിർഭാഗ്യകരമാണ്. മലയാള ഭാഷയ്ക്ക് പുതിയ അധിക്ഷേപ ശബ്ദതാരാവലി സംഭാവന ചെയ്ത വ്യക്തിയാണ് മുഖ്യമന്ത്രി. ബിഷപ്പിനെ മുതൽ പത്രക്കാരെ വരെ അദ്ദേഹം അധിക്ഷേപിച്ചിട്ടുണ്ട്. ജനകീയനായിരുന്ന പി.ടി തോമസിന്റെ മരണത്തെ സൗഭാഗ്യമായി കാണുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തരംതാഴ്ന്നതാണ്. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ ജാതി തിരിച്ചും മതം നോക്കിയും ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെയാണ് യു.ഡി.എഫ് കാണുന്നത്. 
സാമുദായിക നേതാക്കളെയും മതമേലധ്യക്ഷന്മാരെയും അധിക്ഷേപിച്ചത് സി.പി.എമ്മാണ്. അതേ സി.പി.എമ്മാണ് ഇപ്പോൾ അവരുടെ മേടകളിൽ കയറിയിറങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിമാർ അനാവശ്യ വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് നൽകുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെയാണ് കെ-റെയിൽ കല്ലിടൽ സർക്കാർ നിർത്തിവെച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കല്ലിടലുമായി വീണ്ടുമിറങ്ങും. പാലാരിവട്ടം പാലം ഒരു കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സി.പി.എം കോഴിക്കോട്ട് തകർന്നു വീണ കൂളിമാട് പാലത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. പാലം തകർന്നതിന്റെ പേരിൽ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി എന്തുകൊണ്ട് തയാറാകുന്നില്ല. മരുമകനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനെയും 1.34 ലക്ഷം രൂപയുടെ കടക്കാരനാക്കിയിരിക്കുകയാണ് പിണറായി ഭരണം. കേരളം ശ്രീലങ്കയേക്കാൾ ഭയാനകമായ കടക്കെണിയിലേക്കാണ് കൂപ്പുകുത്തുന്നത്. ഭരണ സംവിധാനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും ദുർവിനിയോഗം ചെയ്യുന്നു. വർഗീയ ശക്തികൾക്ക് പരസ്പരം കൊല്ലാനുള്ള ലൈസൻസ് നൽകുന്ന ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത്. പോലീസ് സംവിധാനം നിഷ്‌ക്രിയമാണ്. സി.പി.എം നേതാക്കളാണ് പോലീസിനെ ഭരിക്കുന്നത്. സർക്കാരിന്റെ ജനവിരുദ്ധതയ്ക്കെതിരായ വിധിയെഴുത്താകും തൃക്കാക്കരയിലേതെന്ന് ചെന്നിത്തല പറഞ്ഞു. 
 

Latest News