Sorry, you need to enable JavaScript to visit this website.

ആരാധനാലയങ്ങൾ സംരക്ഷിക്കുന്ന നിയമത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

ന്യൂദൽഹി- ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിന്   1991ലെ ആരാധനാലയ നിയമത്തിലെ സെക് ഷൻ മൂന്നു പ്രകാരം വിലക്കില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ഉത്തർപ്രദേശിലെ വാരാണസി ഗ്യാൻവാപി മസ്ജിദ് കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

1991 ലെ നിയമം മസ്ജിദിലെ വീഡിയോ സർവേ തടയുന്നുണ്ടെന്നും സർവേ അനുവദിച്ചാൽ കൂടുതൽ മസ്ജിദുകളിൽ പരിശോധനാ ആവശ്യം ഉയരുമെന്നുമാണ്  സർവേയ്‌ക്കെതിരെ അപ്പീൽ നൽകിയ അഞ്ജുമൻ ഇൻതസാമിയ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രധാന വാദം.

ശ്രീകൃഷ്ണ ജന്മഭൂമിയിൽ നിർമിച്ചതായി ആരോപിക്കപ്പെടുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന ഹരജി സ്യൂട്ട് നിലനിൽക്കുമെന്നും ആരാധനാലയ നിയമം ഇതിനു ബാധകമല്ലെന്നും കഴിഞ്ഞ ദിവസം  മഥുര കോടതി വിധിച്ചിരുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമയത്ത് നിലവിലുള്ള ആരാധനാലയങ്ങളുടെ തൽസ്ഥിതി നിലനിർത്തണമെന്നാണ് ആരാധനാലയങ്ങളുടെ നിയമം വ്യക്തമാക്കുന്നത്. നിയമത്തിന്റെ സെക്ഷൻ 4 (1) പ്രകാരം, 1947 ഓഗസ്റ്റ് 15-ന് നിലവിലുണ്ടായിരുന്ന ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം അന്നത്തെ അതേ രീതിയിൽ തന്നെ തുടരും.

ഏതെങ്കിലും മതവിഭാഗത്തിന്റെ   ആരാധനാലയത്തെ  മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയമാക്കി മാറ്റരുതെന്നാണ് നിയമത്തിലെ സെക് ഷൻ മൂന്ന് വ്യക്തമാക്കുന്നത്.
എന്നാൽ ഈ സെക് ഷൻ മതപരമായ സ്വഭാവം കണ്ടെത്തുന്നത് തടയുന്നില്ലെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വെള്ളിയാഴ്ച നിരീക്ഷിച്ചത്.
2019ലെ അയോധ്യ വിധിയിൽ ഭരണഘടനാ ബെഞ്ച് ഈ നിയമത്തെ പരാമർശിക്കുകയും ഭരണഘടനയുടെ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.

ബാബരി മസ്ജിദ് തകർക്കാനുള്ള നീക്കവുമായി ഹിന്ദുത്വ സംഘടനകൾ മുന്നോട്ടുപോയപ്പോൾ അന്നത്തെ നരസിംഹ റാവു സർക്കാർ നിയമം പാസാക്കിയത്. 1991 ജൂലൈ ജൂലൈ പതിനൊന്നിനാണ് നിയമം പ്രാബല്യത്തിലായത്. 
 

Latest News