മക്ക - വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്വ വൃത്തിയാക്കാൻ ഹറംകാര്യ വകുപ്പിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സ് സ്മാർട്ട് വാക്വം ക്ലീനറുകൾ ഏർപ്പെടുത്തി. ശുദ്ധമായ പട്ടിൽ നിർമിച്ച കിസ്വയുടെ സുരക്ഷ കാത്തുസൂക്ഷിക്കാൻ, ആധുനിക സാങ്കേതിക മാനദണ്ഡങ്ങളും ഉയർന്ന ഗുണനിലവാര സവിശേഷതകളും അനുസരിച്ചാണ് സ്മാർട്ട് ക്ലീനിംഗ് മെഷീൻ പ്രവർത്തിക്കുന്നതെന്ന് കിംഗ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സ് കാര്യങ്ങൾക്കുള്ള ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി അബ്ദുൽഹമീദ് അൽമാലികി പറഞ്ഞു. മണിക്കൂറുകളോളം തുടർച്ചയായി മികച്ച നിലയിൽ മെഷീനുകൾ പ്രവർത്തിക്കുമെന്നും അബ്ദുൽഹമീദ് അൽമാലികി പറഞ്ഞു.