തിരുവനന്തപുരം- കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാരിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികള്‍ക്കിടയിലും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ സാധിച്ചു. സര്‍ക്കാരിനുള്ള ജനപിന്തുണ വര്‍ധിച്ചുവരികയാണ്. തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പിലെ ഫലം അത് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.
പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. പ്രഖ്യാപിച്ച ഒരു പദ്ധതിയില്‍നിന്നും പിറകോട്ട് പോകില്ല. സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കെതിരായ കുപ്രചരണങ്ങള്‍ തുറന്നു കാട്ടി ജനങ്ങളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും അവ നടപ്പിലാക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സില്‍വര്‍ ലൈനിനെതിരെ തുടര്‍ സമരങ്ങള്‍ സംഘടിപ്പിച്ച മേഖലകളില്‍ പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം നേടി. ഏത് പദ്ധതി വരുമ്പോഴും നാട്ടില്‍ അതിനെതിരായി പ്രതിഷേധവുമായി പലരും രംഗത്തുവരാറുണ്ട്. അതിനുപിന്നില്‍ പലതരത്തിലുള്ള നിക്ഷിപ്ത താല്‍പര്യക്കാരും ഉണ്ടാകാറുണ്ട്. വികസന കാര്യങ്ങള്‍ വേണ്ട എന്ന് പറയുന്നത് നാടിനെ പിറകോട്ടടിക്കാനേ ഉപകരിക്കൂ, മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലൈഫ് മിഷന്റെ ഭാഗമായി 2,95,006 വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കിയിട്ടുണ്ട്. അടുത്ത മാസത്തോടെ അത് മൂന്ന് ലക്ഷമായി വര്‍ധിപ്പിക്കാനാകും എന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. 2017 മുതല്‍ 2021 മാര്‍ച്ച് 31 വരെ ലൈഫ് പദ്ധതിയില്‍ 2,62,131 വീടുകളാണ് പൂര്‍ത്തിയായിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ 32875 വീടുകളാണ് പൂര്‍ത്തിയാക്കിയത്.
20,750 ഓഫീസുകളില്‍ കെ ഫോണ്‍ കണക്ഷന്‍ നല്‍കി. 22,342 പേര്‍ക്ക് പിഎസ്‌സി വഴി നിയമനശുപാര്‍ശ നല്‍കി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 1,61,361 പേര്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയത്. കെ ഫോണ്‍ പദ്ധതിയുടെ കണക്ഷന്‍ 20,750 ഓഫീസുകള്‍ക്ക് നല്‍കി. അതിന്റെ ഭാഗമായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ പുരോഗമിച്ചു വരികയാണ്. 140 നിയമസഭാ മണ്ഡലങ്ങളിലായി ഓരോ മണ്ഡലത്തിലും ബിപിഎല്‍ വിഭാഗത്തില്‍ പെട്ട നൂറ് കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലയളവില്‍ സംസ്ഥാനത്തെ മൂന്ന് ഐ.ടി പാര്‍ക്കുകളിലുമായി 10,400 പുതിയ തൊഴിലവസരങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഈ കാലയളവില്‍ 181 പുതിയ കമ്പനികളും (ടെക്‌നോപാര്‍ക്ക്41, ഇന്‍ഫോപാര്‍ക്ക്100, സൈബര്‍പാര്‍ക്ക്40) പ്രവര്‍ത്തനമാരംഭിച്ചു. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലായി ആകെ 29 ലക്ഷം ചതുരശ്ര അടി സ്ഥല സൗകര്യങ്ങള്‍ നിര്‍മ്മിതിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.