ബാലികയെ പീഡിപ്പിച്ച 68 കാരന് പത്തു വര്‍ഷം കഠിന തടവ്

മഞ്ചേരി-പത്തുവയസുകാരിയെ പലതവണ പീഡിപ്പിച്ച  അറുപത്തിയെട്ടുകാരനെ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി പത്തു വര്‍ഷം കഠിന തടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാളികാവ് മമ്പാട്ടുമൂല വെണ്ണീറംപൊയില്‍ നീലങ്ങാടന്‍ മുഹമ്മദിനെയാണ് ജഡ്ജി എസ്.നസീറ ശിക്ഷിച്ചത്.  2015 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം.  ബാലികയെ പ്രതിയുടെ വീടിന്റെ കിടപ്പുമുറിയില്‍ കൊണ്ടുപോയി പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. പരാതിയെ തുടര്‍ന്നു 2015 മെയ് ആറിന് കാളികാവ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് ഇന്‍സ്പെക്ടര്‍ കെ.സി ബാബു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു
വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷ പി. ജമാല്‍ ഹാജരായി. എ.എസ്.ഐ ശാരദ രാജന്‍ കൊളക്കാടന്‍ ആയിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്സണ്‍ ഓഫീസര്‍.
ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം ബലാത്സംഗം ചെയ്തതിനു ഏഴു വര്‍ഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, പോക്സോ ആക്ടിലെ ആറാം വകുപ്പ് പ്രകാരം പത്തു വര്‍ഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, ഇതേ ആക്ടിലെ പത്താം വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിന തടവ്, 20000 രൂപ പിഴ പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.  ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.  റിമാന്‍ഡ് കാലാവധി ശിക്ഷയായി പരിഗണിക്കാനും കോടതി ഉത്തരവിട്ടു.

 

Latest News