കൊല്ലം- ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയില്‍നിന്നു പണവും സ്വര്‍ണവും ഭീഷണിപ്പെടുത്തി കൈക്കലാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍ അയത്തില്‍ കാരുണ്യനഗര്‍ 76, തടവിള വീട്ടില്‍ ഷെഫീക്ക് (31) ആണ് പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റി നിരന്തരം ചാറ്റിംഗില്‍ നടത്തുകയായിരുന്നു. പരിചയം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ കൊല്ലം ബീച്ചിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തു. തുടര്‍ന്ന് ചാറ്റിംഗ് ഹിസ്റ്ററി കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ദേഹത്തണിഞ്ഞിരുന്ന 49 ഗ്രാം സ്വര്‍ണാഭരണങ്ങളും 14500 രൂപയും പലപ്പോഴായി വാങ്ങിയെടുത്തു. തുടര്‍ന്ന് പെണ്‍കുട്ടി മാതാവിനോടൊപ്പം ഇരവിപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ ഇയാളെ അയത്തില്‍ നിന്നും പിടികൂടുകയായിരുന്നു.
ഇരവിപുരം ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ വി.വിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, ജയകുമാര്‍, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒമാരായ ശോഭകുമാരി, ലതീഷ് മോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.






