കൊല്ലം- സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സ്ഥാപന ഉടമയുടെ മകനെ പോലീസ് പിടികൂടി. ചാത്തന്നൂര്‍ മാമ്പളളിക്കുന്നം ശാരദ ഭവനില്‍ ക്ലിബി (42) ആണ് പിടിയിലായത്. ഇയാളുടെ പിതാവ് ചാത്തന്നൂര്‍ ഊറാംവിള നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ നാല്പ്പത്തിയഞ്ചുകാരിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്ഥാപനത്തിന്റെ നടത്തിപ്പും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഇവരായിരുന്നു. സ്ഥാപനത്തില്‍ അച്ഛനെ സഹായിക്കാന്‍ നിന്ന പ്രതിക്ക് ഇവര്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിരോധമുണ്ട്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് തിരികെ പോയ യുവതിയെ ഇയാള്‍ കൊടുവാള് കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ കൊട്ടിയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പോലീസ് പ്രതിയെ ഊറാംവിളനിന്നും പിടികൂടുകയായിരുന്നു.
ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന് ജോണിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശാ വി. രേഖ, രാജേഷ് എ.എസ്.ഐ അനില്‍കുമാര്‍ സി.പി.ഒ മാരായ പ്രശാന്ത്, ദിനേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.






