Sorry, you need to enable JavaScript to visit this website.

കലാപങ്ങൾക്ക് കോപ്പ് കൂട്ടുന്ന സംഘ്പരിവാർ


വർഗീയ ധ്രുവീകരത്തിലൂടെയല്ലാതെ രാജ്യത്ത് വീണ്ടും അധികാരം പിടിച്ചെടുക്കാനാകില്ലെന്ന് ബി.ജെ.പിയും മറ്റും സംഘപരിവാർ കക്ഷികളുമെല്ലാം തിരിച്ചറിയുന്നുണ്ട്. മുസ്‌ലിം സമുദായത്തിന്റെ ആരാധനാലയങ്ങൾ തകർക്കുകയോ കൈവശപ്പെടുത്തുകയോ ചെയ്യുമ്പോൾ വലിയ തോതിലുള്ള സാമുദായിക സ്പർധ ഉയർന്നു വാരാനുള്ള സാധ്യതകളുണ്ട്. ആ സാധ്യതകളെ ഹൈന്ദവതയുടെ പേരിൽ മുതലാക്കാൻ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഹിന്ദു രാഷ്ട്രം രൂപീകരിക്കുകയെന്ന സംഘ്പരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള സുഗമമായ പാത വെട്ടിത്തുറക്കാനും ഇതിലൂടെ കഴിയും. 

 


അയോധ്യക്ക് ശേഷം രാജ്യത്ത് മറ്റൊരു വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളാണ് ബി.ജെ.പിയും മറ്റ് ഹിന്ദുത്വ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്നത്. 1992 ഡിസംബർ ആറിന് അയോധ്യയിൽ കർസേവകർ ബാബ്‌രി മസ്ജിദ് തകർത്തപ്പോൾ തന്നെ അടുത്ത കർസേവക്കായി തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിരുന്നു. അങ്ങനെയാണ് അയോധ്യക്ക് ശേഷം കാശിയും മഥുരയുമെന്ന മുദ്രാവാക്യം ബി.ജെപിയും സംഘപരിവാർ ശക്തികളും ഉയർത്തിയതും പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഈ മുദ്രാവാക്യം പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായി മാറിയതും. രാജ്യത്തെ വർഗീയമായി വിഭജിക്കാൻ നടത്തിയ ഇത്തരം ശ്രമങ്ങളാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെ അധികാരത്തിലെത്തിച്ചത്.


2024 ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ അയോധ്യക്ക് സമാനമായ മറ്റൊരു ഹൈന്ദവ ധ്രുവീകരണത്തിലേക്കും കലാപത്തിലേക്കും രാജ്യത്തെ തള്ളിവിടാനാണ് സംഘപരിവാറിന്റെ ശ്രമം. ഉത്തർപ്രദേശിലെ വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യാൻവ്യാപി പള്ളിയെയാണ് ഇതിനായി അവർ ലക്ഷ്യം വെച്ചിട്ടുള്ളത്. അയോധ്യക്ക് ശേഷം കാശിയിലെയും മഥുരയിലെയും മുസ്‌ലിം ആരാധനാലയങ്ങൾ പിടിച്ചടക്കുകയെന്ന പ്രഖ്യാപിത നീക്കത്തിലേക്ക് സംഘപരിവാറുകാർ അടുത്തുകൊണ്ടിരിക്കുകയാണ്. ഇത് വെറും മുദ്രാവാക്യങ്ങൾ മാത്രമായിരുന്നില്ലെന്ന് തെളിയിക്കുകയാണ് അവരുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഗ്യാൻവ്യാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന രീതിയിലുള്ള പ്രചാരണങ്ങൾ നടത്തുന്നതും നീതിന്യായ വ്യവസ്ഥയെ പോലും കൂട്ടുപിടിച്ചുകൊണ്ട് ഇതിന് തെളിവുകളുണ്ടാക്കാൻ ശ്രമിക്കുന്നതും. 
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭരണം വലിയ പരാജയമാകുകയും അതിന്റെ ഭാഗമായി രാജ്യത്ത് വലിയ തോതിലുള്ള രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയിൽ പ്രധാനമന്ത്രി കസേരയിൽ മോഡിക്ക് മൂന്നാം മൂഴം എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ലെന്ന് ബി.ജെ.പി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനെ നേരിടാൻ ബി.ജെ.പി കാണുന്ന ആയുധം രാജ്യത്ത് വലിയ തോതിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയെന്നതാണ്. ഗ്യാൻവ്യാപി പള്ളിയെ അതിന്റെ വേദിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗ്യാൻവ്യാപി പള്ളിയുമായി ബന്ധപ്പെട്ട് കോടതികളിൽ നിലനിൽക്കുന്ന കേസുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ കേസുകൾക്ക് ഇപ്പോൾ വീണ്ടും ജീവൻ വെച്ചതിന് പിന്നിലും അത് രാജ്യമാകെ ചർച്ച ചെയ്യപ്പെടുന്ന രീതിയിലേക്ക് മാറ്റിയെടുത്തതിന് പിന്നിലും സംഘപരിവാറിന്റെ കൃത്യമായ മത-രാഷ്ടീയ അജണ്ടയുണ്ട്. 


കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നിരിക്കുന്ന ഗ്യാൻവ്യാപി പള്ളിയുടെ സ്ഥാനത്ത് പുരാതന കാലത്ത് ഹിന്ദുക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്ന് ആരോപിച്ചാണ് ചിലർ കേസ് നൽകിയത്.  മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസിൽ പല രീതിയിലുള്ള അനുബന്ധ പരാതികളും ഉയർന്നു വരികയുണ്ടായി. ഒടുവിൽ പള്ളിയോട് ചേർന്നുള്ള ക്ഷേത്രത്തിൽ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ ചേർന്ന് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച് സർവേ നടത്താൻ വരാണസി കോടതി ഉത്തരവിട്ടിരുന്നത്. ഈ സർവേയിലാണ് പള്ളിക്കുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന പ്രചാരണമുണ്ടായത്. അഭിഭാഷക കമ്മീഷന്റെ സർവേ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഇത്തരമൊരു പ്രചാരണം ഹിന്ദുത്വ ശക്തികൾ ബോധപൂർവം അഴിച്ചു വിടുകയായിരുന്നു. 


സർവേയിൽ ഹിന്ദു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകരാണ് ശിവലിംഗം കണ്ടെത്തിയെന്ന വാർത്ത പുറത്തേക്ക് ചോർത്തി നൽകിയത്. സർവേ നടപടികൾ പൂർത്തിയായിട്ടില്ലെന്നും ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോർട്ട് ആധികാരികമല്ലെന്നും വരാണസി ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. കണ്ടെത്തിയെന്ന് അവകാശപ്പെടുന്നത് ശിവലിംഗമെല്ലെന്നും കുളത്തിലെ ജലധാരയുടെ ഭാഗമാണെന്നും ഗ്യാൻവ്യാപി പള്ളി കമ്മിറ്റി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. വരാണസി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ പള്ളിയിൽ നടത്തുന്ന സർവേ തടയണമെന്നാവശ്യപ്പെട്ട് പള്ളി കമ്മിറ്റി സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ മുസ്‌ലിം മതവിഭാഗത്തിന് പള്ളിയിൽ പ്രാർത്ഥനക്കുള്ള അവകാശം ഒരു കാരണവശാലും തടയരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. എവിടെയാണ് ശിവലിംഗം കണ്ടെത്തിയതെന്ന സംശയം പോലും സുപ്രീം കോടതി ഉന്നയിക്കുകയുണ്ടായി. സർവേയുടെ ഭാഗമായി പള്ളിയുടെ ഭാഗങ്ങൾ സീൽ ചെയ്തത് കൃത്യമായ നടപടികൾ പാലിക്കാതെയായിരുന്നുവെന്ന് പള്ളി കമ്മിറ്റി കോടതിയിൽ വാദിച്ചു. ഇതോടെയാണ് ശിവലിംഗം എവിടെയാണെന്ന് സുപ്രീം കോടതി ചോദിച്ചത്. എന്നാൽ സർവേ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ കോടതിയിൽ നൽകിയ മറുപടി. സോളിസിറ്റർ ജനറലിനോ കീഴ്‌ക്കോടതിക്കോ പോലും ഉറപ്പില്ലാത്ത വിഷയമാണിതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. 


കേസിൽ തീർപ്പുണ്ടാകുന്നത് വരെ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സംരക്ഷിച്ചു നിർത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സർവേയുടെ വിവരങ്ങൾ ചോർത്തി നൽകിയതിനും അഭ്യൂഹങ്ങൾ പരത്തിയതിനും സർവേക്ക് മേൽനോട്ടം വഹിച്ച അഭിഭാഷക കമ്മീഷണറെ വരാണസി സിവിൽ കോടതി തൽസ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. വളരെ ആസൂത്രിമായ നീക്കങ്ങളാണ് ഗ്യാൻവ്യാപി പള്ളിക്കെതിരെ നടക്കുന്നതെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. സർവേ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ ശിവലിംഗം കണ്ടെത്തിയെന്ന വ്യാജ വാർത്തകൾ രാജ്യമാകെ വ്യാപകമായി പ്രചരിപ്പിക്കുകയും അഭിഭാഷക കമ്മീഷനിൽ ഉൾപ്പെട്ടവർ തന്നെ തീർത്തും നിയമ വിരുദ്ധമായി ഇതിന് നേതൃത്വം നൽകുകയും ചെയ്യുന്നത് വർഷങ്ങളായി നടക്കുന്ന വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി തന്നെ കാണേണ്ടതുണ്ട്. 
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഗ്യാൻവ്യാപി പള്ളി തകർക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമം. 1930 കൾ മുതൽ പള്ളി കൈവശപ്പെടുത്താൻ സംഘപരിവാർ ശ്രമം നടത്തിവരികയാണ്. 1936 ൽ തന്നെ പള്ളിയിൽ അവകാശമുന്നയിച്ച് പ്രദേശവാസികളിൽ ചിലർ ബനാറസ് കോടതിയെ സമീപിച്ചിരുന്നു. മുസ്‌ലിം വിഭാഗത്തിന്റെ പള്ളിയാണിതെന്നും മുസ്‌ലിംകൾക്ക് ഇവിടെ ആരാധനയ്ക്ക് അവകാശമുണ്ടെന്നുമായിരുന്നു കോടതി വിധി. ആർ.എസ്.എസ് നേതാവ് സോമനാഥ് വ്യാസ് ശിവക്ഷേത്രത്തിന്റെ ഭാഗമാണ് പള്ളി നിൽക്കുന്ന സ്ഥലമെന്ന് പറഞ്ഞ് 1991 ൽ വീണ്ടും കേസ് ഫയൽ ചെയ്തതിന് ശേഷമാണ് പിന്നീട് നിരവധി നിയമ നടപടികളിലൂടെ കേസ് ഇപ്പോഴത്തെ ഘട്ടത്തിലെത്തി നിൽക്കുന്നത്. 


ഇക്കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും അയോധ്യക്ക് ശേഷം കാശിയും മഥുരയും പിടിച്ചെടുക്കുമെന്ന മുദ്രാവാക്യമാണ് ബി.ജെ.പി ഉയർത്തിയിരുന്നത്. അത് ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു. ഗ്യാൻവ്യാപി പള്ളിയോടൊപ്പം തന്നെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും കൈവശപ്പെടുത്താനുള്ള നിയമ നടപടികൾ സംഘപരിവാർ ആരംഭിച്ചിട്ടുണ്ട്.
വർഗീയ ധ്രുവീകരത്തിലൂടെയല്ലാതെ രാജ്യത്ത് വീണ്ടും അധികാരം പിടിച്ചെടുക്കാനാകില്ലെന്ന് ബി.ജെ.പിയും മറ്റും സംഘപരിവാർ കക്ഷികളുമെല്ലാം തിരിച്ചറിയുന്നുണ്ട്. മുസ്‌ലിം സമുദായത്തിന്റെ ആരാധനാലയങ്ങൾ തകർക്കുകയോ കൈവശപ്പെടുത്തുകയോ ചെയ്യുമ്പോൾ വലിയ തോതിലുള്ള സാമുദായിക സ്പർധ ഉയർന്നു വാരാനുള്ള സാധ്യതകളുണ്ട്. ആ സാധ്യതകളെ ഹൈന്ദവതയുടെ പേരിൽ മുതലാക്കാൻ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഹിന്ദു രാഷ്ട്രം രൂപീകരിക്കുകയെന്ന സംഘ്പരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള സുഗമമായ പാത വെട്ടിത്തുറക്കാനും ഇതിലൂടെ കഴിയും. 
ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് മുസ്‌ലിം സമുദായം പരമാവധി സംയമനം പാലിച്ചതുകൊണ്ടു മാത്രമാണ് രാജ്യത്തെ മതനിരപേക്ഷത തകർന്നടിയാതെ കാത്തുസൂക്ഷിക്കാനായത്. മതനിരപേക്ഷത പൂർണമായും തകർത്തുകൊണ്ട് രാജ്യത്ത് മതപരമായ ഏറ്റുമുട്ടലുകൾ ഉണ്ടാക്കിയെടുക്കുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. അതിനാണ് മുസ്‌ലിം ആരാധനാലങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചും വ്യാജപ്രചാരണങ്ങൾ നടത്തിയുമെല്ലാം പ്രകോപനങ്ങൾ സൃഷ്ടിക്കാൻ അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിൽ വീഴാതിരിക്കുകയാണ് മതേതരത്വത്തെ സ്‌നേഹിക്കുന്നവർ ചെയ്യേണ്ടത്.


 

Latest News