Sorry, you need to enable JavaScript to visit this website.
Monday , August   08, 2022
Monday , August   08, 2022

ആറാം നൂറ്റാണ്ടിൽ മരുഭൂമിയിൽ സംഭവിച്ചത്

ഏഴാം നൂറ്റാണ്ടിന് മുൻപും പ്രവാചകന്മാരും ദർശനങ്ങളും ദൈവിക ഗ്രന്ഥങ്ങളും ജനപഥങ്ങളിൽ വന്നിട്ടുണ്ട്. മനുഷ്യ ബുദ്ധിക്കും ചിന്തക്കും പ്രാപ്യമാകുംവിധം പക്വമായി ദിവ്യബോധനം പകർന്നുനൽകുന്ന ചുമതലയാണ് അവയൊക്കെയും നിർവഹിച്ചത്. ആ ബോധന ശ്രേണിയിലെ അവസാനത്തേത് സംഭവിച്ചത് ഏഴാം നൂറ്റാണ്ടിലാണെന്ന് മാത്രം. ഏഴാം നൂറ്റാണ്ടിൽ സംഭവിച്ചത് മനുഷ്യ മനസ്സുകളിൽ ഇന്നും പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതൊരു അരുതായ്മയായി, അവമതിപ്പായി, പഴഞ്ചനായി വേദികളിലും എഴുത്തിലും പ്രകടിപ്പിക്കുന്നവർ അൽപം അതിനെക്കുറിച്ച് വിചിന്തനം നടത്തണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.

 

ഇടയ്ക്കിടെ ചാനൽ ചർച്ചകൾ ശ്രദ്ധിക്കുന്നവർ കേൾക്കുന്ന ഒന്നാണ് ആറാം നൂറ്റാണ്ടിലാണോ നമ്മൾ ഉള്ളതെന്ന്, അല്ലെങ്കിൽ ആറാം നൂറ്റാണ്ടിലേക്ക് പോകുകയാണോ എന്നൊക്കെ. ഈയിടെയും കേട്ടു, ശ്രീമതി ആനിരാജ ഒരു ചാനലിൽ ഇരുന്നുകൊണ്ട് ഇത് പറയുന്നത്. തികച്ചും പ്രാകൃതമെന്നോ അങ്ങേയറ്റത്തെ അപരിഷ്‌കൃതത്വമെന്നോ സൂചിപ്പിക്കുകയാണ് ഈ കഌഷേ കൊണ്ടുദ്ദേശ്യം. എന്നാൽ ആറാം നൂറ്റാണ്ടിൽ (ഏഴാം നൂറ്റാണ്ട് എന്നുമൊരു വകഭേദമുണ്ട്) എന്താണ് അറേബ്യയിൽ സംഭവിച്ചത്? ഏഴാം ബഹറിനിപ്പുറം നിൽക്കുന്ന കേരളത്തിലെ ഉദ്ബുദ്ധതക്ക് അതെങ്ങനെ സംഗതമാകും?

മുഹമ്മദ് എന്ന മനുഷ്യൻ, ഒരുപക്ഷേ, ആ പേരിൽ തന്നെ ആദ്യത്തെയാൾ മക്കയിൽ ജനിക്കുന്നത് ആ കാലഘട്ടത്തിലാണ്. ഏഴാം നൂറ്റാണ്ടിൽ 610 ലാണ് അദ്ദേഹം പ്രവാചകനാകുന്നത്. അന്നദ്ദേഹത്തിന് വയസ്സ് 40. പിന്നീട് 23 വർഷക്കാലം കൊണ്ടാണ് ഇന്ന് പരാമർശിക്കപ്പെടുന്ന ഒരു സംസ്‌കൃതി ലോകൈക സമക്ഷം അവതരിപ്പിക്കപ്പെടുന്നതും പുതുയുഗപ്പിറവിയിലേക്ക് അറേബ്യയും മനുഷ്യ കുലവും കാലെടുത്തു വെക്കുന്നതും.

ഇരുണ്ട യുഗമെന്ന് വിളിക്കപ്പെടുന്ന കാലം. വ്യവസ്ഥകളില്ല. മനുഷ്യർ ഒന്നാണ് എന്നൊരു ചിന്തയില്ല. മുന്തിയവർ ഉന്നത കുലജാതരായിരുന്നു. അടിമത്തം സർവവ്യാപകവും പരാതിരഹിതമായി അംഗീകരിക്കപ്പെട്ട സത്യവുമായിരുന്നു. മദ്യം, മദിരാക്ഷി, യുദ്ധം സർവത്ര വ്യാപകം. ഇരുണ്ടതെന്നതിന് അക്ഷരജ്ഞാനമില്ലാത്തവർ എന്നർത്ഥമില്ല. അതവർക്കുണ്ടായിരുന്നു. അവർക്കിടയിൽ, വിശേഷിച്ചും ഗ്രാമ ഗോത്രങ്ങളിൽ പ്രതിഭാധനരായ കലാകാരന്മാരുണ്ടായിരുന്നു. നിപുണരായ കവികൾ ഓരോ ഗോത്രത്തിലും ഉണ്ടായിരുന്നു. അവർ ഗോത്രശുദ്ധിയെക്കുറിച്ചും ഗോത്രങ്ങൾ തമ്മിലെ യുദ്ധങ്ങളെക്കുറിച്ചും സ്ത്രീവർണനകളാദി വിഷയങ്ങളെക്കുറിച്ചും തന്നെയായിരുന്നു എഴുതിയിരുന്നത്. അവരിൽ പ്രശസ്തരുടെ കവിതകൾ കഅ#്ബയിൽ പ്രദർശിപ്പിക്കുമായിരുന്നു. ഹജിന്റെ രണ്ടു മാസം മുമ്പ് മക്കയുടെ ചാരത്തുള്ള തായിഫ് പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഉക്കാസ് ചന്തയിൽ അവതരിപ്പിച്ച് ഗ്രാൻഡ് ഫിനാലെ കഴിഞ്ഞാണ് ഈ പ്രദർശനം. അന്നത്തെ ഓസ്‌കർ അവാർഡ് തന്നെയായിരുന്നു ഉക്കാദ് മത്സരങ്ങൾ. അറബ്, ആഫ്രിക്ക, പേർഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ പ്രഗത്ഭർ ഉക്കാദിലും പിന്നീട് വരുന്ന തീർത്ഥാടനത്തിലും പങ്കെടുക്കും.

ഈ കാലത്ത് മനുഷ്യ ജീവിതം പക്ഷേ, ദുർഘടവും നിരാശാപൂർണവുമായിരുന്നു. ആയുധവും രക്തരൂഷിതമായ പ്രതികാരവും തലമുറകളോളം ആചരിക്കപ്പെടുന്ന സവിശേഷതയാണ് അറേബ്യയുടെ മുഖമുദ്ര. തോൽക്കുന്നവർക്ക് ആൾനാശം മാത്രമല്ല, സ്ത്രീകൾ, സമ്പത്ത് എല്ലാം അടിയറ വെക്കണമായിരുന്നു. സ്ത്രീകൾ തീർത്തും ഒരു വ്യവഹാര ഉരുപ്പടിയായിരുന്നു. ആർക്കും ഏതു പെണ്ണിനെയും വേൾക്കാം. സ്ത്രീ അപമാന സൂചകമായി പരിഗണിക്കപ്പെടാൻ തുടങ്ങിയതാണ് ഈ യുഗത്തിന്റെ അവസാന കാലത്ത് സംഭവിച്ച അത്യാചാരം. പെൺകുട്ടി ജനിക്കുന്നത് പരസ്യമാക്കാറില്ല. പറ്റുമെങ്കിൽ ജനിച്ചയുടൻ കുഴിച്ചുമൂടും. പല ഹതഭാഗ്യരും ജീവനോടെ മണ്ണിലും കിണറ്റിലും തള്ളപ്പെട്ടു.

തണുത്തുറഞ്ഞ യൂറോപ്പിലും അമേരിക്കയിലും മറ്റും നാഗരികത മുളപൊട്ടിയിരുന്നില്ല. യവനരും റഷ്യക്കാരും തുർക്കികളും റോമാക്കാർ എന്നറിയപ്പെട്ടു. സാമ്രാജ്യങ്ങളെന്നത് രണ്ടായിരുന്നു, റോമും പേർഷ്യയും. അറേബ്യൻ ഉപഭൂഖണ്ഡത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ ഈ രണ്ട് സാമ്രാജ്യങ്ങളുടെ ഉപഗ്രഹ രാജ്യങ്ങളായിരുന്നു. അറബ് ജനത രണ്ട് സാമ്രാജ്യങ്ങളാലും അവഗണിക്കപ്പെട്ടായിരുന്നു നിലകൊണ്ടിരുന്നത്. ഇന്നത്തെ ഗൾഫ് ഭൂപ്രദേശമാണ് അറബ് ജനതയുടെ ആവാസ ഭൂമി. നാടോടി സമൂഹമായിരുന്നു അറബികൾ. അതുകൊണ്ട്, അവർ എല്ലായിടത്തും എത്തി. എല്ലായിടത്തെയും ജീർണതകൾ സ്വാംശീകരിച്ച് കൂടുതൽ അനാകർഷകവും ഇരുൾ മുറ്റിയതുമായി അറബ് ജനത.

ഇവിടമാണ് പിന്നീട് ഭൂകമ്പത്തിന്റെ കേന്ദ്ര ബിന്ദുവായി പരിണമിക്കുന്നത്. ഇവിടമാണ് സംസ്‌കൃതിയുടെ പൂർണത  വിളയിച്ചെടുക്കപ്പെട്ട ഒരു ജനത പിറവിയെടുക്കുന്നത്. ആ നിർമിതി സുസാധ്യമായ കാലഗണനയായാണ് ഏഴാം നൂറ്റാണ്ട്. എന്നാൽ ഈ മാറ്റങ്ങളെ തൊട്ടറിയാത്ത പല പരിഷ്‌കാരികളും അവരുടെ അറിവില്ലായ്മകൊണ്ട് ഏഴാം നൂറ്റാണ്ടിലെ പൂർണതയെ കാടത്തമെന്ന് വിശേഷിപ്പിച്ചു. അതിനായി മാത്രം ജീവിതം മാറ്റിവെച്ചവർ പോലുമുണ്ടായി. 1985 കാലത്ത് ഇന്ത്യയിലെ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് വൈ.ബി. ചന്ദ്രചൂഡൻ ഏഴാം നൂറ്റാണ്ടിലെ ഗ്രന്ഥത്തിലെ ഒരു വചനമെടുത്തുകൊണ്ട് ദുർവ്യാഖ്യാനം ചമച്ചു. അത് വലിയ കോളിളക്കമായി. അതേത്തുടർന്ന് പ്രമുഖ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഏഴാം നൂറ്റാണ്ടിലെ കാടൻ നിയമം അറബിക്കടലിൽ എറിയണമെന്ന് ശഠിച്ചു. എന്നാൽ ഇവരോ, ഈ ശാഠൃം വെച്ചുപുലർത്തിയവരോ മരുഭൂമിയിൽ സംഭവിച്ചതിനെ പഠിക്കാൻ തുനിഞ്ഞില്ല.

ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ ഒരു റാങ്കിംഗ് എന്ന പുസ്തകത്തിൽ വംശവെറിയൻ കൂടിയായ രചയിതാവ് മൈക്കൽ എച്ച്. ഹാർട്ട് പറയുന്നത്, 'ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ ഒന്നാമനായി ഞാൻ മുഹമ്മദിനെ തെരഞ്ഞെടുത്തത് എന്റെ  ചില വായനക്കാരെ അമ്പരപ്പിച്ചേക്കാം, മറ്റുള്ളവർ ചോദ്യം ചെയ്‌തേക്കാം. എന്നാൽ മതപരവും മതേതരവുമായ (റിലീജിയസ് ആന്റ് സെക്കുലർ) തലങ്ങളിൽ പരമോന്നത വിജയം നേടിയ ചരിത്രത്തിലെ ഒരേയൊരു മനുഷ്യൻ അദ്ദേഹമായിരുന്നു.'   എന്നിട്ടദ്ദേഹം മുഹമ്മദ് എന്ന ലോകത്തെ അതികായനായ രാഷ്ട്രീയക്കാരനെ വരച്ചുകാണിക്കുന്നുണ്ട്. 


അറിയപ്പെടുന്ന ആദ്യത്തെ രാഷ്ട്ര ഭരണഘടന മുഹമ്മദിന്റെ മദീനാ ചാർട്ടർ ആണ്. അമേരിക്കൻ ഭരണഘടനയടക്കം മദീനാ ചാർട്ടറിനെ പിന്തുടർന്നാണ് എഴുതപ്പെട്ടത്. മദീനയിൽ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുമ്പോൾ അവിടെ മുഹമ്മദിന്റെ അനുയായികൾ വെറും 15% മാത്രമായിരുന്നു. എന്നിട്ടും ഒരു ദശകം നീണ്ടുനിന്ന മദീനാ കാലത്തിനിടക്ക് ജൂതരോ മുഷ്രിക് എന്നറിയപ്പെടുന്ന വിഗ്രഹാരാധകരോ മുഹമ്മദെന്ന നേതാവ് മാറണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടില്ല. മദീനയെ മുഹമ്മദ് ഇസ്ലാമിക രാജ്യമെന്നും വിളിച്ചില്ല. ശരീഅത്ത് വ്യവസ്ഥ എല്ലാവരിലും നടപ്പാക്കിയില്ല. ശേഷം വന്ന ഭരണാധികാരികളും ഇതേ പാത പിന്തുടർന്നു. ആദ്യമായി ലോകം തുല്യത എന്തെന്നറിഞ്ഞു. സ്ത്രീക്ക് അസ്തിത്വം ലഭിച്ചു. സ്വത്തിനർഹതയുണ്ടായി. സ്ത്രീയെ വഹിച്ചു പോകുന്ന വാഹനം പരുക്കാനായി ഡ്രൈവ് ചെയ്യരുതെന്ന് നിഷ്‌കർഷിച്ചു. ഉത്തമനായ പുരുഷൻ തന്റെ ഭാര്യയോട് മാന്യത കാണിക്കുന്നവനാണെന്ന് സാക്ഷ്യപത്രം നൽകി. അമ്മയാണ് ആത്യന്തിക മോക്ഷത്തിന്റെ കവാടമെന്ന് ഉദ്ഘോഷിച്ചു. അടിമത്തം നിരോധിച്ചില്ല, എന്നാൽ അടിമകൾ ഇല്ലാതെയായി. ലഹരി ആദ്യം നിരോധിച്ചില്ല, നിരുത്സാഹപ്പെടുത്തി.


ഈ മാറ്റങ്ങളടക്കമുള്ള മിക്കവയും മനുഷ്യ ജീവിതത്തിന്റെ പതിനായിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യത്തിൽ അതിന് മുമ്പ് ഇന്ത്യയിലോ, പേർഷ്യയിലോ, റോമിലോ മറ്റേതെങ്കിലും സംസ്‌കൃതിയിലോ വ്യക്തവും സൂക്ഷ്മവുമായി അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാൽ ലോകമാകെ അനുകരിക്കപ്പെടുന്ന പാരമ്പര്യത്തിന് കാരണം അത് മുഹമ്മദ് എന്ന വ്യക്തിയുടെ മഹിത വ്യക്തിത്വത്തിൽ മാത്രം വിലയം പൂണ്ടതല്ല. അത് ദൈവികമാണ്. ഏഴാം നൂറ്റാണ്ടിന് മുൻപും പ്രവാചകന്മാരും ദർശനങ്ങളും ദൈവിക ഗ്രന്ഥങ്ങളും ജനപഥങ്ങളിൽ വന്നിട്ടുണ്ട്. മനുഷ്യ ബുദ്ധിക്കും ചിന്തക്കും പ്രാപ്യമാകുംവിധം പക്വമായി ദിവ്യബോധനം പകർന്നുനൽകുന്ന ചുമതലയാണ് അവയൊക്കെയും നിർവഹിച്ചത്. ആ ബോധന ശ്രേണിയിലെ അവസാനത്തേത് സംഭവിച്ചത് ഏഴാം നൂറ്റാണ്ടിലാണെന്ന് മാത്രം. 
ഏഴാം നൂറ്റാണ്ടിൽ സംഭവിച്ചത് മനുഷ്യ മനസ്സുകളിൽ ഇന്നും പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതൊരു അരുതായ്മയായി, അവമതിപ്പായി, പഴഞ്ചനായി വേദികളിലും എഴുത്തിലും പ്രകടിപ്പിക്കുന്നവർ അൽപം അതിനെക്കുറിച്ച് വിചിന്തനം നടത്തണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.

Latest News