Sorry, you need to enable JavaScript to visit this website.

ചിന്തൻ ശിബിർ ഉപകാരപ്പെടില്ല, തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തോൽക്കും-പ്രശാന്ത് കിഷോർ

ന്യൂദൽഹി- പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കോൺഗ്രസ് സംഘടിപ്പിച്ച ചിന്തൻ ശിബിർ പൂർണ പരാജയമാണെന്നും വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയം നേരിടുമെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 'ഉദയ്പൂർ ചിന്തൻശിബിറിന്റെ ഫലത്തെക്കുറിച്ച് അഭിപ്രായം പറയാൻ എന്നോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ കാഴ്ചപ്പാടിൽ, നിലവിലെ സ്ഥിതി നീട്ടിക്കൊണ്ടുപോകുകയും കോൺഗ്രസ് നേതൃത്വത്തിന് കുറച്ച് സമയം നൽകുകയും ചെയ്യുക എന്നതല്ലാതെ അർത്ഥവത്തായ ഒന്നും നേടാൻ ചിന്തൻ ശിബിറിലൂടെ കഴിഞ്ഞിട്ടില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പരാജയം വരെ മാത്രമേ ചിന്തൻ ശിബിറിന്റെ പ്രസക്തിക്ക് ആയുസുണ്ടാകൂവെന്നും പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. 
2014 മുതലുള്ള തിരഞ്ഞെടുപ്പ് പരാജയങ്ങൾ വിലയിരുത്തിയ കോൺഗ്രസ്, രാജസ്ഥാനിലെ ഉദയ്പൂരിൽ സംഘടിപ്പിച്ച ത്രിദിന ചിന്തൻ ശിവറിൽ ചില പരിഷ്‌കാരങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. എന്നാൽ സമ്പൂർണ പരിഷ്‌കാരങ്ങൾ വരുത്താതെ പാർട്ടി തൊലിപ്പുറത്തെ ചികിത്സ മാത്രമാണ് നടത്തിയത്. 

യോഗത്തിന് ആഴ്ചകൾക്ക് മുമ്പ്, പ്രശാന്ത് കിഷോറുമായി സഹകരണത്തിനായി കോൺഗ്രസ് ചർച്ച നടത്തിയിരുന്നു. എന്നാൽ ഈ ചർച്ചകൾ പൂർണമായും തകർന്നു. പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്കും 2024 ലെ ദേശീയ തെരഞ്ഞെടുപ്പിനും മുന്നോടിയായി കോൺഗ്രസിനുള്ള രക്ഷാപദ്ധതിയെക്കുറിച്ച് പശാന്ത് കിഷോർ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ ചില പദ്ധതികൾ അവതരിപ്പിച്ചിരുന്നു. 
എന്നാൽ 'എംപവേർഡ് ആക്ഷൻ ഗ്രൂപ്പിന്റെ' ഭാഗമായി കോൺഗ്രസിനായി പ്രവർത്തിക്കാനായിരുന്നു പാർട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാൻ പ്രശാന്ത് കിഷോർ തയ്യാറായില്ല. അത്തരത്തിലുള്ള ഒരു ഗ്രൂപ്പിന് പാർട്ടിയുടെ ഭരണഘടനയനുസരിച്ച് അധികാരമില്ലെന്നും അതിനാൽ കോൺഗ്രസിന്റെ ആഭ്യന്തര തർക്കം മൂർച്ഛിക്കാൻ കാരണമാകും എന്നുമായിരുന്നു പ്രശാന്ത് കിഷോറിന്റെ നിലപാട്. 


 

Latest News