സുധാകരനെ 'പട്ടിയുടെ വാലിനോട് ഉപമിച്ചു';  എം വി ജയരാജനെതിരെ പോലീസില്‍ പരാതി

കണ്ണൂര്‍- മുഖ്യമന്ത്രിക്കെതിരായ കെ പി സി സി അധ്യക്ഷന്റെ 'നായ' പ്രയോഗവുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെ അതേ നിലയില്‍ തിരിച്ചടി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ്. വിവാദത്തിനിടയിലെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം ആയുധമാക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനതിരെ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. കെ സുധാകരനെ പട്ടിയുടെ വാലിനോട് ഉപമിച്ചുവെന്നാണ് പരാതി. ജയരാജന്റെ പ്രസ്താവന കലാപമുണ്ടാകണമെന്ന ദുഷ്ടലാക്കോടെയെന്നും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരായ 'ചങ്ങല പൊട്ടിച്ച നായ' പരാമര്‍ശത്തിനോട് പ്രതികരിക്കവെയുള്ള ജയരാജന്റെ പ്രയോഗമാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടികാട്ടുന്നത്. പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാകില്ലെന്നായിരുന്നു എം വി ജയരാജന്റെ പ്രസ്താവന.
അതേസമയം മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. കെ പി സി സി പ്രസിഡന്റിന്റെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധം ആക്കാനുള്ള സി പി എം ശ്രമം വിജയിക്കില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ആളുകളെ ഏതൊക്ക ഭാഷയില്‍ ആണ് സംസാരിച്ചിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന തെറ്റായ ധാരണ ആര്‍ക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തൃക്കാക്കരയില്‍ താമസിച്ച് അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 
 

Latest News