ഗ്യാന്‍വാപി മസ്ജിദ്: സുപ്രീം കോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം

ന്യൂദല്‍ഹി- ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേയുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് വാരാണസി സിവില്‍ കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഇന്നത്തേക്കു മാറ്റി. പരാതിക്കാരുടെ അഭിഭാഷകന്റെ അസൗകര്യം കണക്കിലെടുത്താണ് കേസ് ഇന്ന് പരിഗണിക്കുന്നത്. സുപ്രീംകോടതി ക്രമീകരണം അനുസരിച്ചേ വിചാരണക്കോടതി പ്രവര്‍ത്തിക്കാവൂ. മറ്റ് ഉത്തരവുകളൊന്നും തന്നെ പുറപ്പെടുവിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിക്കുന്നു എന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞത്.
സിവില്‍ കോടതി നിര്‍ദേശപ്രകാരം ഗ്യാന്‍വാപി മസ്ജിദില്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് ഇന്നലെ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സീല്‍ ചെയ്തു നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ അഭിഭാഷകര്‍ പരാതിക്കാര്‍ക്കു നല്‍കിയത് ഇന്നലെ പുറത്തായിരുന്നു. ഇതിന്റെ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ല.
സൂചനകള്‍ അനുസരിച്ച് മസ്ജിദിനുള്ളിലെ തൂണുകളിലെ കൊത്തുപണികളില്‍ പുഷ്പങ്ങളും കലശവും കാണപ്പെട്ടു എന്നാണ് വിവരം. അടിത്തട്ടിലുള്ള തൂണുകളില്‍ പുരാതന ഹിന്ദി ലിപിയിലുള്ള എഴുത്തുകളുമുണ്ട്. അടിത്തട്ടിലെ ചുവരില്‍ തൃശൂലത്തിന്റെ ചിഹ്നവും വീഡിയോ സര്‍വേയില്‍ കണ്ടെത്തിയതായി പറയുന്നു. ഇതെല്ലാം ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണെന്നാണ് പരാതി നല്‍കിയവരുടെ അവകാശവാദം. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഇതിനെ എതിര്‍ക്കുന്നു. ശരീര ശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന കുളത്തില്‍ രണ്ടര മീറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയില്‍ ഒരു വസ്തു കണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതു ശിവലിംഗം ആണെന്നായിരുന്നു പരാതിക്കാരുടെ വാദം. എന്നാല്‍, ഇതൊരു ജലധാരയുടെ ഭാഗമാണെന്നാണ് മസ്ജിദ് കമ്മിറ്റി പറയുന്നത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് ഇത്തരത്തില്‍ പരസ്യമാക്കിയത് അപലപനീയമാണെന്നും മസ്ജിദ് കമ്മിറ്റി പ്രതികരിച്ചു. ആധികാരിത ഉറപ്പു വരുത്തിയിട്ടില്ല എന്ന മുന്നറിയിപ്പോടെ എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്.

 

Latest News