ന്യൂദല്‍ഹി- കാശി ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം കോടതി മുറികളിലെത്തിയിരിക്കെ നിലപാട് വ്യക്തമാക്കി ആര്‍.എസ്.എസ്. ചരിത്ര വസ്തുതകള്‍ സമൂഹത്തിന് മുന്നില്‍ ശരിയായ രീതിയില്‍ സ്ഥാപിക്കേണ്ട സമയമായെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയത്.
ഇപ്പോള്‍ ഗ്യാന്‍വാപിയുടെ പ്രശ്‌നം നടക്കുകയാണ്. ചില വസ്തുതകള്‍ പുറത്തുവരുന്നുണ്ട്. വസ്തുതകള്‍ പുറത്തുവരാന്‍ അനുവദിക്കുകയാണ് വേണ്ടത്. സത്യം എല്ലായ്‌പ്പോഴും പുറത്തുവരാനുള്ള വഴി സ്വയം കണ്ടെത്തും. എത്രനാള്‍ നിങ്ങള്‍ക്ക് അത് മറയ്ക്കാന്‍ കഴിയും? ചരിത്രപരമായ വസ്തുതകള്‍ സമൂഹത്തിന് മുന്നില്‍ ശരിയായ രീതിയില്‍ എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്- ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിനുള്ള ആര്‍.എസ്.എസ് പരിപാടിയായ ദേവ്രിഷി നാരദ് പത്രകര്‍ സമ്മാന്‍ സമരോഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മസ്ജിദ് സമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയ വിവരം അറിഞ്ഞപ്പോള്‍ താന്‍ വികാരാധീനനായെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സഹമന്ത്രി സഞ്ജീവ് ബല്യാന്‍ പറഞ്ഞു. ഗ്യാന്‍വാപി പ്രശ്‌നം നടക്കുമ്പോള്‍ താന്‍ വാരാണസിയിലായിരുന്നുവെന്നും നന്ദി നൂറ്റാണ്ടുകളായി ശിവനുവേണ്ടി കാത്തിരിക്കുകയാണെന്ന് ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ തന്റെ കണ്ണുകള്‍ ഈറനണിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.






