Sorry, you need to enable JavaScript to visit this website.

അധ്യാപകനെന്ന വ്യാജേന വിദ്യാര്‍ഥിയോട് അശ്ലീലഭാഷണം, പ്രവാസി പിടിയില്‍

മലപ്പുറം - ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അധ്യാപകരെന്ന വ്യാജേനെ വിദ്യാര്‍ഥികളെ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയില്‍ പ്രവാസിയായ യുവാവിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുല്‍ മനാഫിനെയാണ് മലപ്പുറം എസ്.പി സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം സ്‌റ്റേഷന്‍ പരിതിയിലെ ഏഴാം കഌസ് വിദ്യാര്‍ഥിയുടെ വീട്ടില്‍ വിളിച്ച് കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തുകയും
പഠനത്തില്‍ പുറകില്‍ നില്‍ക്കുന്ന കുട്ടിക്ക് പ്രത്യേകം ക്ലാസ് എടുക്കാനാണെന്ന് രക്ഷിതാവിനെ തെറ്റ് ധരിപ്പിക്കുകയും ചെയ്ത ശേഷം കുട്ടിയോട് അടച്ചിട്ട മുറിയില്‍ കയറാന്‍ ആവശ്യപ്പെട്ടു. പിന്നീട് യുവാവ് അശഌലമായ രീതിയില്‍ സംഭാഷണം തുടര്‍ന്നതോടെ കുട്ടി മാതാവിനോട് വിവരം പറയുകയുമായിരുന്നു. മാതാപിതാക്കള്‍ സ്‌കൂളുമായി ബന്ധപ്പെട്ടതോടെയാണ് സ്‌കൂളിലെ അധ്യാപകര്‍ അത്തരത്തില്‍ ക്ലാസ് എടുക്കുന്നില്ലെന്ന് മനസിലാവുന്നത്.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പോലീസിന് പരാതി നല്‍കുകയായിരുന്നു. മലപ്പുറം എസ്.പിയുടെ നിര്‍ദേശപ്രകാരം മലപ്പുറം സൈബര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ സൈബര്‍ കൊമിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്.

തുടര്‍ന്ന് ഇന്റര്‍നെറ്റ് കോള്‍ ഉപയോഗിച്ച് വിദേശത്ത് നിന്നാണ് ഇയാള്‍ വിദ്യാര്‍ത്ഥിക്ക് കോള്‍ ചെയ്തതെന്ന് കണ്ടെത്തുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പ്രതിയെ എയര്‍പോര്‍ട്ടില്‍ നിന്നാണ് ചങ്ങരംകുളം എസ്.ഐ ഖാലിദ്, സി.പി.ഒ ഭാഗ്യരാജ് എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ യുവാവ് പാലക്കാട് ജില്ലാ സൈബര്‍ പോലീസിലും സമാനമായ പരാതിയില്‍ പ്രതിയാണെന്ന് അന്വേഷണസംഘം പറഞ്ഞു. പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

 

Latest News