Sorry, you need to enable JavaScript to visit this website.

മരിച്ചവർക്കും കാൽനട യാത്രികർക്കും വരെ പിഴ; പരാതി നൽകാമെന്ന് ട്രാഫിക് വിഭാഗം

ജിദ്ദ- കാൽനട യാത്രികർക്കും വീടുകളിൽ ഉറങ്ങിക്കിടന്നവർക്കും ട്രാഫിക് പിഴ ഒടുക്കണമെന്ന സന്ദേശം ലഭിച്ചതായി പരാതി. എന്തിനധികം, മരിച്ചുപോയവർ പോലും ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് സന്ദേശം ലഭിച്ചതായും പരാതി ഉയർന്നു. ജനറൽ ട്രാഫിക് ഡയരക്ടറേറ്റ് നടപ്പാക്കിയ നിരീക്ഷണ ക്യാമറകളാണ് വില്ലനായിരിക്കുന്നത്. 3000 റിയാൽ വരെ പിഴ ലഭിച്ച നിരപരാധികളുണ്ടെന്ന് അൽമദീന പത്രം റിപ്പോർട്ട് ചെയ്തു. 
അഞ്ച് മാസം മുമ്പ് മരിച്ചുപോയ തന്റെ ഭർത്താവിന് സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന കാരണത്താൽ പിഴ ഒടുക്കണമെന്ന് നിർദേശിച്ചതായി ഹൈഫ അബ്ദുർറസാഖ് എന്ന യുവതി പറഞ്ഞു. 
ഭർത്താവ് മരിച്ചതിന് ശേഷം അദ്ദേഹം ഓടിച്ച വാഹനം വീടിന് മുൻവശത്ത് നിന്നും ഒന്ന് അനക്കിയിട്ട് പോലുമില്ലെന്നും അവർ പറഞ്ഞു. കൂടാതെ, റിയാദിലുള്ള വാഹനം എങ്ങനെയാണ് ജിദ്ദയിൽ നിയമ ലംഘനം നടത്തുകയെന്നും അവർ ചോദിച്ചു. ഇക്കാര്യം വിശദീകരിച്ചപ്പോൾ ട്രാഫിക് വിഭാഗത്തിൽനിന്ന് മറുപടി ഒന്നും ലഭിച്ചില്ലെന്നും ഹൈഫ പറഞ്ഞു. 
വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന സമയം അമിത വേഗതയിൽ കാറോടിച്ചു എന്ന് കാണിച്ച് തനിക്ക് 300 റിയാൽ പിഴ ഒടുക്കണമെന്ന സന്ദേശം ലഭിച്ചതായി മാജിദ് അൽകസീരി പറയുന്നു. നിയമ ലംഘനം രേഖപ്പെടുത്തിയ വെള്ളിയാഴ്ച താൻ വീട്ടിൽനിന്ന് പുറത്തിറങ്ങിയിട്ടേയില്ലെന്നും ഈ യുവാവ് വ്യക്തമാക്കി. 
ജിദ്ദയിലെ ശാരാ ഹിറാ റോഡിലെ ട്രാഫിക് വിഭാഗം ഓഫീസിൽ ഇക്കാര്യം ബോധിപ്പിക്കാൻ ചെന്ന തന്നോട് ആദ്യം പിഴയൊടുക്കാനും പിന്നീട് ആവലാതി പറയാനുമാണ് നിർദേശിച്ചത്. 
തിരക്ക് കാരണം തന്റെ ഭാഗം വിശദീകരിക്കാൻ പോലും അവസരം ലഭിച്ചില്ലെന്നും മാജിദ് അൽകസീരി പരിഭവിച്ചു. 
കനത്ത മഴയുള്ള ദിവസം തായിഫിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തനിക്ക് നമ്പർ പ്ലേറ്റ് ശരിയാംവണ്ണം പ്രദർശിപ്പിച്ചില്ല എന്ന കാരണത്താൽ പിഴ ലഭിച്ച കാര്യമാണ് നാദിർ അൽബദ്‌രിക്ക് പറയാനുണ്ടായിരുന്നത്. വാഹനം ആകെ ചെളിപുരണ്ട അവസ്ഥയിലായിരുന്നു. പ്രളയത്തിൽ ജീവൻ നഷ്ടപ്പെടാതിരുന്നത് മഹാഭാഗ്യമെന്ന് നിനച്ച സമയത്താണ് തനിക്ക് പറയാനുള്ളത് കേൾക്കാതെ ട്രാഫിക് ഉദ്യോഗസ്ഥൻ 1000 റിയാൽ പിഴ ശിക്ഷ രേഖപ്പെടുത്തിയതെന്നും നാദിർ പറഞ്ഞു.  
നിയമാനുസൃതം വാഹനം പാർക്ക് ചെയ്ത തനിക്ക് പാർക്കിംഗ് തെറ്റിച്ചുവെന്ന് കാണിച്ച് പിഴ ഒടുക്കണമെന്ന സന്ദേശം ലഭിച്ചതായി ഫഹദ് മുഹമ്മദ് എന്ന യുവാവും രംഗത്തു വന്നു. ജിദ്ദയിൽ ഹംദാനിയ്യ ഡിസ്ട്രിക്ടിലെ ഒരു ഹോട്ടലിന് മുമ്പിൽ പാർക്കിംഗ് അനുവദനീയമല്ലെന്ന രീതിയിൽ ഒരു ബോർഡും സ്ഥാപിച്ചിട്ടില്ലെന്ന കാര്യം വ്യക്തമാണ്. ഇക്കാര്യം വിശദീകരിക്കാൻ ചെന്ന തനിക്ക് ട്രാഫിക് വിഭാഗം ചെവി തന്നില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. 
വാഹനത്തിന് രൂപ വ്യത്യാസം വരുത്തിയെന്ന കാരണത്താൽ 300 റിയാൽ പിഴ ഒടുക്കാൻ നിർദേശം ലഭിച്ച സങ്കടം ഈസ അൽഉതൈബി എന്ന യുവാവും പ്രാദേശിക പത്രത്തോട് പങ്കുവെച്ചു. ജിദ്ദയിൽ താമസിക്കുന്ന തന്റെ മേൽ വടക്കൻ അതിർത്തി പ്രവിശ്യയിലെ അൽഹുഫൂഫ് ട്രാഫിക് വിഭാഗമാണ് പിഴ ചുമത്തിയതെന്നാണ് ആശ്ചര്യകരമെന്നും ഇദ്ദേഹം പറഞ്ഞു. ജീവിതത്തിൽ താൻ ഒരിക്കലും അവിടം സന്ദർശിച്ചിട്ടില്ലെന്നതാണ് വസ്തുതയെന്നും ഈസ അൽഉതൈബി കൂട്ടിച്ചേർത്തു. 
തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാൽ ട്രാഫിക് വിഭാഗം തങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നാണ് പരാതിക്കാരുടെ പൊതുവായ ആവശ്യം.
അതേസമയം ഗതാഗത നിയമ ലംഘനങ്ങളിൽ പരാതിയുള്ളവർക്ക് ഏത് സമയവും ബന്ധപ്പെടാമെന്ന് ട്രാഫിക് വിഭാഗം മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി അറിയിച്ചു. പരാതികൾ ശരിയാണെന്നോ തെറ്റാണെന്നോ പറയുന്നില്ല. എങ്കിലും ഏത് സമയത്തും അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ശ്രദ്ധ കൊടുക്കുന്നതിന് തങ്ങൾ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
തെറ്റായ രീതിയിൽ നിയമ ലംഘനം രജിസ്റ്റർ ചെയ്ത സംഭവത്തിൽ ഇരകളായവർക്ക് ജനറൽ ട്രാഫിക് ഡയരക്ടറേറ്റ് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് നിയമ വിദഗ്ധൻ സ്വാലിഹ് ബിൻ മസ്ഫർ അൽഗാംദി അഭിപ്രായപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പരാതിക്കാർക്ക് കോടതികളെ സമീപിക്കാൻ അവകാശമുണ്ടെന്നും ട്രാഫിക് നിയമത്തിലെ 38 ാം വകുപ്പ് ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

 

Latest News