Sorry, you need to enable JavaScript to visit this website.
Monday , August   08, 2022
Monday , August   08, 2022

ഇരുപത്തഞ്ചാം വാർഷികത്തിൽ, കുടുംബശ്രീ

കുടുംബശ്രീക്കകത്തെ രാഷ്ട്രീയ ആധിപത്യം അവസാനിപ്പിക്കണം. ഡിവൈഎഫ്‌ഐ യോഗത്തിൽ കസവുസാരിയും ചുറ്റി എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്ന സന്ദേശം പുറത്തുവന്ന് അധികം ദിവസമായില്ല. സങ്കുചിതമായ ഇത്തരം കക്ഷിരാഷ്ട്രീയത്തിലേക്കു പോകാതെ, മിഷൻ സ്‌റ്റേറ്റ്‌മെന്റിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടത്. ഒപ്പം ലിംഗനീതിക്കായുള്ള പ്രവർത്തനങ്ങളിൽ സജീവമാകുകയും സമൂഹത്തിൽ നടക്കുന്ന ജനകീയ മുന്നേറ്റങ്ങളോട് പരിമിതികൾക്കുള്ളിൽ നിന്നു തന്നെ സഹകരിക്കുകയുമാണ് വരും വർഷങ്ങളിൽ ചെയ്യേണ്ടത്. അപ്പോഴാണ് കേരളചരിത്രത്തെ മാറ്റിമറിക്കുന്ന സ്ത്രീമുന്നേറ്റമായി കുടുംബശ്രീക്ക് മാറാനാവുക. 

 

ജനാധിപത്യ - മനുഷ്യാവകാശങ്ങൾക്കായും വിവേചനങ്ങൾക്കും പീഡനങ്ങൾക്കുമെതിരേയും സമീപകാലത്ത് കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചരിത്രം പരിശോധിച്ചാൽ കാണാനാവുന്നത് അവയിലെ വൻ സ്ത്രീപങ്കാളിത്തമാണ്. പല പോരാട്ടങ്ങളെയും നയിക്കുന്നതും സ്ത്രീകൾ തന്നെ. അതിന്റെ സജീവമായ ഉദാഹരണമാണ് സിൽവർ ലൈനിനെതിരായ സമരം. സമരരംഗത്ത് സജീവമായ ആലുവയിലെ മരിയ ബാബു പറഞ്ഞത് സർക്കാർ സ്ത്രീകളെ ശാക്തീകരിക്കുകയാണ്, സിൽവർ ലൈനിനെതിരായ പ്രക്ഷോഭത്തിലൂടെയാണ് ഏതാനും മാസം മുമ്പുവരെ പത്തിരിയുണ്ടാക്കി വീട്ടിലിരുന്നിരുന്ന താൻ പ്രക്ഷോഭരംഗത്തിറങ്ങിയത്, പദ്ധതി ഉപേക്ഷിക്കാതെ ഇനി പിന്നോട്ടില്ല എന്നാണ്. അടുത്ത കാലത്ത് കേരളത്തിലെമ്പാടും നടക്കുന്ന ജനകീയ പോരാട്ടങ്ങളുടെയെല്ലാം മുഖ്യ ചാലകശക്തി സ്ത്രീകളാണ്. സദാചാര പോലീസിംഗിനും ലിംഗ വിവേചനത്തിനുമെതിരെ സമൂഹത്തിലും സാമൂഹ്യ മാധ്യമങ്ങളിലും പോരാടുന്നവർ പെൺകുട്ടികളാണ്. ഇരിപ്പു സമരം, നഴ്‌സ് സമരം, സിനിമാ മേഖലയിലെ സമരങ്ങൾ, മൂന്നാർ സമരം, കന്യാസ്ത്രീ സമരം, ചുംബന സമരം തുടങ്ങി സമീപകാലത്തു നടന്ന ചരിത്രം രചിച്ച സമരങ്ങളും നയിച്ചത് സ്ത്രീകൾ തന്നെ. ദളിത്, ആദിവാസി, മത്സ്യത്തൊഴിലാളി മേഖലകളിലെ സമരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. 

നിർഭാഗ്യമെന്നു പറയട്ടെ, നമ്മുടെ മുഖ്യധാര എന്നൊക്കെ വിശേഷിക്കപ്പെടുന്ന സമൂഹത്തിലും രാഷ്ട്രീയത്തിലും സാമൂഹ്യ - സാംസ്‌കാരിക മേഖലകളിലും സ്ഥിതി വ്യത്യസ്തമാണ്. അവിടെയെല്ലാം ഇപ്പോഴും നിലനിൽക്കുന്നത് അതിശക്തമായ പുരുഷാധിപത്യം തന്നെ. സംവരണം നടപ്പാക്കിയതിനാൽ മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം സ്ത്രീകളെത്തി എന്നു മാത്രം. മറിച്ച് നിയമസഭയിലെയും ലോക്‌സഭയിലെയും മറ്റും അവസ്ഥ അറിയാമല്ലോ. മമതയേയോ ജയലളിതയേയോ മായാവതിയേയോ സുഷമ സ്വരാജിനേയോ വൃന്ദാ കാരാട്ടിനേയോ പോലെയുള്ള ആരെങ്കിലും ഇവിടെയുണ്ടോ? അധികാരത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജില്ലാതല നേതൃത്വത്തിൽ പോലും സ്ത്രീകളില്ല. വനിതാ സംവരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും പാർട്ടിക്കുള്ളിൽ അതു നടപ്പാക്കാൻ ഇവരാരെങ്കിലും തയാറുണ്ടോ? തുടക്കത്തിൽ സൂചിപ്പിച്ച സ്ത്രീപോരാട്ടങ്ങളോട് മിക്കവാറും പ്രസ്ഥാനങ്ങളുടേത് നിഷേധാത്മക നിലപാടുകളാണ്. വനിത കമ്മീഷൻ ചെയർ പേഴ്‌സൻ പോലും പാർട്ടി താൽപര്യത്തിന് സ്ത്രീകളുടെ താൽപര്യങ്ങളേക്കാൾ പ്രാധാന്യം കൊടുക്കുന്നു.  ചെറിയ മാറ്റങ്ങളുണ്ടെന്നു സമ്മതിക്കുമ്പോഴും സമൂഹത്തിലെ പ്രധാന സ്ഥാപനങ്ങളിലെല്ലാം നിലനിൽക്കുന്നത് പുരുഷാധിപത്യ മൂല്യങ്ങൾ തന്നെ. കുടുംബം, മതം, പാർട്ടികൾ, സാംസ്‌കാരിക സംഘടനകൾ, സിനിമ, വിദ്യാലയം, ദേവാലയം, കാര്യാലയം എന്നിവിടങ്ങളെല്ലാം ഈ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന അവസ്ഥയിൽ തന്നെയാണിപ്പോഴും. അതുമായി ബന്ധപ്പെട്ട എത്രയോ ഉദാഹരണങ്ങൾ സമീപകാലത്തു തന്നെ ഉണ്ടായിട്ടുണ്ട്. സ്റ്റേജിലേക്ക് പെൺകുട്ടിയെ വിലക്കിയ മതമേധാവിയും അധ്യാപകന്റെ പീഡനം മറച്ചുവെച്ച സ്‌കൂൾ അധികൃതരും സ്ത്രീ പീഡനക്കേസിൽ ആരോപിതനായ വ്യക്തിയെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയ മുഖ്യമന്ത്രിയും നടിയെ പീഡിപ്പിച്ച താരത്തെ സംരക്ഷിക്കാനായി നടക്കുന്ന സംഘടിത നീക്കങ്ങളുമെല്ലാം നൽകുന്ന സന്ദേശം മറ്റെന്താണ്? ഇപ്പോഴും ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചു പഠിക്കാത്ത സ്‌കൂളുകളും ഒരു സീറ്റിലിരുന്ന യാത്ര ചെയ്യാത്ത ബസുകളും സ്ത്രീകൾക്ക് ഇരുട്ടിയാൽ പുറത്തിറങ്ങാനാവാത്ത തെരുവുകളുമില്ലാത്ത നാടാണല്ലോ കേരളം. 

ഇരുപത്തിയഞ്ചാം വാർഷികമാഘോഷിക്കുന്ന കുടുംബശ്രീയെ കുറിച്ച് എഴുതുന്നതിനു മുഖവുരയായാണ് ഇത്രയും എഴുതിയത്. ഒരുപക്ഷേ കേരള രൂപീകരണത്തിനു ശേഷം മുഖ്യധാരയിൽ ഉണ്ടായ ഏക സ്ത്രീ മുന്നേറ്റം കുടുംബശ്രീയും അതുമായി ബന്ധപ്പെട്ടും അതിനെ മാതൃകയാക്കിയുമുള്ള മറ്റു മുന്നേറ്റങ്ങളുമാണ്. സ്ത്രീകളെ വീട്ടകങ്ങളിൽ നിന്നു പുറത്തുകൊണ്ടുവരാനും ഐക്യപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും ഒരു പരിധിവരെ കുടുംബശ്രീക്കായിട്ടുണ്ട്. എന്നാൽ നിരവധി പരിമിതികൾ അതിനുണ്ട്. കുടുംബശ്രീക്ക് രൂപം നൽകുന്നതിൽ ഔദ്യോഗിക, രാഷ്ട്രീയ സംവിധാനങ്ങൾക്കു വലിയ പങ്കുണ്ടെങ്കിലും അവയുടെ നിയന്ത്രണം അതിരു കടക്കുന്നതാണ് പ്രധാന കാരണം. അതിനാൽ തന്നെ സ്ത്രീകൾ നേരിടുന്ന നിരവധി വിഷയങ്ങളിലും ലിംഗനീതിക്കായ പോരാട്ടങ്ങളിലും ഭാഗഭാക്കാകാൻ അതിനാകുന്നില്ല. നിരവധി മേഖലകളിൽ ഇന്നു കുടുംശ്രീ ഇടപെടുന്നു എന്നു പറയുമ്പോഴും വലിയൊരു ഭാഗം യൂനിറ്റുകളിൽ നടക്കുന്നത് ലോണുകളെടുക്കലും മറ്റു സാമ്പത്തിക ഇടപാടുകളും മാത്രമാണ്. സ്വന്തം ആവശ്യങ്ങൾ ഉന്നയിച്ചുപോലും കുടുംബശ്രീ സമരരംഗത്തിറങ്ങിയത് ഒരു തവണ മാത്രമാണ്.  2010 ലെ യു.ഡി.എഫ് സർക്കാർ കുടുംബശ്രീക്കുള്ള സഹായം വെട്ടിച്ചുരുക്കാനും തങ്ങളുടെ മുൻകൈയിൽ രൂപം കൊണ്ട ജനശ്രീയെ സഹായിക്കാനുള്ള നീക്കം നടത്തിയതിനെ തുടർന്നായിരുന്നു അത്. 
1998 മെയ് 17 ന് നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പത്തു വർഷം കൊണ്ട് ലക്ഷ്യം നേടിയോ എന്നതൊക്കെ വേറെ കാര്യം. അപ്പോഴും സ്ത്രീശാക്തീകരണത്തിന്റെ ദിശയിൽ വലിയ ഒരു മുന്നേറ്റത്തിന് കുടുംബശ്രീക്കായിട്ടുണ്ട്. 
ഒരു കൂട്ടം ഇല്ലായ്മകളുടെയും നിഷേധങ്ങളുടെയും ഫലമാണ് ദാരിദ്ര്യം എന്നതാണ് കുടുംബശ്രീയുടെ കാഴ്ചപ്പാട്. അതിനാൽ തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നു എക്കാലവും പുറന്തള്ളപ്പെട്ടവരും ദാരിദ്ര്യത്തിന്റെ തീക്ഷ്ണത നേരിട്ടനുഭവിച്ചറിഞ്ഞവരുമായ ദരിദ്ര വനിതകളുടെ ശാക്തീകരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന പ്രവർത്തന തന്ത്രത്തിലൂടെ ദരിദ്ര സ്ത്രീകളുടെ കാര്യശേഷിയിലും ആസൂത്രണ വൈഭവത്തിലും പൂർണവിശ്വാസം പുലർത്തി തികച്ചും സുതാര്യവും വികേന്ദ്രീകൃതവുമായ സമീപനമാണ് പദ്ധതിക്കുള്ളത്. ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴിൽ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ  വിപുലീകരണത്തിലൂടെയും വൈവിധ്യവൽക്കരണത്തിലൂടെയും ഇന്ന് സ്ത്രീജീവിതത്തിന്റെ സർവ മണ്ഡലങ്ങളെയും സ്പർശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളർന്നു പടർന്നിട്ടുണ്ട്. 43 ലക്ഷം കുടുംബങ്ങൾ അംഗമായ 2.65 ലക്ഷം അയൽക്കൂട്ടങ്ങൾ, 19,773 ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റികൾ, 1072 കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികൾ, 1381.15 കോടി രൂപയുടെ ലഘുസമ്പാദ്യം, 551.22 കോടി രൂപയുടെ വായ്പകൾ, പുറമെ ബാങ്ക് ലിങ്കേജ് വഴി പരസ്പര ജാമ്യത്തിലൂടെ 1140 കോടി രൂപയുടെ വായ്പ, 27,274 വ്യക്തിഗത സംരംഭകർ, 13,316 കൂട്ടുസംരംഭകർ, 2,25,600 വനിതാ കർഷകരുൾപ്പെട്ട 46,444 സംഘകൃഷി ഗ്രൂപ്പുകൾ, 54,000 ബാലസഭകൾ, 74 ഐ.റ്റി യൂനിറ്റുകൾ, മൂന്ന് കൺസോർഷ്യങ്ങൾ, പരിശീലനത്തിനായി 21 ട്രെയിനിംഗ് ഗ്രൂപ്പുകൾ എന്നിങ്ങനെ അതിന്റെ പട്ടിക നീളുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മ എന്നാണ് കുടുംബശ്രീയുടെ അവകാശവാദം.

ഉൽപാദന മേഖലയിൽ നിരവധി സംരംഭങ്ങൾ കുടുംബശ്രീയുടേതായി ഉണ്ടെങ്കിലും പ്രസ്ഥാനത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്താൽ അതു വളരെ കുറവാണ്. നിരവധി മേഖലകളിൽ ആരംഭിച്ച യൂനിറ്റുകൾ നഷ്ടം മൂലം നിർത്തിയ അനുഭവമാണുള്ളത്. ആ മേഖലയിലാണ് ഇനിയെങ്കിലും കുടുംബശ്രീ നേതൃത്വം ശ്രദ്ധിക്കേണ്ടത്. കൂട്ടായി ലോണെടുത്ത് സ്വന്തം കുടുംബ കാര്യങ്ങൾക്കായി ഉപയോഗിക്കുകയാണ് മിക്കയിടത്തും നടക്കുന്നത്. അതിനപ്പുറമുള്ള പ്രവർത്തനം നടക്കുന്നത് ചെറിയ മേഖലകളിൽ മാത്രമാണ്. അതാകട്ടെ, കൂടുതലും മാലിന്യ സംസ്‌കരണവും ഹോട്ടലുകളും മറ്റും. ഈയവസ്ഥ മാറണം. അതോടൊപ്പം കുടുംബശ്രീക്കകത്തെ രാഷ്ട്രീയ ആധിപത്യം അവസാനിപ്പിക്കണം. ഡിവൈഎഫ്‌ഐ യോഗത്തിൽ കസവുസാരിയും ചുറ്റി എല്ലാം കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്ന സന്ദേശം പുറത്തുവന്ന് അധികം ദിവസമായില്ല. സങ്കുചിതമായ ഇത്തരം കക്ഷിരാഷ്ട്രീയത്തിലേക്കു പോകാതെ, മിഷൻ സ്‌റ്റേറ്റ്‌മെന്റിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടത്. ഒപ്പം ലിംഗനീതിക്കായുള്ള പ്രവർത്തനങ്ങളിൽ സജീവമാകുകയും സമൂഹത്തിൽ നടക്കുന്ന ജനകീയ മുന്നേറ്റങ്ങളോട് പരിമിതികൾക്കുള്ളിൽ നിന്നു തന്നെ സഹകരിക്കുകയുമാണ് വരും വർഷങ്ങളിൽ ചെയ്യേണ്ടത്. അപ്പോഴാണ് കേരള ചരിത്രത്തെ മാറ്റിമറിക്കുന്ന സ്ത്രീമുന്നേറ്റമായി കുടുംബശ്രീക്ക് മാറാനാവുക. 

 

Latest News